ഞൊടിയിടയില്‍ തടസം മാറ്റി സൗദി അറേബ്യ; ഇസ്രായേലികള്‍ ജിദ്ദയില്‍ ഇറങ്ങി... നന്ദിയോടെ നെതന്യാഹു
റിയാദ്: ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. ഏതാനും രാജ്യങ്ങള്‍ ഒഴിച്ച് എല്ലാ അറബ് രാഷ്ട്രങ്ങളും ഇസ്രായേലുമായി ഇപ്പോഴും അകന്നു കഴിയുകയാണ്. പലസ്തീന്‍ പ്രദേശം കൈയ്യേറുകയും അറബ് ജനതയെ കുടിയിറക്കുകയും ചെയ്തതാണ് ഈ അകല്‍ച്ചയ്ക്ക് കാരണം. സൗദി അറേബ്യയുമായി അടുക്കാന്‍ ഇസ്രായേല്‍ രഹസ്യ ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്തകളുണ്ട്.
ഈജിപ്തും ജോര്‍ദാനുമാണ് ആദ്യം ഇസ്രായേലുമായി അടുത്തത്. അടുത്തിടെ യുഎഇയും ബഹ്്‌റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചു. മറ്റ് അറബ് രാജ്യങ്ങളെല്ലാം ഇസ്രായേലുമായി ബന്ധത്തിന് തയ്യാറായിട്ടില്ല. പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ ബന്ധം സ്ഥാപിക്കൂ എന്നാണ് അവരുടെ നിലപാട്. ഈ അകല്‍ച്ചയ്ക്കിടയിലും സൗദി നല്‍കിയ ഇളവിന് നന്ദി പറഞ്ഞിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി.

ദ്വീപ് രാജ്യമായ സീഷെല്‍സില്‍ നിന്ന് ഇസ്രായേലികളുമായുള്ള വിമാനം ടെല്‍ അവീവിലേക്ക് വരികയായിരുന്നു. ചെങ്കടലിന് മുകളിലെത്തിയപ്പോള്‍ നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അടിയന്തര സാഹചര്യം വന്നപ്പോള്‍ ഉടന്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ടു. വിമാനം ജിദ്ദയില്‍ ഇറക്കാന്‍ സൗദി അനുമതി നല്‍കുകയായിരുന്നു.
128 യാത്രക്കാരാണ് ഇസ്രായേലിലേക്കുള്ള വിമാനത്തില്‍ ഉണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തിലെ ഹോട്ടലില്‍ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി. തുടര്‍ന്ന് എയര്‍ സീഷെല്‍സ് മറ്റൊരു വിമാനം തരപ്പെടുത്തി. ദുബായില്‍ നിന്ന് വിമാനം ജിദ്ദയിലെത്തുകയും കുടുങ്ങിയ യാത്രക്കാരുമായി ഇസ്രായേലിലേക്ക് പറക്കുകയും ചെയ്തു. സൗദികള്‍ മാന്യതയോടെയാണ് പെരുമാറിയതെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സൗദിയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ നേരത്തെ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് സൗദി ഭരണകൂടം അനുമതി നല്‍കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എയര്‍ ഇന്ത്യ വിമാനം സൗദി വ്യോമ പാതയിലൂടെയാണ് ഇസ്രായേലിലേക്ക് പോകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സൗദി നിയന്ത്രണം നീക്കിയത്.
വ്യോമ പാതയിലെ നിയന്ത്രണം നീക്കിയത് സൗദിയും ഇസ്രായേലും അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു. സൗദിയുമായി അടുക്കാന്‍ ഇസ്രായേലിന് താല്‍പ്പര്യമുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പലസ്തീന്‍ പ്രശ്‌ന പരിഹാരമാണ് ആദ്യം വേണ്ടത് എന്നാണ് സൗദിയുടെ ഇതുവരെയുള്ള പരസ്യനിലപാട്.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷ പരിഗണിച്ച് വിമാനം ഇറക്കാന്‍ അനുമതി നല്‍കിയ സൗദിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദിച്ചു. നന്ദി പ്രകടിപ്പിച്ച് അദ്ദേഹം വീഡിയോ സന്ദേശം പുറത്തുവിട്ടു. ഇസ്രായേലുമായി അടുക്കാനുള്ള ശ്രമത്തിനെതിരെ ലിബിയയില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചിരിക്കെയാണ് സൗദിയിലെ സംഭവം എന്നതും എടുത്തുപറയണം.












Click it and Unblock the Notifications