ക്രൂഡ് ഓയില്‍ വേണ്ട; ഇന്ത്യയും യുഎഇയും 1000 കോടി ഡോളർ വ്യാപാരത്തിലേക്ക്, 6 വർഷം മാത്രം മതി
ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുമായി ഏറ്റവും വലിയ ബന്ധം പുലർത്തുന്ന രാജ്യമാണ് യു എ ഇ. പരമ്പരാഗതമായി തന്നെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വ്യാപാരമുണ്ടെങ്കിലും ബന്ധം കൂടുതല്‍ ശക്തമാകുന്നത് ഇന്ത്യക്കാരുടെ ഗള്‍ഫ് കുടിയേറ്റത്തോടെയാണ്. ഇതോടൊപ്പം തന്നെ ആരംഭിച്ച മറ്റൊരു കാര്യമാണ് ക്രൂഡ് ഓയില്‍ വ്യാപാരവും.
ദീർഘകാലം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ നിർണ്ണായ വിഹിതം യു എ ഇക്കുണ്ടായിരുന്നു. അടുത്ത കാലത്തായി റഷ്യ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിയായി മാറിയപ്പോള്‍ യു എ ഇ വിഹിതം അല്‍പം ഇടിഞ്ഞെങ്കിലും ആദ്യ അഞ്ചില്‍ എപ്പോഴും അവർ സ്ഥാനം പിടിക്കുന്നു. അതായത് ഇന്ത്യ-യു എ ഇ വ്യാപാര ബന്ധത്തില്‍ നിർണ്ണായക വിഹിതം ഇപ്പോഴും ക്രൂഡ് ഓയിലാണ്. എന്നാല്‍ സമീപകാലത്ത് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ക്രൂഡ് ഓയില്‍ ഇതര വ്യാപാരവും കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്.

2030 ഓടെ യു എ ഇയും ഇന്ത്യയും തമ്മിലുള്ള ക്രൂഡ് ഓയില്‍ ഇതര വ്യാപാരം 100 മില്യൺ ഡോളറെന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നത്. യു എ ഇയിൽ നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (cepa) കീഴിലുള്ള സംയുക്ത സമിതിയുടെ രണ്ടാം യോഗത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അജയ് ഭാദൂവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. സാമ്പത്തിക മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ജുമാ അൽ കൈത്താണ് യു എ ഇ സംഘത്തെ നയിച്ചത്.
'സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവില്‍ വന്നതിന് പിന്നാലെയുള്ള ആദ്യ രണ്ട് വർഷങ്ങളില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാരത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തുകയും 2030-ന് മുമ്പ് 100 മില്യൺ ഡോളർ എണ്ണ ഇതര വ്യാപാരം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു' വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ ഇരു രാജ്യങ്ങളും വിപുലമായ ചർച്ചകള്‍ നടത്തിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. യു എ ഇയില്‍ നിന്നുള്ള കയറ്റുമതിക്കാർക്ക് കരാർ പ്രകാരമുള്ള ഇളവുകള്‍ ലഭിക്കുമെന്നത് ഉറപ്പാക്കാന്‍ ഉൽപ്പന്നങ്ങൾക്ക് താരിഫ് റേറ്റ് ക്വാട്ടകൾ (ടിആർക്യു) നടപ്പിലാക്കുന്നതായിരുന്നു രണ്ടാമത്തെ യോഗത്തിലെ പ്രധാന അജണ്ടയെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
അതോടൊപ്പം തന്നെ ദുബായിലെ ഇന്ത്യൻ ജ്വല്ലറി എക്‌സ്‌പോസിഷൻ സെൻ്ററിനെ ഒരു ഡെസിഗനേറ്റഡ് മേഖലയായി തരംതിരിക്കാനുള്ള അഭ്യർത്ഥന ഇന്ത്യ ആവർത്തിക്കുകയും ചെയ്തു. ഇതിലൂടെ ഇന്ത്യന്‍ ജ്വല്ലറി നിർമ്മാതാക്കള്‍ക്ക് തീരുവകളിലെ ഇളവ് പ്രയോജനപ്പെടുത്താനും സാധിക്കും.
ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ, അഭിഭാഷകർ, നഴ്‌സുമാർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് യു എ ഇയില്‍ ജോലി ചെയ്യാന്‍ പുതിയ സർട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന ഉടമ്പടി നിലവില്‍ വരേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ യോഗത്തില്‍ പറഞ്ഞു. യു എ ഇയിൽ നിന്നുള്ള വെള്ളി ഉൽപന്നങ്ങൾ, പ്ലാറ്റിനം, ഈത്തപ്പഴം എന്നിവയുടെ ഇറക്കുമതിയിൽ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ചും അവയുടെ ഗുണനിലവാരത്തെക്കുറിച്ചും ഇന്ത്യ യോഗത്തില് ചർച്ച ഉയർത്തി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2013-2014 ലെ 59.5 ബില്യൺ ഡോളറിൽ നിന്ന് 2023-2024 ൽ 83.6 ബില്യൺ ഡോളറായി വർധിച്ചുവെന്നതാണ് ഏറ്റവും പ്രധാന കാര്യം. അതേസമയം, നിലവിൽ യു എ ഇയിൽ നിന്നുള്ള ഇറക്കുമതിയുടെ മൂന്നിലൊന്നും പെട്രോളിയം ഉൽപന്നങ്ങളാണ്.












Click it and Unblock the Notifications