സൗദി അരാംകോയും ഇറാഖും കടുത്ത തീരുമാനം എടുത്തു: ആ ഇന്ത്യന്‍ കമ്പനിക്ക് ക്രൂഡ് ഓയില്‍ നല്‍കുന്നത് നിർത്തി
ഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ നയാര എനർജിക്കുള്ള ക്രൂഡ് ഓയില്‍ വിതരണം നിർത്തി സൗദി അരാംകോയും ഇറാഖിന്റെ സ്റ്റേറ്റ് ഒയിൽ മാർക്കറ്റിംഗ് ഓർഗനൈസേഷനും. യൂറോപ്യന്‍ യൂണിയന്റെ ജുലൈ മാസത്തിലെ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പരമ്പരാഗത ക്രൂഡ് ഓയില്‍ വിതരണക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന് വലിയ രീതിയില്‍ ഓഹരി പങ്കാളിത്തമുള്ള ഇന്ത്യന്‍ കമ്പനിയാണ് നയാര.
അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിതരണം നിലച്ചതോടെ ഓഗസ്റ്റിൽ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയേയാണ് നയാര പൂർണ്ണമായും ആശ്രയിച്ചത്. നയാര എനർജി സാധാരണയായി പ്രതിമാസം 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡും 10 ലക്ഷം ബാരൽ സൗദി ക്രൂഡും ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. എന്നാൽ 2025 ഓഗസ്റ്റിൽ Kpler, LSEG എന്നിവിടങ്ങളില്‍ നിന്നുള്ള വിവര പ്രകാരം ഈ വിതരണക്കാരിൽ നിന്ന് ഷിപ്പ്മെന്റുകൾ ഒന്നും നയാരക്ക് ലഭിച്ചിട്ടില്ല.

ഇറാഖിന്റെ സ്റ്റേറ്റ് ഒയിൽ മാർക്കറ്റിംഗ് ഓർഗനൈസേഷനില്‍ നിന്നും നയാരയിലേക്ക് അവസാനമായി ക്രൂഡ് എത്തിയത് ജൂലൈ 29-നാണ്. സൗദി അറാംകോയിൽ നിന്നുള്ള അവസാന ഡെലിവറി ജൂലൈ 18 നായിരുന്നു. 10 ലക്ഷം ബാരൽ അറബ് ലൈറ്റും 10 ലക്ഷം ബാരൽ ബസ്റാ ഹെവിയുമാണ് വി എല്‍ സി സി കാരിയർ വഴി എത്തിയത്. നയാറയുടെ 400,000 ബാരൽ പ്രതിദിന ശേഷിയുള്ള വഡിനാർ റിഫൈനറി 70-80% ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഉൽപ്പന്ന വിൽപ്പനയിലെ ബുദ്ധിമുട്ടുകൾ കാരണം, 'ഡാർക്ക് ഫ്ലീറ്റ്' കപ്പലുകളെയാണ് കമ്പനി ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വലിയ തോതില്‍ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2024 ജൂണിൽ പ്രതിദിനം 19.3 ലക്ഷം ബാരലും ജൂലൈയിൽ 18.1 ലക്ഷം ബാരലുമായിരുന്നു ഇന്ത്യയുടെ ഇറക്കുമതി. ഇതോടെ പരമ്പരാഗത വിതരണക്കാരായ സൗദി അറാബ്യ, ഇറാഖ് എന്നിവയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. 2022-ൽ ഉക്രെയ്ൻ-റഷ്യ യുദ്ധത്തിനുശേഷമാണ് റഷ്യ ഇന്ത്യയുടെ പ്രധാന വിതരണക്കാരനായി മാറുന്നത്.
റഷ്യൻ ഓയിൽ ഇറക്കുമതി തുടരുന്നതിന്റെ പേര് പറഞ്ഞ് അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയെങ്കിലും ഊർജ സുരക്ഷയ്ക്കായി റഷ്യൻ ഓയിൽ വാങ്ങുന്നത് തുടരുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ ഓയിൽ വിതരണം നിന്നാൽ ആഗോള എണ്ണ വില 200 ഡോളറിന് മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പും വിദഗ്ധർ നല്‍കുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ, 2023-24ൽ 232.5 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. 2024-25ൽ ഇറക്കുമതി ആശ്രിതത്വം 88.2% ആയി ഉയർന്നു. റഷ്യ (39%), വെസ്റ്റ് ഏഷ്യ (46%) എന്നിവയാണ് പ്രധാന വിതരണക്കാർ. റഷ്യൻ ഓയിൽ നിന്നാൽ ഇറക്കുമതി ചെലവ് 2026-ൽ 9 ബില്യൺ ഡോളറും 2027-ൽ 12 ബില്യൺ ഡോളറും വർധിക്കുമെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നു.












Click it and Unblock the Notifications