യുഎഇ വിമാനങ്ങള്‍ ജിദ്ദയില്‍ ഇറക്കി എന്ന് വാദം; നിഷേധിച്ച് സൗദി അറേബ്യ, ഏദനില്‍ നിന്ന് വിമാനമില്ല
റിയാദ്: യമനിലെ കാര്യങ്ങളില്‍ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ അല്‍പ്പം അയവ് വന്നെങ്കിലും ആശങ്കള്‍ ഒഴിയുന്നില്ല. യമനിലെ ഏദന്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തിവച്ചു. എപ്പോള്‍ പുനരാരംഭിക്കും എന്ന് വ്യക്തമല്ല. യുഎഇ പിന്തുണച്ചിരുന്ന എസ്ടിസിക്കെതിരെ സൗദി അറേബ്യ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.
പശ്ചിമേഷ്യയില്‍ മുല്ലപ്പൂ വിപ്ലവം ശക്തിപ്പെട്ട 2011ലാണ് യമനിലെ സര്‍ക്കാരിനും ഇളക്കം തട്ടിയത്. ശിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികള്‍ രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കുന്നതിലേക്ക് സംഭവം നയിച്ചു. തുടര്‍ന്ന് ഹൂത്തികള്‍ക്കെതിരെ ശക്തമായ ഒരു ചേരി രൂപപ്പെട്ടു. ഇതില്‍ ഭാഗമായിരുന്നു സൗദി പിന്തുണയ്ക്കുന്ന ഔദ്യോഗിക സര്‍ക്കാരും യുഎഇ പിന്തുണയ്ക്കുന്ന എസ്ടിസിയും.

എന്നാല്‍ അടുത്ത കാലത്ത് എസ്ടിസി സൗദി അതിര്‍ത്തിയോട് ചേര്‍ന്ന ഹളര്‍മൗത്ത്, അല്‍ മഹ്‌റ തുടങ്ങിയ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചു. ഇത് തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാണ് എന്ന് സൗദി മനസിലാക്കി. അതിനിടെയാണ് യുഎഇയില്‍ നിന്ന് ആയുധം നിറച്ച കപ്പല്‍ മുകല്ല തുറമുഖത്ത് വന്നുവെന്ന് സൗദിക്ക് വിവരം ലഭിച്ചതും സൗദി ബോംബിട്ട് കപ്പല്‍ തകര്‍ത്തതും.
യുഎഇ പിന്മാറി, എസ്ടിസി പിന്നോട്ടില്ല
എസ്ടിസിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് യുഎഇയാണ് എന്ന് സൗദി ആരോപിച്ചു. എന്നാല്‍ എസ്ടിസിയെ ആയുധമണിയിക്കാന്‍ തങ്ങളില്ലെന്ന് യുഎഇ വ്യക്തമാക്കി. യുഎഇ സൈന്യം രാജ്യം വിടണമെന്ന് യമനിലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ യുഎഇ യമനിലെ സഖ്യസേനയില്‍ പിന്ന് പിന്മാറുകയും ചെയ്തു. ഇതിന് ശേഷമാണ് ഏദനിലെ വിമാനത്താവളം അടച്ചു എന്ന വിവരം പുറത്തുവന്നത്.
ഹളര്‍മൗത്ത്, മഹ്‌റ പ്രദേശങ്ങളില്‍ നിന്ന് എസ്ടിസി സൈന്യം പിന്മാറാന്‍ തയ്യാറായിട്ടില്ല. ഇതാണ് സൗദി അറേബ്യയെ ചൊടിപ്പിക്കുന്നത്. ഏദനില്‍ നിന്ന് യുഎഇയിലേക്ക് പോകുന്ന വിമാനങ്ങള്‍ സൗദി അറേബ്യ ജിദ്ദയില്‍ ഇറക്കി പരിശോധിക്കുന്നു എന്നാണ് എസ്ടിസി പറയുന്നത്. എന്നാല്‍ ഇക്കാര്യം സൗദി അധികൃതര്‍ നിഷേധിച്ചു. യമനിലെ സര്‍ക്കാരാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നും സൗദി അറിയിച്ചു.
യുഎഇയിലേക്കുള്ള വിമാനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് യമന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് താബിത് അല്‍ അഹമ്മദി അല്‍ ജസീറയോട് പറഞ്ഞു. എസ്ടിസിക്ക് പണം ലഭിക്കുന്നത് തടയാനാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വിമാനങ്ങളും സര്‍വീസ് നിര്‍ത്തുന്നതിനോട് യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയും സൗദിയും യമനുമെല്ലാം ഉള്‍പ്പെട്ട പോര് ശക്തമായതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം സൗദിയിലെയും യുഎഇയിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. ഒമാന്‍ ഭരണകൂടവും സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ട്. യുഎഇയും സൗദിയും തമ്മിലുള്ള പോര് അധികം തുടരില്ല എന്നാണ് വിവരം.












Click it and Unblock the Notifications