പണം മങ്ങി സൗദി അറേബ്യ; സ്വയം കുഴി തോണ്ടുന്ന തീരുമാനം, അരാംകോയുടെ ലാഭം ഇടിഞ്ഞു
റിയാദ്: ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. ഈ രാജ്യത്തിന്റെ എണ്ണ കമ്പനിയാണ് അരാംകോ. എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണിത്. യഥേഷ്ടം എണ്ണയുള്ള സൗദിയുടെ സാമ്പത്തിക രംഗം പ്രധാനമായും നിലനില്‍ക്കുന്നത് ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. എന്നാല്‍ അടുത്തിടെ കാര്യങ്ങള്‍ തകിടം മറിയുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
അരാംകോയുടെ ലാഭം കുറഞ്ഞുവരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യപാദത്തിലെ ലാഭ വിവരം പുറത്തുവന്നപ്പോള്‍ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയും ലാഭം ഇത്തവണയില്ല. എണ്ണ വരുമാനം കുറയുന്നത് സൗദിയുടെ ബജറ്റ് ലക്ഷ്യങ്ങള്‍ നേടുന്നതിന് തിരിച്ചടിയാകും. സൗദിയുടെ പുതിയ തീരുമാനം ഇനിയും ലാഭം കുറയ്ക്കുമോ എന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

പാദവാര്‍ഷികത്തില്‍ സൗദി അരാംകോയുടെ വരുമാനം 108.1 ബില്യണ്‍ ഡോളര്‍ ആണ് എന്ന് റിയാദ് തദവുല്‍ ഓഹരി വിപണിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാഭം 26 ബില്യണ്‍ ഡോളറും. കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളിലെ കണക്കുകളില്‍ വരുമാനം ഇതിനേക്കാള്‍ കുറവായിരുന്നു എങ്കിലും ലാഭം കൂടുതലായിരുന്നു. അതായത്, 107.2 ബില്യണ്‍ ഡോളര്‍ ആയിരുന്നു വരുമാനം. ലാഭം 27.2 ബില്യണ്‍ ഡോളറും.
അരാംകോ ഓഹരി വില ഇടിഞ്ഞു
കഴിഞ്ഞ വ്യാഴാഴ്ച അരാംകോയുടെ ഓഹരി വില രേഖപ്പെടുത്തിയത് ആറ് ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് എട്ട് ഡോളര്‍ ആയിരുന്നു. എണ്ണവിലയില്‍ കുറവ് വന്നതാണ് ഓഹരി മൂല്യം ഇടിയാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലായിരുന്നു വില. ഇപ്പോള്‍ 63 ഡോളറായി താഴ്ന്നിട്ടുണ്ട്. ഇത് തന്നെയാണ് സൗദിയുടെ വരുമാനം കുറയാനുള്ള പ്രധാന കാരണവും.
അടുത്തിടെ എടുത്ത തീരുമാനം സൗദി അറേബ്യയ്ക്ക് തന്നെ തിരിച്ചടിയാകുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. അതായത്, വിപണിയില്‍ ഓരോ ദിവസവും 4.11 ലക്ഷം ബാരല്‍ എണ്ണ അധികമായി എത്താന്‍ പോകുകയാണ്. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിയാല്‍ വീണ്ടും വില കുറയാന്‍ ഇടയാക്കും.
സ്വയം കുഴി തോണ്ടുന്നോ?
സ്വയം കുഴി തോണ്ടുന്ന തീരുമാനമാണോ സൗദി അറേബ്യ എടുത്തിരിക്കുന്നത് എന്ന സംശയം സ്വാഭാവികമായും ഉയരാം. സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന എട്ട് ഒപെക് രാജ്യങ്ങളാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. എല്ലാ രാജ്യങ്ങളും അവര്‍ക്ക് അനുവദിച്ച ഉല്‍പ്പാദന ക്വാട്ടയുടെ പരമാവധി ഇനി മുതല്‍ ഉല്‍പ്പാദിപ്പിക്കും. ഇറാഖും കസാഖിസ്താനും ക്വാട്ട ലംഘിച്ച് ഉല്‍പ്പാദനം നടത്തിയത് സൗദിയെ ചൊടിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.
ക്രൂഡ് ഓയില്‍ വില ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് സൗദി അറേബ്യയ്ക്ക് അവരുടെ ബജറ്റ് പദ്ധതികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുക. എന്നാല്‍ ഇപ്പോള്‍ 63 ഡോളറിലാണുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്ക നടത്തുന്ന താരിഫ് പോര് എണ്ണ വിപണിയിലും ഇളക്കം തട്ടിച്ചിട്ടുണ്ട്. അതായത്, ഇനിയും വില കുറയാന്‍ കാരണമാകുന്ന നീക്കമാണ് അമേരിക്ക നടത്തുന്നത്. ഇതെല്ലാം അരാംകോയുടെ ലാഭം ഇനിയും താഴ്ത്തുമെന്ന് ചുരുക്കം.
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മൂന്നാം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം. അതേസമയം, ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില കൂട്ടാന്‍ സൗദി അരാംകോ തീരുമാനിച്ചത് അടുത്തിടെയാണ്. അമേരിക്ക, യൂറോപ്പ് എന്നിവര്‍ക്ക് നല്‍കുന്ന എണ്ണയുടെ വില അരാംകോ കൂട്ടിയിട്ടില്ല എന്നതും എടുത്തു പറയണം.












Click it and Unblock the Notifications