ബെംഗളൂരുവിലേക്ക് പറക്കാന്‍ ഇസ്രായേല്‍ വിമാനങ്ങള്‍; ഒമാന്‍ കനിയണം, യാത്രാ സമയം കുറയും
എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിയതോടെ ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന യാത്ര അസാധ്യമാണ്. ഈ സാഹചര്യത്തില്‍ ഇസ്രായേലി വിമാന കമ്പനികള്‍ സര്‍വീസിന് ശ്രമിക്കുന്നുണ്ട്. നിലവില്‍ വളരെ ദൈര്‍ഘ്യമേറിയ വഴിയിലൂടെയാണ് സര്‍വീസ് സാധ്യമായുള്ളത്. സൗദി അറേബ്യയുടെ വ്യോമ പാത വഴിയായിരുന്നു എയര്‍ ഇന്ത്യയുടെ സര്‍വീസ്. എന്നാല്‍ ഗാസ യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇസ്രായേലി വിമാന കമ്പനികളായ എല്‍ അല്‍, അര്‍ക്കിയ എന്നിവയാണ് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ശ്രമിക്കുന്നത്. എന്നാല്‍ ഒമാന്റെ അനുമതിക്കായി ഇവര്‍ കാത്തിരിക്കുകയാണ്. നിലവില്‍ ഒമ്പത് മണിക്കൂര്‍ സമയം എടുത്തായിരുന്നു എയര്‍ ഇന്ത്യയുടെ സര്‍വീസ്. എന്നാല്‍ ഒമാന്റെ വ്യോമ പാത ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാല്‍ യാത്രാ സമയം ഏഴ് മണിക്കൂര്‍ ആയി കുറയും.

2025 ഡിസംബര്‍ വരെ എയര്‍ ഇന്ത്യ ഇസ്രായേല്‍ സര്‍വീസ് തുടങ്ങില്ല എന്നാണ് വിവരം. നേരത്തെ ഇന്ത്യയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് സൗദി അറേബ്യ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് വ്യോമ പാത തുറന്നുകൊടുത്തിരുന്നു. അതേസമയം, എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിയതോടെ ഇസ്രായേലിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനമില്ല. യുഎഇ വഴിയാണ് ഇസ്രായേലിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് രണ്ട് ഇസ്രായേലി വിമാന കമ്പനികള്‍ ഒമാന്റെ അനുമതി തേടിയിരിക്കുന്നത്. 2023ന്റെ തുടക്കത്തില്‍ ഇസ്രായേലി വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി നല്‍കുമെന്ന് ഒമാന്‍ പ്രഖ്യാപിച്ചിരുന്നു. വൈകാതെ സര്‍വീസ് തുടങ്ങുമെന്നും വാര്‍ത്തകള്‍ വന്നു. എന്നല്‍ ഒക്ടോബറില്‍ രാഷ്ട്രീയ ചിത്രം മാറിയതോടെ ഒമാന്‍ പിന്മാറി.
വിമാനങ്ങള്‍ എത്തുക ഈ വിമാനത്താവളങ്ങളില്‍
ഇന്ത്യയിലേക്ക് സര്‍വീസ് അനുമതി ഒമാന്‍ നല്‍കുകയാണെങ്കില്‍ ബെംഗളൂരു, ഗോവ, ഡല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനാണ് ഇസ്രായേലി കമ്പനികളുടെ നീക്കം. അര്‍ക്കിയ ഇക്കാര്യം ഇന്ത്യന്‍ അംബാസഡര്‍ ജെപി സിങുമായി ചര്‍ച്ച നടത്തി. ഒമാന്റെ അനുമതി ലഭിച്ചാല്‍ ഏഴ് മണിക്കൂറില്‍ ഇന്ത്യയിലെത്താം. അതോടെ സമയം കുറയുക മാത്രമല്ല, ചെലവും കുറയും. ടിക്കറ്റ് നിരക്കിലും മാറ്റം വരും.
നേരത്തെ ഇസ്രായേലി വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. കൊവിഡ് കാലത്താണ് ഇത് നിലച്ചുപോയത്. ഇന്ത്യ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇസ്രായേലി കമ്പനികള്‍ വഴി മാറ്റുകയായിരുന്നു. കൊച്ചിയിലേക്കും ഗോവയിലേക്കുമുള്ള സര്‍വീസ് അര്‍ക്കിയ നിര്‍ത്തിയത് 2023ലാണ്. ശേഷം കൊളംബോ സെക്ടറില്‍ സര്‍വീസ് തുടങ്ങിയെങ്കിലും ലാഭമില്ലാത്തതിനാല്‍ നിര്‍ത്തിവച്ചു.
ഒമാന്‍ അനുമതി നല്‍കിയാല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസില്‍ മാത്രമല്ല ലാഭം. വിയറ്റ്‌നാമിലേക്ക് ഒരു മണിക്കൂര്‍ ലാഭിക്കാന്‍ ഇസ്രായേലി വിമാനങ്ങള്‍ക്ക് സാധിക്കും. തായ്‌ലന്റിലേക്ക് രണ്ട് മണിക്കൂറും ലാഭിക്കാം. അതേസമയം, അടുത്ത ജനുവരിക്ക് ശേഷം എയര്‍ ഇന്ത്യ ഇസ്രായേല്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications