ഖത്തര്‍ എയര്‍വേയ്‌സ് സംഭവം തന്നെ!! എയര്‍ലിങ്കിന്റെ 25 ശതമാനം ഓഹരി വാങ്ങി... റുവാണ്ടയിലും ചര്‍ച്ച
ദോഹ: ലോകത്തെ പ്രധാന വിമാന കമ്പനികളില്‍ ഒന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിമാന കമ്പനി വ്യോമയാന മേഖലയിലെ മറ്റു അതികായരുമായുള്ള കടുത്ത മല്‍സരത്തിലാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും സര്‍വീസ് നടത്താന്‍ സാധിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി എല്ലാ ഭൂഖണ്ഡത്തിലേക്കും ഖത്തറില്‍ നിന്ന് സര്‍വീസുണ്ട് എന്നതും എടുത്തു പറയണം.
സര്‍വീസ് വിപുലീകരിക്കുന്നതോടൊപ്പം മറ്റു വിമാന കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലും മല്‍സര ബുദ്ധിയുണ്ട് ഖത്തര്‍ എയര്‍വേയ്‌സിന്. ലോകത്തെ പ്രധാന വിമാന കമ്പനികളില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഓഹരി പങ്കാളിത്തമുണ്ട്. അതിസമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ വരുന്ന ഖത്തറിന് മോഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ ശേഷിയുള്ള ആസ്തിയുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ നീക്കങ്ങള്‍ അറിയാം...

എയര്‍ലിങ്ക് വിമാന കമ്പനിയുടെ ഓഹരിയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഏറ്റവും ഒടുവില്‍ വാങ്ങിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയാണിത്. ആഫ്രിക്കയില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് ആലോചിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കരാര്‍. ഇരു വിമാന കമ്പനികള്‍ക്കും കരാര്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍, എയര്‍ലിങ്ക് മേധാവി റോഡ്ജര്‍ ഫോസ്റ്റര്‍ എന്നിവര്‍ ദോഹയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ കരാര്‍ സംബന്ധിച്ച് പരസ്യമാക്കിയത്. ഖത്തര്‍ എയര്‍വേയ്‌സ് ഓഹരി വാങ്ങുന്നതോടെ എയര്‍ലിങ്കിന്റെ പ്രവര്‍ത്തനം ആഫ്രിക്കയില്‍ വിപുലീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫോസ്റ്റര്‍. ചില റൂട്ടുകളില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാനും കമ്പനി ആലോചന തുടങ്ങിക്കഴിഞ്ഞു.
എത്ര കോടിയുടെ കരാറാണ് ഒപ്പുവച്ചത് എന്ന് ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. റഗുലേറ്ററി അനുമതി കൂടി ലഭിക്കുന്നതോടെ പുതിയ കരാര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നു ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. ഫോസ്റ്റര്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് എയര്‍ലിങ്ക് വിമാന കമ്പനി. 25 ശതമാനം ഓഹരി വാങ്ങുന്നതിലൂടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ 14ല്‍ രണ്ട് സീറ്റുകള്‍ ഖത്തര്‍ എയര്‍വേയ്‌സിന് ലഭിക്കും. 25 ശതമാനം വോട്ടിങ് അവകാശവും.
ഖത്തര്‍ എയര്‍വേയ്‌സിന് മറ്റു ഒട്ടേറെ വിമാന കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉടമകളായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പില്‍ പങ്കാളിത്തമുള്ള ഖത്തര്‍ എയര്‍വേയ്‌സ് ലാറ്റം എയര്‍ലൈന്‍സ്, കാത്തായ് പസഫിക് എയര്‍വേയ്‌സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളിലും പങ്കാളിത്തമുണ്ട്.
റുവാണ്ടന്‍ എയറിന്റെ ഓഹരികള്‍ വാങ്ങാനും ഖത്തര്‍ എയര്‍ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. റുവാണ്ടയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വലിയൊരു ഭാഗം ഓഹരികള്‍ ഖത്തര്‍ എയര്‍വേയ്‌സ് 2019ല്‍ സ്വന്തമാക്കിയിരുന്നു. ആഫ്രിക്കയിലെ 15 രാജ്യങ്ങളിലുള്ള 45 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് എയര്‍ലിങ്ക്. റുവാണ്ടന്‍ എയറും സമാന റൂട്ടിലാണ് പറക്കുന്നത്. രണ്ടിലെയും ഓഹരികള്‍ സ്വന്തമാകുന്നതോടെ റൂട്ടുകളില്‍ ഖത്തര്‍ എയര്‍വേയ്‌സ് മാറ്റം വരുത്തിയേക്കും. എയര്‍ലിങ്ക് കമ്പനിയില്‍ യുഎഇയുടെ എമിറേറ്റ്‌സിനും ഓഹരിയുണ്ട്.












Click it and Unblock the Notifications