സൗദി അറേബ്യക്ക് പ്രത്യേക ഇളവ് നല്‍കി ഇന്ത്യ: കോടികള്‍ ഒഴുകും; നിക്ഷേപം കുന്നുകൂടും
സൗദി അറേബ്യയില്‍ ഇന്ത്യയിലേക്ക് വന്‍ തോതില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി ഇരു രാജ്യങ്ങളും നേരത്തെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ സൗദി അറേബ്യന്‍ സന്ദർശനം ഇതില്‍ നിർണ്ണായകമായിരുന്നു. ഇന്ത്യയില്‍ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന വിഷയത്തില്‍ നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വിശദമായ ചർച്ചയും നടന്നു.
സൗദി അറേബ്യയില്‍ നിന്നും വന്‍ നിക്ഷേപം വരുമെന്ന കാര്യം ഉറപ്പായെങ്കിലും ഒറ്റ കമ്പനിയിലേക്ക് പത്ത് ശതമാനമെന്ന നിയന്ത്രണമുള്‍പ്പടെ നിരവധി വെല്ലുവിളികള്‍ സോവറിന്‍ ഫണ്ടുകളുടെ നിക്ഷേപത്തിന് ഉണ്ടായിരുന്നു. സോവറിന്‍ ഫണ്ടുകളുടെ സഹസ്ഥാപകനങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ പരിമിധിയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നെല്ലാം സൗദി അറേബ്യക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിലേക്ക് ദീർഘകാല മൂലധന നിക്ഷേപം ആകർഷിക്കുന്നതിനും ഇന്ത്യ-സൗദി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇന്ത്യ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തില്‍ ഇരു രാജ്യങ്ങളും ഊർജ്ജം, അടിസ്ഥാന സൗകര്യം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ധാരണയിലെത്തിയിരുന്നു.
ഇൻകം ടാക്‌സ് ആക്ടിന്റെ സെക്ഷൻ 10(23FE) പ്രകാരം, സോവറിൻ വെൽത്ത് ഫണ്ടുകൾക്ക് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളിൽ നിന്നുള്ള ഡിവിഡന്റ്, പലിശ, ദീർഘകാല മൂലധന നേട്ടങ്ങൾ (LTCG) എന്നിവയിൽ നിന്ന് നികുതി ഇളവ് ലഭിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, സെക്ഷൻ 80IA പ്രകാരമുള്ള ആനുകൂല്യങ്ങളും PIF-ന് ലഭ്യമാകും, ഇത് നിക്ഷേപ പ്രക്രിയ കൂടുതൽ ലളിതമാക്കും.
നിലവിലെ നിയന്ത്രണങ്ങളില്‍ നിന്നും സൗദി അറേബ്യക്ക് ഇളവ് ലഭിക്കുന്നതോടെ സോവറിന്‍ ഫണ്ടുകളുടെ വിവിധ ശാഖകള്‍ക്ക് 10% പരിധി ലംഘിക്കാതെ സ്വതന്ത്രമായി ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ കഴിയും. ഇതോടെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ സൗദി അറേബ്യന്‍ നിക്ഷേപം എത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫൈസൽ ബിൻ അബ്ദുൽഅസീസ് അൽസൗദ് രാജാവിന്റെ നേതൃത്വത്തിൽ, സൗദി സർക്കാർ വിവിധ നിക്ഷേപങ്ങൾ നടത്തുന്നതിനായി 1971-ലാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടുകളിൽ ഒന്നായ സൗദി സോവറിൻ വെൽത്ത് ഫണ്ട് ഏകദേശം 925 ബില്യൺ ഡോളറിന്റെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്.
എന്നിരുന്നാലും, ഇന്ത്യയിലെ അവരുടെ നിക്ഷേപം നിലവിൽ പരിമിതമാണ്. 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോംസിലും 1.3 ബില്യൺ ഡോളർ റിലയൻസ് റീട്ടെയ്‌ലിലും സൗദി നടത്തിയിരുന്നു. എന്നാല്‍ ഇളവുകളുടെ സാഹചര്യത്തില്‍ ഊർജ്ജം, പെട്രോകെമിക്കൽ, അടിസ്ഥാന സൗകര്യം, ടെക്നോളജി, ഫിന്‍ടെക്, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം തുടങ്ങിയ മേഖലകളിൽ സൗദിയുടെ വലിയ നിക്ഷേപം വന്നേക്കും.
വിദേശ നിക്ഷേത്തില്‍ സൗദി അറേബ്യക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി, രാജ്യം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് വൈവിധ്യവത്കരിക്കാനുള്ള ശ്രമം രാജ്യം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇന്ത്യ പോലുള്ള അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നത് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഇന്ത്യയാകട്ടെ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരൻ എന്ന നിലയിൽ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ദീർഘകാല മൂലധനം ആകർഷിക്കാനും ശ്രമിക്കുന്നു. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരോ സൗദി അറേബ്യന്‍ അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.












Click it and Unblock the Notifications