സൗദി അറേബ്യന്‍ ശ്രമങ്ങള്‍ ഫലം കാണുന്നു: 10 വർഷം മുമ്പ് യുഎസ് കമ്പനികളെ പൂട്ടിയ അതേ നീക്കം വീണ്ടും
ക്രൂഡ് ഓയില്‍ ഉല്‍പാദനം വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യയും റഷ്യയും അടങ്ങുന്ന ഒപ്പെക് പ്ലസ് രാഷ്ട്രങ്ങള്‍. എട്ട് എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ശനിയാഴ്ച അവരുടെ സംയുക്ത ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 548000 ബാരൽ വർദ്ധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
12 രാജ്യങ്ങളടങ്ങിയ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്) ഉൾപ്പെടുന്ന ഒപെക്+ സഖ്യം 2022 മുതൽ എണ്ണ വില സ്ഥിരപ്പെടുത്താൻ ഉൽപ്പാദനം വെട്ടിക്കുറച്ചിരുന്നു. എന്നാൽ, സൗദി അറേബ്യയുടെ നേതൃത്വത്തിൽ എട്ട് രാജ്യങ്ങൾ മേയ് മുതൽ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് വിപണിയെ ഞെട്ടിച്ചിരുന്നു. ഇതോടെ എണ്ണ വില 65-70 ഡോളർ ശ്രേണിയിലേക്ക് ഇടിയുകയും ചെയ്തു.

സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, കസാഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വീഡിയോ കോൺഫറൻസ് വഴി ശനിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുക്കും. "വോളണ്ടറി എയ്റ്റ്" (V8) എന്നറിയപ്പെടുന്ന ഈ രാജ്യങ്ങൾ ദിവസേന 411,000 ബാരൽ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിക്കുമെന്ന വിലയിരുത്തല്‍ നേരത്തേയുണ്ടായിരുന്നു. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഇതേതോതിലുള്ള വർധനവിനുള്ള അംഗീകാരമുണ്ടായിരുന്നു. എന്നാല്‍ അതിലും വലിയ തോതിലുള്ള ഉത്പാദന വർധനവിനാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.
"വില സ്ഥിരതയ്ക്ക് പകരം വിപണി വിഹിതം തിരിച്ചുപിടിക്കുന്നതിലാണ് ഈ രാജ്യങ്ങൾ ഇപ്പോള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," സാക്‌സോ ബാങ്ക് വിശകലന വിദഗ്ധനായ ഒലെ ഹാൻസൻ പറഞ്ഞു. കുറഞ്ഞ എണ്ണ ശേഖരവും ശക്തമായ ഡിമാൻഡും ഉൽപ്പാദന വെട്ടിക്കുറവ് വേഗത്തിൽ പിൻവലിക്കാനുള്ള കാരണങ്ങളായി ഈ രാജ്യങ്ങൾ ഔദ്യോഗികമായി ചൂണ്ടിക്കാട്ടുമെന്ന് യുബിഎസ് വിശകലന വിദഗ്ധനായ ജിയോവന്നി സ്റ്റൗനോവോയും എ എഫ് പിയോട് വ്യക്തമാക്കി.
എന്നാൽ, കസാഖ്സ്ഥാൻ, ഇറാഖ് തുടങ്ങിയ ചില ഒപെക് രാജ്യങ്ങൾ ഉൽപ്പാദന ക്വോട്ടകൾ പാലിക്കാത്തത് ഈ തീരുമാനത്തിന് തിരിച്ചടിയാകുന്ന ഒരു ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീരുമാനത്തിലൂടെ, സൗദി അറേബ്യ പോലുള്ള പ്രധാന രാജ്യങ്ങൾ, ക്വോട്ടകൾ പാലിക്കാത്ത അംഗങ്ങളെ വില കുറയ്ക്കലിലൂടെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിപണി വിഹിതം വർധിപ്പിക്കുക എന്നുള്ളത് പ്രധാനമായും സൗദി അറേബ്യയുടെ ലക്ഷ്യമാണ്. അമേരിക്കയില്‍ നിന്നും വിപണി വിഹിതം തിരിച്ച് പിടിക്കേണ്ടത് പ്രധാനമായും അവരുടെ ആവശ്യമാണ്. സാങ്കേതികവിദ്യയിലും ഡ്രില്ലിംഗിലുമുള്ള മുന്നേറ്റങ്ങൾ യുഎസ് ഷെയ്ൽ കമ്പനികളെ പിടിച്ച് കെട്ടണമെങ്കില്‍ വിപണി വില താഴ്ത്തേണ്ടത് അത്യാവശ്യമാണ്. വില ഒരു പരിധിക്ക് അപ്പുറം പോകുകയാണെങ്കില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഉത്പാദനം ലാഭകരമായിരിക്കില്ല. 10 വർഷം മുമ്പ് സമാനമായ നീക്കത്തിലൂടെ സൗദി അറേബ്യ അമേരിക്കന്‍ ഉല്‍പാദകരെ പരാജയപ്പെടുത്തിയിരുന്നു.
548000 ബാരലിന്റെ ഉൽപ്പാദന വർധനവ് യഥാർത്ഥത്തിൽ 250000 മുതൽ 300000 ബാരലിന്റെ മാത്രം വർധനവായി മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മേയിൽ 200000 ബാരൽ മാത്രമാണ് ഉൽപ്പാദനം വർധിച്ചതെന്ന് ബ്ലൂംബെർഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അനുമതിച്ച ക്വോട്ട ഇതിന്റെ ഇരട്ടിയിലേറെയായിരുന്നു.
ഇസ്രായേലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ സംഘർഷം എണ്ണ വില ഒരു ഘട്ടത്തിൽ 80 ഡോളറിന് മുകളിലേക്ക് ഉയർത്തിയിരുന്നു. ലോക എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടക്കുമോ എന്ന ആശങ്കയായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ, മിഡിൽ ഈസ്റ്റിൽ വിപുലമായ സംഘർഷത്തിനുള്ള ഭീഷണി കുറഞ്ഞതും വിതരണ തടസ്സങ്ങൾ ഉണ്ടാകാത്തതും ഒപെക്+ തീരുമാനത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.












Click it and Unblock the Notifications