സൗദി അറേബ്യയുടെ ആകാശത്ത് ടാക്‌സി പറക്കും; ആര്‍ച്ചര്‍ ഏവിയേഷന്‍ റെഡി, ജിദ്ദയിലും റിയാദിലും
റിയാദ്: സൗദി അറേബ്യയില്‍ എയര്‍ ടാക്‌സി വരുന്നു. യുഎഇയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങവെയാണ് സൗദിയിലും ആകാശ യാത്ര എളുപ്പമാക്കുന്നത്. നഗരങ്ങളില്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ്. സൗദിയുടെ കാലാവസ്ഥയ്ക്ക് അനിയോജ്യമായ വിധത്തിലുള്ള സര്‍വീസ് ആയിരിക്കും നടത്തുക. ഇതിന് വേണ്ടി പ്രത്യേക നിയമ ചട്ടക്കൂട് സൗദി തയ്യാറാക്കും.
അമേരിക്കയുടെ പ്രമുഖ വെര്‍ട്ടിക്കല്‍ എയര്‍ക്രാഫ്റ്റ് കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. റിയാദില്‍ നടന്ന ഉച്ചകോടിയില്‍ സൗദിയും അര്‍ച്ചര്‍ ഏവിയേഷനും ധാരണാപത്രം ഒപ്പുവച്ചു. എയര്‍ ടാക്‌സി വരുന്നതോടെ സൗദിയിലെ സഞ്ചാര മാര്‍ഗങ്ങള്‍ വലിയ രീതിയില്‍ മാറും. ജിദ്ദ, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടപ്പാക്കിയ ശേഷമാകും മറ്റു ഭാഗങ്ങളിലേക്ക് എയര്‍ ടാക്‌സി എത്തുക.

ആകാശ യാത്രയുടെ ഹബ്ബായി സൗദി നഗരങ്ങളെ മാറ്റുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. തടസം കൂടാതെയുള്ള യാത്ര ഒരുക്കലും ലക്ഷ്യമാണ്. സൗദിയും ആര്‍ച്ചര്‍ കമ്പനിയും ചേര്‍ന്നാണ് വെര്‍ട്ടിക്കല്‍ എയര്‍ക്രാഫ്റ്റിന് വേണ്ടിയുള്ള ചട്ടക്കൂട് തയ്യാറാക്കുക. അമേരിക്കന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ സുരക്ഷാ നിലവാരം പാലിച്ചാകും നടപടികള്‍.
പരീക്ഷണം, വിജയകരമായി നടപ്പാക്കല്‍, അടിസ്ഥാന സൗകര്യ അവലോകനം, ജനങ്ങളെ ബോധവല്‍ക്കരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ആര്‍ച്ചര്‍ ഏവിയേഷന്‍ സൗദിയുമായി സഹകരിക്കും. സാധാരണ വിമാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് എയര്‍ ടാക്‌സി. ആകാശത്തു കൂടെയുള്ള സര്‍വീസ് ആണെങ്കിലും ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും അധികം സ്ഥലം ആവശ്യമില്ല.
എയര്‍ ടാക്‌സിയുടെ നേട്ടം
കുത്തനെ ഉയരാനും ഇറങ്ങാനും സാധിക്കുമെന്നതിനാല്‍ അധികം സ്ഥലം എയര്‍ ടാക്‌സിക്ക് ആവശ്യമില്ല. വലിയ റണ്‍വേകളും വേണ്ട. കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. വളരെ ദൂരെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകില്ല. എന്നാല്‍ റോഡ് മാര്‍ഗം പോകുമ്പോള്‍ നേരിടുന്ന ട്രാഫിക് തടസങ്ങള്‍ ഒഴിവായി വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നത് നേട്ടമാണ്.
സൗദി അറേബ്യയില്‍ എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങിയാല്‍ ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കാണ് നേട്ടം ലഭിക്കുക. ജിദ്ദയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലും എത്തുന്നതിന് അധിക സമയം കളയേണ്ടി വരില്ല. ഗതാഗത രംഗത്ത് വലിയ വിപ്ലവത്തിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. ഇതുവഴി കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാമെന്നും സൗദി കരുതുന്നു.
യുഎഇയില്‍ അടുത്ത വര്‍ഷം എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണ പറക്കല്‍ നടത്തിക്കഴിഞ്ഞു. അമേരിക്കന്‍ കമ്പനിയായ ജോബി എവിയേഷനുമായി സഹകരിച്ചാണ് ദുബായില്‍ പദ്ധതി നടപ്പാക്കുന്നത്. ആര്‍ച്ചര്‍ ഏവിയേഷനുമായി സഹകരിച്ചാണ് അബുദാബിയില്‍ പദ്ധതി വരുന്നത്. കാറില്‍ 45 മിനുട്ട് യാത്ര ചെയ്യുന്ന ദൂരം 10 മിനുട്ടില്‍ എയര്‍ ടാക്‌സി വഴി എത്താം.












Click it and Unblock the Notifications