വെട്ടിലായ ഉര്‍ദുഗാന്‍ യുഎഇയിലേക്ക്; കൂടെ നൂറിലധികം കേമന്മാരും... ലക്ഷ്യം 2500 കോടി ഡോളര്‍
ദുബായ്: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധികാരമേറ്റെടുത്ത ആദ്യ നാളുകള്‍ തുര്‍ക്കിക്ക് വസന്തമായിരുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് പതിയെ പുരോഗതിയിലേക്ക് കുതിക്കുന്ന തുര്‍ക്കിയെ ആണ് ലോകം പിന്നീട് കണ്ടത്. മാത്രമല്ല, രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിച്ചതും ഉര്‍ദുഗാനാണ്. ഇതോടെ വിദേശ നിക്ഷേപം വന്‍തോതില്‍ തുര്‍ക്കിയിലേക്ക് ഒഴുകി. യൂറോപ്പിലെ പ്രബല രാജ്യങ്ങളുമായി കിടപിടിക്കാനാകുമെന്ന മട്ടായി.
പിന്നീടുള്ള വര്‍ഷങ്ങളില്‍ തുര്‍ക്കി ജനത വീണ്ടും വീണ്ടും ഉര്‍ദുഗാനെ തിരഞ്ഞെടുത്തു. ഇപ്പോള്‍ തുര്‍ക്കിയുടെ അമരത്ത് അദ്ദേഹം മൂന്നാം പതിറ്റാണ്ടിലേക്ക് കടന്നിരിക്കുന്നു. ആദ്യ നാളുകള്‍ പോലെ അല്ല ഇപ്പോള്‍ കാര്യങ്ങള്‍. തുര്‍ക്കി വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. അവശ്യ വസ്തുക്കളുടെ വില വര്‍ധനവാണ് വെല്ലുവിളി. കൊറോണ കാലത്തിന് ശേഷം കരകയറാന്‍ തുര്‍ക്കിക്ക് സാധിച്ചിട്ടില്ല.

ഇനി രക്ഷ കിട്ടണമെങ്കില്‍ വിദേശ നിക്ഷേപം വേണമെന്ന് ഉര്‍ദുഗാന്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് സൗദി അറേബ്യയുമായുള്ള വൈരം മറന്ന് ഐക്യത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്. 2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടത് തുര്‍ക്കിയില്‍ വച്ചാണ്. സൗദിയുടെ രഹസ്യപ്പോലീസാണ് കൊല നടത്തിയത് എന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇരുരാജ്യങ്ങളും അകന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി തുര്‍ക്കി സൗദി അറേബ്യയുമായും യുഎഇയുമായും അടുത്ത സൗഹൃദത്തിന് ശ്രമിക്കുന്നുണ്ട്. ഖത്തറുമായി നേരത്തെ നല്ല ബന്ധമാണ്. തുര്‍ക്കി വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തി സഹായിച്ചത് ഖത്തര്‍ ഭരണകൂടമാണ്. എന്നാല്‍ അതൊന്നും മതിയായിട്ടില്ല. ഇന്ന് ഉര്‍ദുഗാന്‍ വീണ്ടും ഗള്‍ഫിലെത്തുകയാണ്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഉര്‍ദുഗാനും സംഘവും സന്ദര്‍ശിക്കുക. 100ലധികം തുര്‍ക്കി വ്യവസായികള്‍ ഉര്‍ദുഗാന്റെ സംഘത്തിലുണ്ട്. കൂടാതെ ഉന്നത ഉദ്യോഗസ്ഥരും. ജിസിസിയിലെ മൂന്ന് രാജ്യങ്ങളില്‍ നിന്നായി 2500 കോടി ഡോളറിന്റെ നിക്ഷേപമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ബുധനാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉര്‍ദുഗാന്‍ മടങ്ങും.
തുര്‍ക്കിയുടെ സൈനികര്‍ ഖത്തറിലുണ്ട്. ഖത്തര്‍ ഭരണകൂടത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് ഈ സൈന്യം ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച നാളുകളില്‍ ശൈഖ് തമീം ഭരണകൂടത്തിന് വലിയ സഹായം ചെയ്തത് തുര്‍ക്കി സര്‍ക്കാരായിരുന്നു. പ്രത്യുപകാരമെന്നോണം കോടികളാണ് തുര്‍ക്കി ബാങ്കുകളിലും മറ്റും ഖത്തര്‍ നിക്ഷേപിച്ചത്.
ഉര്‍ദുഗാന് വലിയ ലക്ഷ്യങ്ങളാണ് ഇത്തവണ ഗള്‍ഫ് പര്യടനത്തിലുള്ളത്. തകിടം മറിഞ്ഞ സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ ഗള്‍ഫില്‍ നിന്ന് പണം ലഭിക്കണം. കൂടാതെ ജിസിസി രാജ്യങ്ങളുമായി സഹകരണം ശക്തമാക്കണം. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തിയില്ലെങ്കില്‍ തുര്‍ക്കി ജനത എതിരാകും. ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉര്‍ദുഗാന്റെ ഗള്‍ഫ് പര്യടനം.
കഴിഞ്ഞ ദിവസം ഇന്ധന നികുതി 200 ശതമാനമാണ് തുര്‍ക്കി ഭരണകൂടം ഉയര്‍ത്തിയത്. നിലവില്‍ തുര്‍ക്കിയുടെ പണപ്പെരുപ്പം 38 ശതമാനമാണ്. നികുതി കൂട്ടിയതോടെ ജനങ്ങള്‍ക്ക് അമിത ഭാരമായി. സമാനമായ വെല്ലുവിളി നേരിടുന്ന പാകിസ്താനെ സൗദി അറേബ്യയും യുഎഇയും അടുത്തിടെ സാമ്പത്തികമായി സഹായിച്ചിരുന്നു. സൗദിയും യുഎഇയും ഖത്തറും ഉര്‍ദുഗാനോട് എന്ത് സമീപനം സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു ആ രാജ്യത്തിന്റെ ഭാവി.












Click it and Unblock the Notifications