സൗദി അറേബ്യ പൊളിയാണ്; യുഎഇക്ക് പോലുമില്ല ഈ നേട്ടം: ലോകത്തെ ഏറ്റവും വിശ്വസനീയമായ ഭരണകൂടം
റിയാദ്: സ്വന്തം പൗരൻമാർക്കായാലും ജോലിക്കെത്തുന്ന വിദേശികള്‍ക്കായാലും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു സർക്കാറാണ് സൗദി അറേബ്യയിലേത്. രാജ്യത്തിനായി ഒട്ടനവധി വികസന പ്രവർത്തനങ്ങളും ഭരണകൂടം പ്രാവർത്തികമാക്കി വരുന്നു. രാജഭരണകൂടം എതിർശബ്ദങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്രത്തിനും ഇടം നല്‍കുന്നില്ലെന്ന വിമർശനവും മറുവശത്തുണ്ട്. അങ്ങനെയാണെങ്കിലും ലോകത്തിലെ വിശ്വസനീയമായ സർക്കാർ സൗദി അറേബ്യയുടേതാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.
2025 ലെ എഡൽമാൻ ട്രസ്റ്റ് ബാരോമീറ്ററിൽ 87 ശതമാനം റേറ്റിങ് നേടിയാണ് സൗദി അറേബ്യ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സർക്കാരുള്ള രാജ്യമായി മാറിയിരിക്കുന്നത്. സ്ഥാപനപരമായ സ്ഥിരത, ഭരണ പരിഷ്കാരങ്ങൾ, ദീർഘവീക്ഷണത്തോടെ നടപ്പിലാക്കുന്ന വിഷൻ 2030 തുടങ്ങിയ വിവിധ ഘടകങ്ങളിലൂടെ പൊതുജനവിശ്വാസം വളർത്തുന്നതിൽ രാജ്യം വലിയ തോതില്‍ മുന്നേറിയെന്നാണ് പുതിയ റാങ്കിങ് വ്യക്തമാക്കുന്നത്.

ഗവൺമെന്റിന്റെ വിശ്വാസത്തിനപ്പുറം, ഭാവി സംബന്ധിച്ച പ്രതീക്ഷകളിലും സൗദി അറേബ്യ ഏറെ മുന്നിലാണ്. 69 ശതമാനം പൗരന്മാരും രാജ്യത്തെ അടുത്ത തലമുറ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും എന്ന് സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു. മറ്റ് മിക്ക രാജ്യങ്ങളിലും 50 ശതമാനത്തില്‍ താഴെ മാത്രം ആളുകളാണ് ഭാവിയെ സംബന്ധിച്ചുള്ള ശുഭ പ്രതീക്ഷ പങ്കുവെക്കുന്നുള്ളു.
എഡൽമാൻ ട്രസ്റ്റ് ബാരോമീറ്ററിൽ 83 ശതമാനം പോയിന്റ് നേടി ചൈനയാണ് റാങ്കിങില്‍ രണ്ടാമതുള്ളത്. 82 പോയിന്റുമായി യു എ ഇയും 79 പോയിന്റുമായി ഇന്ത്യയും മൂന്നും നാലും സ്ഥാനങ്ങളിലുണ്ടെന്നാണ് ശ്രദ്ധേയം. സിങ്കപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ, തായിലന്‍ഡ്, നെതർലന്‍ഡ്സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. അമേരിക്ക, യുകെ, ജർമ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍, ബിസിനസ്സ്, മാധ്യമങ്ങള്‍, എന്‍ജിഒകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം അളക്കുന്ന എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ കഴിഞ്ഞ 25 വർഷമായി ഈ മേഖലയില്‍ പ്രവർത്തിച്ച് വരുന്നു. 2024 ഒക്ടോബർ 25 മുതൽ നവംബർ 16 വരെ 28 രാജ്യങ്ങളിലായി 33000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സ്ഥാപനം സർവ്വെ നടത്തിയത്.
അതേസമയം, 2024 ലെ നാലാം പാദത്തിലെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദന (GDP) ത്തില്‍ സൗദി അറേബ്യ വലിയ മുന്നേറ്റമുണ്ടാക്കിയെന്ന റിപ്പോർട്ടും അടുത്തിടെ പുറത്ത് വന്നിരുന്നു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാന്‍ അറബ് രാഷ്ട്രത്തിന് സാധിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കൂടിയായിരുന്നു ഇത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തി വരുന്ന വൈവിധ്യവത്കരണമാണ് ഇതിലേക്ക് നയിച്ച പ്രധാന ഘടകം.












Click it and Unblock the Notifications