സൗദി അറേബ്യക്ക് കണ്ണീർ തന്നെ; ക്രൂഡ് ഓയിലില്‍ കോളടിച്ചത് റഷ്യക്ക്; 10 മാസത്തിലെ ഏറ്റവും ഉയർന്ന അളവ്
ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി മേയ് മാസത്തിൽ പ്രതിദിനം ഏകദേശം 18 ലക്ഷം ബാരലിലേക്ക് എത്തിയേക്കും. ഇത് കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരിക്കുമെന്നാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റയായ കെപ്ലർ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികൾ റഷ്യയിൽ നിന്നുള്ള ലൈറ്റർ ഗ്രേഡായ ഇ എസ് പി ഒ ബ്ലെൻഡിന്റെ വാങ്ങൽ വർദ്ധിപ്പിച്ചതാണ് ഇറക്കുമതിയിലെ വർധനവിന്റെ പ്രധാനകാരണം.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയിൽ ഈ ഡിമാൻഡ് ജൂലൈ വരെ തുടരുമെന്നും വ്യാപാരികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച മാത്രം ഇന്ത്യൻ റിഫൈനറികൾ ജൂണിലേക്കായി ഇ എസ് പി ഒ ക്രൂഡിന്റെ 10-ലധികം കാർഗോകൾ ഓർഡർ ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുമുള്ള വർദ്ധിച്ച ഈ ഡിമാൻഡ്, റഷ്യയുടെ "ഷാഡോ ഫ്ലീറ്റ്" എണ്ണ ടാങ്കറുകൾക്കും അനുബന്ധ ധനകാര്യ സ്ഥാപനങ്ങൾക്കുമെതിരെ യൂറോപ്യൻ യൂണിയനും യുകെയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനിരിക്കേയുമാണ് ഉയർന്നിരിക്കുന്നത്. ഉപരോധം ശക്തമാകുകയാണെങ്കില്‍ ഇറക്കുമതികളില്‍ വലിയ പ്രതിസന്ധി നേരിട്ടേക്കും.
റിലയൻസ് ഇൻഡസ്ട്രീസ്, എം ആർ പി എല്‍ തുടങ്ങിയ പ്രമുഖ ഇന്ത്യൻ റിഫൈനറികളില്‍ ലൈറ്റ് ക്രൂഡ് ഫീഡ്സ്റ്റോക്കിന്റെ ആവശ്യകത വർദ്ധിച്ചിട്ടുണ്ടെന്നാണ് റിസ്റ്റാഡ് എനർജിയിലെ മുതിർന്ന എണ്ണ വിശകലന വിദഗ്ധനായ ജയ് ഷാ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഇ എസ് പിഎ ബ്ലെൻഡിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കാൻ കാരണമായി. റിലയൻസ് ഇൻഡസ്ട്രീസ് ഉപയോഗിക്കുന്ന സിക്കാ തുറമുഖത്തേക്ക് എത്തുന്ന നിരവധി കാർഗോകൾ, റോസ്നെഫ്റ്റുമായുള്ള ദീർഘകാല കരാറിന്റെ ഭാഗമാണെന്നും, ഈ വർഷം തുടക്കം മുതൽ ഇറുക്കുമതി വലിയ തോതില്‍ വർദ്ധിച്ചതായും ഷാ ചൂണ്ടിക്കാട്ടി.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ ഉപരോധിത ക്രൂഡ് വാങ്ങുന്നത് ഒഴിവാക്കുന്നതും, ചൈനയിലെ സ്വതന്ത്ര റിഫൈനറികൾക്ക് ക്വോട്ട പരിമിതികൾ നേരിടുന്നതും കൂടുതൽ ക്രൂഡ് ബാരലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കാരണമായതായി വിപണി വിശകലന വിദഗ്ധർ പറയുന്നു.
ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം, ഇറാഖ് (19.1%) രണ്ടാം സ്ഥാനവും സൗദി അറേബ്യ (10.4%) മൂന്നാം സ്ഥാനവും നിലനിർത്തുന്നു. റഷ്യയിൽനിന്നും ഇറാഖിൽനിന്നുമുള്ള എണ്ണ ഇറക്കുമതിയിൽ വർധനവുണ്ടായപ്പോൾ, സൗദി അറേബ്യയും യു.എ.ഇയും മാർച്ചിനെ അപേക്ഷിച്ച് ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിലിലെ കണക്കുകൾ പ്രകാരം, യു എ ഇ യെ മറികടന്ന് യു എസ് ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി മാറിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യു എസ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം ഏപ്രിലിൽ ഏകദേശം ഇരട്ടിയാക്കി, അതായത് പ്രതിദിനം 0.33 ദശലക്ഷം ബാരലുകളായി ഉയർന്നു. മാർച്ചിൽ ഇത് 0.24 ദശലക്ഷം ബാരലുകളും മുൻവർഷം ഇതേ കാലയളവിൽ 0.17 ദശലക്ഷം ബാരലുകളുമായിരുന്നു. ഏപ്രിലിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 7.3 ശതമാനം വിഹിതം യു എസ് നേടി. യു എ ഇയുടെ വിഹിതം 6.4 ശതമാനമാണ്.
2020-ൽ യു.എസ്. ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായിരുന്നെങ്കിലും പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. റഷ്യയുടെ ശക്തമായ കടന്നുവരവ് യു എസ് ഉൾപ്പെടെയുള്ള മറ്റ് വിതരണക്കാർക്ക് തിരിച്ചടിയായി. യു എസ് , മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന എണ്ണ വിതരണം ഇന്ത്യയുടെ എണ്ണ സുരക്ഷയെ ശക്തിപ്പെടുത്തുന്നു. 2024-ൽ യു എസ് എണ്ണ കയറ്റുമതി പ്രതിദിനം 4.1 ദശലക്ഷം ബാരലുകളെന്ന റെക്കോർഡിലെത്തിയതും ഇന്ത്യയുടെ തന്ത്രപരമായ വൈവിധ്യവൽക്കരണവും ഈ മാറ്റത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications