സൗദി അറേബ്യ അല്‍പം വിയർക്കും, ഇന്ത്യ ചിരിക്കും; 2026 ല്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴേക്ക്
ഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞിട്ടും ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ന് മുകളില്‍ ആയിരിക്കുന്ന സമയത്ത് നിശ്ചയിച്ച വിലയാണ് ഇപ്പോഴും ചില്ലറ വില്‍പ്പനയില്‍ ഡീസലിനും പെട്രോളിനും ഈടാക്കുന്നത്. മറുവശത്താകട്ടെ പെട്രോളിയം റിഫൈനറി കമ്പനികള്‍ ശതകോടികളുടെ ലാഭം കൊയ്യുകയും ചെയ്തു.
ഗാസ സമാധാനത്തിലേക്ക് നീങ്ങുന്നത് അടക്കമുള്ള കാരണങ്ങളാല്‍ ആഗോള മേഖലയില്‍ സാമ്പത്തിക അനിശ്ചിതത്വത്തില്‍ സ്വാധീനം ചെലുത്തും. ഇത് ആദ്യം ബാധിക്കുന്ന ക്രൂഡ് ഓയില്‍ വിലയിലാണ്. വെടിനിർത്തലിന് ഇസ്രായേലും ഹമാസും തയ്യാറായെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറയുകയും ചെയ്തു. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (EIA) റിപ്പോർട്ട് അനുസരിച്ച്, 2026-ൽ അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വില വലിയ തോതില്‍ കുറയുമെന്നും പ്രവചിക്കപ്പെടുന്നു.

ഇപ്പോൾ ഒരു ബാരലിന് 66 ഡോളറായ ബ്രെന്റ് ക്രൂഡ് നിരക്ക് 2026-ൽ ശരാശരി 52 ഡോളറായിരിക്കുമെന്നും ഇ ഐ എ പറയുന്നു. 2025-ൽ ഇത് 71 ഡോളറായിരിക്കും. ഗോൾഡ്മാൻ സാക്സും ജെപി മോർഗനും യഥാക്രമം 56, 58 ഡോളർ എന്ന നിലയിലും പ്രവചനം നടത്തിയിട്ടുണ്ട്. ഇതുവഴി ഇന്ത്യക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകും. ഇറക്കുമതി ചെലവുകൾ കുറയുകയും ചെറുകിട വിലയിൽ കുറവുണ്ടാകുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും ഒരു പോലെ ആശ്വാസം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ ജിഎസ്ടി മാറ്റങ്ങൾ ഓയിൽ മേഖലയെ കൂടുതൽ സുതാര്യമാക്കും. രണ്ട് സ്ലാബ് സിസ്റ്റം (5% ഉം 18% ഉം) കൊണ്ടുവന്നത് നികുതി ഘടന ലളിതമാക്കും. എന്നാൽ ഓയിൽ ആൻഡ് ഗ്യാസ് എക്സ്പ്ലോറേഷനിലെ ജിഎസ്ടി 12%ൽ നിന്ന് 18% ആക്കിയത് ചില വെല്ലുവിളികൾ സൃഷ്ടിക്കാമെങ്കിലും, മൊത്തത്തിൽ വ്യവസായത്തിന് ഇത് ഗുണകരമാകും.
ക്രൂഡ് വില കുറയുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാനും ഇറക്കുമതി ബിൽ കുറയ്ക്കാനും സഹായിക്കും. ഗതാഗതവും ഉൽപാദന ചെലവും കുറയുന്നതിനാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് ഉണർവ്വ് ലഭിക്കും. സർക്കാരിന് കൂടുതൽ പണം വികസന പദ്ധതികൾക്ക് വിനിയോഗിക്കാനാകുമെന്നും സാമ്പത്തി വിദഗ്ധർ വിലയിരിത്തുന്നു. 2004 മുതൽ ബ്രെന്റ് ക്രൂഡിൽ ഇത്ര വലിയ വില ഇടിവ് മൂന്നാം തവണയാണ് ഉണ്ടാകുന്നത്. മുൻപ് 2015-ലും 2020-ലുമായിരുന്നു സമാനമായ ഇടിവ് നേരിട്ടത്.
ക്രൂഡ് ഓയിലിന്റെ വില ഇടിവ് ഇന്ത്യക്ക് വലിയ ആശ്വാസമാകുമ്പോള്‍ സൗദി അറേബ്യയ്ക്കും അമേരിക്കയ്ക്കും റഷ്യക്കുമൊക്കെ അത് തിരിച്ചടിയായി മാറിയേക്കും. സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണ കയറ്റുമതിയിലാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. അതിനാൽ വില കുറയുമ്പോൾ സർക്കാരിന്റെ വരുമാനവും വലിയ തോതില്‍ ഇടിയും. ഇതു ബജറ്റിനും പൊതുമേഖലാ വികസന പദ്ധതികൾക്കും നേരിട്ട് ആഘാതമുണ്ടാക്കും.
രാജ്യം നടപ്പിലാക്കുന്ന "Vision 2030" പദ്ധതിയിലൂടെ സൗദി തന്റെ സമ്പദ്‌വ്യവസ്ഥ എണ്ണ ആശ്രയത്തിൽ നിന്ന് വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ക്രൂഡ് വില കുറയുന്നത് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ടിംഗ് കുറയ്ക്കുകയും അതിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യും. കൂടാതെ, വില നിയന്ത്രിക്കാൻ സൗദി ഓപെക് (OPEC) രാജ്യങ്ങളുമായി ചേർന്ന് ഉൽപാദനം കുറയ്ക്കാൻ ശ്രമിക്കാം. പക്ഷേ മറ്റു അംഗരാജ്യങ്ങൾ സഹകരിക്കാത്തപക്ഷം, സൗദിയുടെ വിപണി നിയന്ത്രണശേഷി കുറയുകയും വിപണിയിലെ ശക്തി കുറയുകയും ചെയ്യും.
മറുവശത്ത്, അമേരിക്കയെ ഈ വിലയിടിവ് രണ്ട് തരത്തില്‍ ബാധിക്കും. അമേരിക്കയിലെ ഷെയിൽ ഓയിൽ ഉൽപാദകർക്ക് ഉത്പാദന ചെലവ് കൂടുതലാണ്. സാധാരണയായി ബാരലിന് 45-50 ഡോളർ വരെയാണ് നിരക്ക്. അതിനാൽ വില 50 ഡോളറിന് താഴെയായാൽ അവർക്ക് ലാഭം കുറയും, ചില കമ്പനികൾ ഉൽപാദനം നിർത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടി വരും. എന്നാൽ ഉപഭോക്താക്കളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. പെട്രോൾ, ഡീസൽ വില കുറയുന്നത് ജനങ്ങൾക്ക് നേരിട്ടുള്ള ഗുണം നൽകും. ഗതാഗത ചെലവും ഉൽപാദന ചെലവും കുറയുന്നതോടെ പണപ്പെരുപ്പം നിയന്ത്രിക്കാനും ഇത് സഹായിക്കും. വില താഴുമ്പോൾ അമേരിക്കൻ ഉൽപാദകർ ഉൽപാദനം കുറയ്ക്കും, അതേസമയം സൗദി, റഷ്യ പോലുള്ള പ്രധാന ഉത്പാദക രാജ്യങ്ങൾക്ക് വിപണി പങ്കാളിത്തം വീണ്ടെടുക്കാനുള്ള അവസരവും ലഭിക്കും.












Click it and Unblock the Notifications