യുഎഇ സ്വര്‍ണം കൂറ്റന്‍ വിലയിലേക്ക്; കേരളത്തില്‍ നിന്ന് വാങ്ങുന്നതാണോ ലാഭം? രണ്ടിടത്തെയും വില
ദുബായ്: കേരളത്തില്‍ വന്‍തോതില്‍ സ്വര്‍ണവില ഉയരുമ്പോഴും പ്രവാസികള്‍ക്ക് പ്രതീക്ഷ യുഎഇ ആയിരുന്നു. എന്നാല്‍ യുഎഇയിലും സ്വര്‍ണവില കുതിക്കുകയാണ്. സ്വര്‍ണം അന്താരാഷ്ട്ര തലത്തില്‍ വിനിമയം ചെയ്യുന്ന ലോഹമായതിനാല്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെ വില മാറ്റം സംഭവിക്കും. നികുതി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളിലെ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടാകുക.
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് 2000 രൂപ വര്‍ധിച്ചു. ഗ്രാമിന് 250 രൂപയും. ഒരു ഗ്രാമിന് 9025 രൂപയും പവന് 72200 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7410 രൂപയായി ഉയര്‍ന്നിട്ടുണ്ട്. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കേരളത്തില്‍ സ്വര്‍ണം വില്‍പ്പന നടക്കുന്നത്. എന്നാല്‍ യുഎഇയിലെ വിലയും അതിവേഗം കൂടുകയാണ്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുന്നതാണ് ഒരു കാരണം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര പോര് ആണ് രണ്ടാമത്തെ കാരണം. ചൈനയും അമേരിക്കയും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കില്ല എന്ന സൂചനയാണ് വരുന്നത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധ സാധ്യതയാണ് മൂന്നാമത്തെ കാരണം.
ഇതിനെല്ലാം പുറമെ ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി, ഇസ്രായേല്‍-ഗാസ യുദ്ധം, റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയവയും സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണങ്ങളാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് നാളെ പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനം എടുക്കാന്‍ പോകുകയാണ്. ഇക്കാര്യത്തിലുള്ള ആശങ്കയും വിപണിയില്‍ ബാക്കിയാണ്.
യുഎഇയിലെ സ്വര്‍ണവില
യുഎഇയില്‍ സ്വര്‍ണത്തിന് ഇന്നലെ രേഖപ്പെടുത്തിയ വിലയേക്കാള്‍ ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. ഇന്നലെ 24 കാരറ്റിന് 399 ദിര്‍ഹമായിരുന്നു വില. ഇന്ന് രാവിലെ 405.25 ദിര്‍ഹമായി കൂടി. ഉച്ചയ്ക്ക് ശേഷം 406.75 ദിര്‍ഹമായി ഉയരുകയും ചെയ്തു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് രാവിലെ 375.25 ദിര്‍ഹവും ഉച്ചയ്ക്ക് ശേഷം 376.50 ദിര്‍ഹവുമാണ് വില. 21 കാരറ്റിന് ഏറ്റവും പുതിയ നിരക്ക് 361 ദിര്‍ഹവും 18 കാരറ്റിന് 309.50 ദിര്‍ഹവുമാണ് വില. ദുബായ് ഗോള്‍ ആന്റ് ജ്വല്ലറി ഗ്രൂപ്പിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസിലാണ് ഈ വിലവിവര പട്ടികയുള്ളത്.
രൂപയിലേക്ക് മാറ്റുമ്പോള്‍ യുഎഇ സ്വര്‍ണത്തിന്റെ ഗ്രാം വില എത്രയാണ് എന്ന് അറിയാമോ? 24 കാററ്റിന് 9334 രൂപയാകും. 22 കാരറ്റ് ഗ്രാമിന് 8640 രൂപ. 21 കാരറ്റ് ഗ്രാമിന് 8294 രൂപ. 18 കാരറ്റ് ഗ്രാമിന് 7103 രൂപയുമാണ് വരിക. രൂപ-ദിര്‍ഹം മൂല്യത്തിലുള്ള മാറ്റത്തിന് അനുസരിച്ച് നേരിയ വ്യതിയാനം വിലയിലുമുണ്ടാകും. അതായത്, യുഎഇയില്‍ വില കൂടി വരികയാണെങ്കിലും കേരളത്തില്‍ തന്നെയാണ് വില കൂടുതല്‍. ഉയര്‍ന്ന അളവില്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ വലിയ ലാഭം കിട്ടും.
എന്തുകൊണ്ട് ദുബായ് സ്വര്‍ണം?
കേരളത്തേക്കാള്‍ കൂടുതല്‍ ഡിസൈനുകളില്‍ ആഭരണങ്ങള്‍ കിട്ടുന്നത് യുഎഇയിലാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള മോഡലുകളും ദുബായ് മാര്‍ക്കറ്റില്‍ ലഭിക്കും. മാത്രമല്ല, കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പണിക്കൂലിയിലും കുറവുണ്ടാകും. ഇതെല്ലാമാണ് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
എന്നാല്‍ സ്ത്രീക്കും പുരുഷനും നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന് നികുതി ഒടുക്കേണ്ടി വരും.
കഴിഞ്ഞ ആഴ്ച സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇനിയും കുറയുമെന്ന പ്രചാരണവുമുണ്ടായിരുന്നു. എന്നാല്‍ ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിയാന്‍ തുടങ്ങിയതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിച്ചത്. വരുംദിവസങ്ങളിലും സ്വര്‍ണവില കൂടും എന്നുതന്നെയാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വലിയ തോതിലുള്ള ഇടിവ് ഇനി പ്രതീക്ഷിക്കേണ്ട എന്ന് ചുരുക്കം. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ആണ് നല്ലത്.












Click it and Unblock the Notifications