സൗദിയുടേയും യുഎഇടേയും ലാഭം കുത്തനെ ഇടിഞ്ഞു: ഇന്ത്യക്ക് നേട്ടം: പക്ഷെ ജനങ്ങള്‍ക്ക് ഗുണമില്ല
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപഭോഗമുള്ള രാജ്യങ്ങളില്‍ മൂന്നാമത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. സ്വന്തമായി വലിയ തോതില്‍ ഉത്പാദനം ഇല്ലാത്തത്തിനാല്‍ ആവശ്യമായ അളവിന്റെ 85 ശതമാനത്തളവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ വിദേശ വ്യാപാര തോത് കമ്മിയിലേക്ക് എത്തിക്കുന്നതിലും ക്രൂഡ് ഓയില്‍ ഇടപാട് പ്രധാന കാരണമാകുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് സൗദിയും യുഎഇയും അടക്കമുള്ള എണ്ണ ഉത്പാദക രാജ്യങ്ങളെ സംബന്ധിച്ച് വരുമാനത്തില്‍ കുറവ് ഉണ്ടാക്കുമെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ നല്‍കുന്ന ആശ്വാസം ചെറുതൊന്നും അല്ല.
ഇന്ത്യയുടെ ശരാശരി ക്രൂഡ് ഓയിൽ ഇറക്കുമതി വില ബാരലിന് 70 ഡോളറിന് താഴേക്ക് എത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. 2021 ഓഗസ്റ്റിനുശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു നിരക്കിലേക്ക് എത്തുന്നത്. ഒരു ഘട്ടത്തില്‍ ക്രൂഡ് ഓയില്‍ നിരക്ക് 65 ഡോളറിന് താഴേക്ക് വരെ എത്തി. ഇതോടെ രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ സജീവമായിരുന്നു. എന്നാല്‍ ഇതിന് പകരം ഏപ്രില്‍ 8 മുതല്‍ എക്സൈസ് ഡ്യൂട്ടിയില്‍ രണ്ട് രൂപയുടെ വർധനവ് വരുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ശരാശരി ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് ബാരലിന് 69.39 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 89.44 ഡോളറായിരുന്നു. അതായത് കഴിഞ്ഞ തവണത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആഗോള വളർച്ച ദുർബലമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വില ഇനിയും കുറയാൻ സാധ്യതയുണ്ട്.
താരിഫ് യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വ്യാപാര യുദ്ധത്തിന്റെ അപകടസാധ്യതകൾ വർദ്ധിക്കുകയും ഡിമാൻഡ് ചുരുങ്ങുകയും ചെയ്യുന്നതും വിലയിടിവിനും കാരണമാകുന്നു. 2025 ലെ ശേഷിക്കുന്ന കാലയളവിൽ ബ്രെന്റിന്റെ വില ശരാശരി 63 ഡോളറായിരിക്കുമെന്ന് ഗോൾഡ്മാൻ സാക്‌സിന്റെ പ്രവചനം. ഇതിനിടയില്‍ തന്നെയാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഈ വർഷവും അടുത്ത വർഷവും ആഗോള എണ്ണ ആവശ്യകതയിലുണ്ടാകുന്ന വളർച്ചാ പ്രവചനവും കുറച്ചിരിക്കുന്നത്. 2025 ലും 2026 ലും ഡിമാൻഡ് വളർച്ചാ പ്രവചനങ്ങൾ പ്രതിദിനം ഏകദേശം 100000 ബാരൽ എന്നതിലേക്കാണ് കുറച്ചിരിക്കുന്നത്.
എണ്ണവിലയിലെ ഇടിവ് എണ്ണക്കമ്പനികള്‍ക്കും വലിയ ലാഭമുണ് ഉണ്ടാക്കുന്നത്. എന്നിട്ടും രാജ്യത്തെ ഡീസല്‍, പെട്രോള്‍ വിലയില്‍ കുറവ് വരുത്തുന്നില്ല എന്നുള്ളത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
ഒരു വർഷം മുമ്പ്, അതായത് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാർച്ച് 15 നാണ് ഇതിന് മുമ്പ് രാജ്യത്തെ പെട്രോളിയം, ഡീസല്‍ വില കുറച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോക്തൃ വില ലിറ്ററിന് രണ്ട് രൂപ വീതമായിരുന്നു അന്ന് കുറച്ചത്.
ഒരു വർഷം മുമ്പ് എണ്ണ വില കുറയ്ക്കുമ്പോള്‍ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ശരാശരി ചെലവ് ബാരലിന് 84.49 ആയിരുന്നു. ഈ മാസത്തിന്റെ ആദ്യ രണ്ടാഴ്ചകളിൽ, ശരാശരി ഇറക്കുമതി ചെലവ് ബാരലിന് 69.39ഉം. അതായത് ഒരു വർഷം കൊണ്ട് ഇറക്കുമതി ചെലവില്‍ 17.87 ശതമാനത്തിന്റെ കുറവുണ്ടായിട്ടും അത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് പ്രധാനമായും വിമർശനങ്ങള്‍ക്ക് ഇടയാക്കുന്നത്.
നിലവില്‍ രാജ്യത്തെ ഇന്ധനവിലയില്‍ ഏകദേശം ഏകദേശം 60 ശതമാനം വരെ നികുതിയാണ്. ഇന്ത്യയില്‍ കേന്ദ്ര ഭരണപ്രദേശമായ ദാമൻ ദിയുവിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും വില കുറവെങ്കിൽ കൂടുതൽ ആന്ധ്രയിലാണ്. ഏകദേശം 21.9 രൂപയാണ് പെട്രോളിന്റെ കേന്ദ്ര നികുതി. ഡീസലിലേക്ക് വരുമ്പോള്‍ ഇത് 17.8 രൂപയാകുന്നു. കേരളത്തില്‍ പെട്രോളിന്റെ വിൽപന നികുതി 30.08 ശതമാനവും അഡീഷനൽ വിൽപന നികുതി 1 രൂപയും ഒരു ശതമാനം സെസും ഈടാക്കുന്നു. ഡീസല്‍ വിൽപന നികുതി 22.76 ശതമാനമാണ്. അഡീഷനൽ വിൽപന നികുതി 1 രൂപയും ഒരു ശതമാനം സെസും അതിനൊപ്പം സാമൂഹിക സുരക്ഷ സെസായി 2 രൂപയും ജനങ്ങളില്‍ നിന്നും ഈടാക്കുന്നു.












Click it and Unblock the Notifications