സൗദി അരാംകോ തീരുമാനിച്ചുറപ്പിച്ചു: ഇന്ത്യക്ക് വന്‍ ആശ്വാസം, ക്രൂഡ് ഓയില്‍ ഒഴുകും, പക്ഷെ യൂറോപ്പ് വിയർക്കും
അമേരിക്കയില്‍ ട്രംപ് അടുത്ത പ്രസിഡന്റാകുമെന്ന് ഉറപ്പായതിന് പിന്നാല് അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.98% താഴ്ന്ന് 74.79 ഡോളറിലും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 70.89 ഡോളറിലുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില്‍പ്പന. യു എസിലെ എണ്ണ ഉല്‍പാദനം വർധിപ്പിക്കാന്‍ ട്രംപ് തീവ്രശ്രമം നടത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിലയിടിവ്.
ലോകത്തിലെ ഏറ്റവും വലിയ ഉണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്ന് എന്ന നിലയില്‍ എണ്ണയിലെ ഒരോ ഇടിവും ഇന്ത്യക്ക് ആശ്വാസമാണ്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവിനൊപ്പം തന്നെയാണ് ഇന്ത്യക്ക് ആശ്വാസമാകുന്ന ഒരു തീരുമാനം സൗദി അറേബ്യയില്‍ വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യ ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും ഉപഭോക്താക്കൾക്ക് നല്‍കുന്ന എണ്ണയുടെ വില കുറച്ചിരിക്കുകയാണ്. ഡിസംബർ മുതല്‍ നിരക്കിളവ് പ്രാബല്യത്തില്‍ വരും.

ക്രൂഡ് ഓയില്‍ ഉൽപ്പാദന നിയന്ത്രണം ഒരു മാസത്തേക്ക് നീട്ടിവെക്കുന്നതായി ഒപെക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ സൗദി അരാംകോ പുതിയ വിലനിർണ്ണയ പട്ടിക പുറത്തിറക്കിയത്. പുതിയ നിരക്ക് അനുസരിച്ച്, അരാംകോ തങ്ങളുടെ മുൻനിര ഉല്‍പന്നമായ അറബ് ലൈറ്റ് ക്രൂഡിന് പ്രാദേശിക ബെഞ്ച്മാർക്ക് വിലയേക്കാൾ ബാരലിന് 1.70 ഡോളറിൻ്റെ പ്രീമിയത്തിലായിരിക്കും ഇന്ത്യ ഉള്‍പ്പെടേയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുക.
നവംബറിലെ പ്രീമിയമായ 2.20 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 50 സെൻറാണ് ഇത്തവണ കുറച്ചിരിക്കുന്നത്. അറബ് ലൈറ്റ് ക്രൂഡിന് പുറമെ വെരി ലൈറ്റ് ആൻഡ് എക്‌സ്‌ട്രാ ലൈറ്റ് അറബ് ക്രൂഡിൻ്റെ ഔദ്യോഗിക വിൽപ്പന വില ഡിസംബറിൽ ബാരലിന് 50 സെൻ്റും കുറച്ചു. അതേസമയം മീഡിയം, ഹെവി അറബ് ക്രൂഡ് എന്നിവയുടെ ഔദ്യോഗിക വിൽപ്പന വിലയില്‍ ബാരലിന് 40 സെന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
വടക്കേ അമേരിക്കയെ സംബന്ധിച്ചും അരാംകോയുടെ തീരുമാനം ആശ്വാസമാണ്. അറബ് ലൈറ്റ് ക്രൂഡിൻ്റെ ഡിസംബറിലെ ഔദ്യോഗിക വിൽപന വിലയില്‍ 15 സെന്റാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ തങ്ങളുടെ മുന്‍ നിലപാട് സൗദി അറേബ്യ ഇത്തവണയും തുടരുന്നതാണ് കാണാന്‍ സാധിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിലെ ഉപഭോക്താക്കൾക്ക് അറബ് ലൈറ്റ് ക്രൂഡിൻ്റെ വില ഇൻ്റർകോണ്ടിനെൻ്റൽ എക്‌സ്‌ചേഞ്ചിലെ ബ്രെൻ്റ് വിലയേക്കാൾ 15 സെൻറ് കൂടുതലായി കമ്പനി വർധിപ്പിച്ചു.
റഷ്യന്‍ ക്രൂഡിന് ലഭിച്ചിരുന്ന ഇളവുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ പരമ്പരാഗത വ്യാപാര പങ്കാളികളായ സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നുമൊക്കെ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ നല്‍കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഇന്ത്യക്ക് ആശ്വാസമാണ്.












Click it and Unblock the Notifications