Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെ തൊട്ടതോടെ സൗദി അറേബ്യ പേടിച്ചതോ: പാകിസ്ഥാനുമായുള്ള കൂട്ടിന് പിന്നില്‍ എന്ത്

സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരിക്കുന്ന പുതിയ പ്രതിരോധ കരാർ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. നാറ്റോ ശൈലിയുള്ള പ്രതിരോധ കരാറാണ് നിലവില്‍ വന്നിരിക്കുന്നത്. അതായത് രണ്ടിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് കരാറിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കം കൂടിയാണ് ഈ കരാർ.

ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷം, ഇസ്രായേലിന്റെ ഖത്തർ ആക്രമണം തുടങ്ങിയ വിവിധ വിഷയങ്ങളുമായി കൂട്ടിക്കെട്ടിയും പുതിയ കരാർ ചർച്ച ചെയ്യപ്പെടുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കരാർ നിലവില്‍ വന്നിരിക്കുന്നത്. ഇതോടെ തങ്ങള്‍ക്കെതിരേയും ഭാവിയില്‍ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ട് സൗദി കരാറിനായി തിടുക്കം കൂട്ടുകയായിരുന്നുവെന്ന തരത്തിലുള്ള പ്രചരണവും ശക്തമാണ്.

qatar-saudi-pak

എന്നാല്‍ അറേബ്യയുമായുള്ള പുതിയ തന്ത്രപരമായ പ്രതിരോധ ഉടമ്പടി ഖത്തറിലെ ഇസ്രായേൽ ആക്രമണത്തോടുള്ള നേരിട്ടുള്ള പ്രതികരണമല്ലെന്നാണ് പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കുന്നത്. എന്നാൽ, ഇസ്രായേലിന്റെ നടപടികൾ ചർച്ചകളെ "അല്പം" വേഗത്തിലാക്കിയിരിക്കാമെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നു.

"ഖത്തറിലെ സംഭവങ്ങളോടുള്ള പ്രതികരണമല്ല ഇത്. കുറച്ച് കാലമായി ചർച്ചകൾ നടന്നുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ നേരിട്ടുള്ള പ്രതികരണമല്ല. ഒരുപക്ഷേ, ആ സംഭവങ്ങള്‍ ചർച്ചയെ അല്പം വേഗത്തിലാക്കിയിരിക്കാമെന്ന് മാത്രം" ശനിയാഴ്ച ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖ്വാജ ആസിഫ് പറഞ്ഞു.

കരാർ പ്രകാരം പാകിസ്ഥാന്റെ ആണവശേഷി റിയാദിനും ലഭ്യമാക്കുമെന്നും നേരത്തെ ആസിഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് നടന്ന അഭിമുഖത്തിൽ ആണവായുധങ്ങൾ ഉടമ്പടിയുടെ ഭാഗമല്ലെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു. നിലവില്‍ മുസ്ലിം ലോകത്തെ ഏക ആണവശക്തിയാണ് പാകിസ്ഥാനെന്നും എന്നാല്‍ സൗദി അറേബ്യയ്ക്ക് രണ്ടാമത്തെ ആണവശക്തിയാകാനുള്ള താൽപര്യം ഉണ്ടെന്നും പാക് പ്രതിരോധ വകുപ്പ് മന്ത്രി ഓർമിപ്പിച്ചു.

"സൗദി അറേബ്യയുമായുള്ള പ്രതിരോധ ബന്ധം അഞ്ചോ ആറോ ദശകങ്ങൾ നീണ്ടുനിന്നതാണ്. അവിടെ നമ്മുടെ സൈനിക സാന്നിധ്യം ഉണ്ടായിരുന്നു, പരമാവധി 4-5,000 പേർ വരെ. ഇപ്പോഴും സൈനിക സാന്നിധ്യം തുടരുന്നു. നമ്മൾ ഇപ്പോള്‍ 'ലാഭകരമായ' ബന്ധമാക്കി മാറ്റിയത് മാത്രമാണ്" അദ്ദേഹം വ്യക്തമാക്കി.

2024-ൽ പ്രസിദ്ധീകരിച്ച ബോബ് വുഡ്‌വേഡിന്റെ 'വാർ' എന്ന പുസ്തകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഒരു അമേരിക്കൻ സെനറ്ററോട് "പാകിസ്ഥാനിൽ നിന്ന് ഒരു ബോംബ് വാങ്ങാം" എന്ന് പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടതും പുതിയ സാഹചര്യത്തില്‍ ചർച്ചാ വിഷയമാകുന്നുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമായ കാര്യമാണെന്നും അതില്‍ തനിക്ക് വിശ്വാസം ഇല്ലെന്നും മന്ത്രി അവകാശപ്പെടുന്നു. സൗദി അറേബ്യയ്ക്ക് ആണവായുധങ്ങൾ വിൽക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഇല്ല. നമ്മൾ വളരെ ഉത്തരവാദിത്തമുള്ളവരാണ്' എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി.

അതേസമയം, ഏഴ് ദശകത്തിലധികം നീണ്ടുനിന്ന ഐതിഹാസിക പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉടമ്പടിയെന്നാണ് പാകിസ്ഥാനും സൗദി അറേബ്യയും ഉടമ്പടിക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. സഹോദരബന്ധവും ഇസ്ലാമിക ഐക്യവും പങ്കുവെക്കുന്ന തന്ത്രപരമായ താൽപര്യങ്ങളും സൗഹൃദപരമായ പ്രതിരോധ സഹകരണവുമാണ് കരാറിന്റെ അടിസ്ഥാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

1982-ൽ ഒപ്പിട്ട സുരക്ഷാ സഹകരണ ഉടമ്പടി പ്രകാരം പാകിസ്ഥാന്‍ സേനയ്ക്ക് സൗദി മണ്ണിൽ പരിശീലനം, ഉപദേശ സഹായം, സൈനിക വിന്യാസങ്ങൾ എന്നിവ നടത്താൻ അനുമതി നല്‍കിയിരുന്നു. പുതിയ ഉടമ്പടി പ്രകാരം ബന്ധത്തെ കൂടുതൽ ഔപചാരികമാക്കുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, ഈ ഉടമ്പടി പാകിസ്ഥാന്റെ പ്രാദേശിക സ്വാധീനം വർധിപ്പിക്കുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+