പാകിസ്താന്‍ 'തൂക്കിവില്‍ക്കുന്നു'; ആദ്യ ലോട്ടറി യുഎഇക്ക് അടിച്ചേക്കും, പണം കിട്ടാനുള്ള വഴി
പാകിസ്താന്‍ കൈവിട്ട കളിക്ക് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ ഓരോ ആസ്തിയും വില്‍ക്കാനാണ് പദ്ധതി. ഇതിന് വേണ്ടി മാത്രം പ്രത്യേക കമ്മീഷന്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ ആസ്തി ലാഭകരമായി വിദേശ കമ്പനികള്‍ക്ക് കൈമാറുക എന്നതാണ് ദൗത്യം. കൈമാറുന്ന സ്ഥാപനത്തിന്റെ നിലവിലുള്ള സാമ്പത്തിക സാഹചര്യം പരിശോധിച്ചാണ് നടപടികള്‍.
ആസ്തികള്‍ ലാഭകരമാക്കാന്‍ വിദഗ്ധ കമ്പനികള്‍ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നേരത്തെ നിര്‍ദേശിച്ചിരുന്നു. അനുസരിച്ചാല്‍ അടുത്ത മാസം കോടികളുടെ വായ്പ ലഭിക്കുമെന്നതാണ് പാകിസ്താന്‍ കാണുന്ന നേട്ടം. അതുവഴി മറ്റു പ്രതിസന്ധികള്‍ പരിഹരിക്കാമെന്നും പാകിസ്താന്‍ കണക്കുകൂട്ടുന്നു. ആദ്യമായി വില്‍ക്കുന്നത് ഇസ്ലാമാബാദിലെ വിമാനത്താവളമാണ്.

ബ്രിട്ടീഷ് കമ്പനി ഇആര്‍ജെയും തുര്‍ക്കി കമ്പനി ടെര്‍മിനല്‍ യാപിയും ഇസ്ലാമാബാദിലെ എയര്‍പോര്‍ട്ട് വങ്ങാന്‍ എത്തിയിരുന്നു. ഏറ്റെടുക്കുന്ന കമ്പനിക്കായിരിക്കും നടത്തിപ്പും കൈകാര്യവും. ലാഭത്തിന്റെ നിശ്ചിത വിഹിതം പാകിസ്താന്‍ സര്‍ക്കാരിന് ഈ കമ്പനികള്‍ കൈമാറും. എത്ര ശതമാനം ലാഭം കൈമാറും എന്ന കാര്യത്തിലാണ് പാകിസ്താന്‍ വിലപേശുന്നത്.
ബ്രിട്ടന്റെയും തുര്‍ക്കിയുടെയും കമ്പനികള്‍ 40 ശതമാനം വരുമാനം പാകിസ്താന്‍ സര്‍ക്കാരിന് കൈമാറാം എന്നാണ് നിബന്ധന വച്ചത്. ഇത് അംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ല. മാത്രമല്ല, സ്വകാര്യ കമ്പനികളുമായുള്ള കരാറിന് പാകിസ്താന് താല്‍പ്പര്യം കുറവാണ്. പകരം സര്‍ക്കാരുകളുമായി കരാര്‍ ഒപ്പുവയ്ക്കാനാണ് ആലോചന. യുഎഇയുമായി ഒപ്പുവയ്ക്കാനാരിക്കുന്ന കരാര്‍ അത്തരത്തിലായിരിക്കും.
യുഎഇ കമ്പനിയുടെ ഓഫര്‍
യുഎഇയിലെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത്. 60 ശതമാനം വരുമാനം പാകിസ്താന് കൈമാറാം എന്നാണ് അവരുടെ വാഗ്ദാനം. ഇത് മികച്ച അവസരമാണ് എന്ന് പാകിസ്താന്‍ കരുതുന്നു. അതുകൊണ്ടുതന്നെ വൈകാതെ യുഎഇയുമായി കരാര്‍ ഒപ്പുവച്ചേക്കും. ഈ കരാര്‍ യുഎഇയും പാകിസ്താന്‍ സര്‍ക്കാരും തമ്മിലായിരിക്കും.
പാകിസ്താനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇസ്ലാമാബാദിലേത്. യുഎഇ ഓഫര്‍ ചെയ്ത വരുമാനം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വസീം താരിഖ് പാര്‍ലമെന്റിനെ അറിയിച്ചു. ഇസ്ലാമാബാദിന് പുറമെ ലാഹോറിലെയും കറാച്ചിയിലേയും വിമാനത്താവളങ്ങള്‍ വിദേശ കമ്പനികള്‍ക്ക് കൈമാറാന്‍ പാകിസ്താന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്താന്‍ ധനകാര്യ ഉപദേഷ്ടാക്കളെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം.
ഡിസംബറില്‍ ഐഎംഎഫില്‍ നിന്ന് 120 കോടി ഡോളറിന്റെ വായ്പയാണ് ലഭിക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ഈ ക്രമീകരണം. പാകിസ്താന്റെ വരുമാന ചോര്‍ച്ച അവസാനിപ്പിക്കാന്‍ ഐഎംഎഫ് നിര്‍ദേശിച്ച നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാകിസ്താന്റെ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വില്‍ക്കുന്ന കാര്യത്തില്‍ അടുത്ത മാസം അന്തിമ തീരുമാനം എടുക്കുമെന്ന് പ്രൈവറ്റൈസേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഉസ്മാന്‍ ബജ്‌വ പാര്‍ലമെന്റിനെ അറിയിച്ചു.












Click it and Unblock the Notifications