സൗദിയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജിസാനടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
റിയാദ്: സൗദി അറേബ്യയില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് ഇന്ന് സൗദിയുടെ വിവിധ മേഖലകളില്‍ പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറും പടിഞ്ഞാറും ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടും എന്നാണ് അറേബ്യന്‍ കാലാവസ്ഥാ കേന്ദ്രത്തിലെ മുന്നറിയിപ്പ്. അറേബ്യന്‍ പെനിന്‍സുല മേഖലയിലേക്ക് വന്‍തോതില്‍ ഉഷ്ണമേഖലാ ഈര്‍പ്പം ഒഴുകുകയാണ്.
ഇതിന്റെ ഫലമായി തിങ്കളാഴ്ച രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറും പടിഞ്ഞാറും അന്തരീക്ഷ അസ്ഥിരത കൂടുതലായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറേബ്യ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധര്‍ പറഞ്ഞു. ജിസാന്‍, അസീര്‍, അല്‍-ബഹ, മക്ക അല്‍ മുഖര്‍റമ എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിലും മദീനയുടെ ചില ഭാഗങ്ങളിലും തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സംവഹന മേഘങ്ങള്‍ രൂപപ്പെടും.

ഇവിടങ്ങളില്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാം. അതേസമയം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പതിവിലും കൂടുതല്‍ മിതമായ അന്തരീക്ഷത്തില്‍ താപനില സാധാരണയേക്കാള്‍ കുറയും. ബാക്കി പ്രദേശങ്ങളില്‍ ചൂടും പൊതുവെ സ്ഥിരതയുള്ളതുമായ കാലാവസ്ഥയായിരിക്കും എന്നും അറേബ്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാനില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അബു അരിഷിന്റെയും സബ്യയുടെയും ഗവര്‍ണറേറ്റുകളെ റാഡിസ് പട്ടണത്തിലേക്ക് ബന്ധിപ്പിക്കുന്ന ജിസാന്‍ താഴ്വര പാലം തകന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കമാണ് തകര്‍ച്ചയ്ക്ക് കാരണമായത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ പാലത്തിന്റെ അടിഭാഗം തകര്‍ന്ന് രണ്ട് വാഹനങ്ങള്‍ തകര്‍ന്ന ഭാഗത്തേക്ക് വീഴാന്‍ കാരണമായി.
അപകടമേഖലയിലെത്തുന്നതിന് മുമ്പ് മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. ഇടിമിന്നലും വൈദ്യുത അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്ന് ജാസാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ജിസാന്‍ മേഖലയിലും അതിന്റെ ഗവര്‍ണറേറ്റുകളിലും മഴ തുടരുകയാണ്. ജിസാനില്‍ 10 മണിക്കൂറോളമാണ് തുടര്‍ച്ചയായി മഴ പെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് മേഖലയില്‍ കനത്ത മഴയുണ്ടായത്. പല തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സിവില്‍ ഡിഫന്‍സ് ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വെള്ളം കയറിയ പ്രദേശങ്ങളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സൗദി അറേബ്യയും യമനും അതിര്‍ത്തി പങ്കിടുന്ന അല്‍ തവാല്‍ പട്ടണത്തിലെ റോഡുകളില്‍ പുഴകള്‍ക്ക് സമാനമായി വെള്ളക്കെട്ട് രൂപപ്പെട്ടു.
അഹദ് അല്‍മസാരിഹ, ദമദ്, അല്‍ ഹരത്, അല്‍ ദായിര്‍, അല്‍ റൈദ്, അല്‍ അര്‍ദ, അല്‍ ഈദാബി, ഫൈഫ, ഹുറൂബ്, അല്‍ ദര്‍ബ്, ബേഷ്, ഫര്‍സാന്‍ എന്നിവിടങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.












Click it and Unblock the Notifications