കനത്ത മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും, ഇന്നും മേഘാവൃത അന്തരീക്ഷം; യുഎഇയില്‍ ചൂടിന് ആശ്വാസം
ദുബായ്: യു എ ഇയില്‍ ഇന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനംയ ഇന്ന് ഉച്ചയോടെ യു എ ഇയുടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങള്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അവ ഇന്നലെത്തേതിന് സമാനമായി മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും കാരണമാകുമോ എന്ന് ഉറപ്പിക്കാനാവില്ല എന്നും എന്‍ സി എം അറിയിച്ചു.
ഇന്ന് രാവിലെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ മൂടിയിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മെര്‍ക്കുറി റീഡിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്ത് ഇന്ന് താപനില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയില്‍ 46 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 44 ഡിഗ്രി സെല്‍ഷ്യസും താപനില എത്താന്‍ സാധ്യതയുണ്ട്.

അതേസമയം ഇന്ന് വൈകുന്നേരം ഈര്‍പ്പം വീണ്ടും ഉയരും. ചില തീരപ്രദേശങ്ങളില്‍ ഇത് വെള്ളിയാഴ്ച രാവിലെ വരെ തുടരും. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ ഇത് സജീവമാകുകയും 40 കിലോമീറ്റര്‍ വേഗതയില്‍ എത്തുകയും ചെയ്യാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
അതിനിടെ കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായി യുഎഇയിലെ അല്‍ ഐന്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം ആലിപ്പഴത്തിനൊപ്പം കനത്ത മഴയും അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യു എ ഇയില്‍ ഉടനീളം താപനില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച രാജ്യത്തെ താപനില 50.8 ഡിഗ്രിയില്‍ എത്തിയിരുന്നു. പ്രാദേശിക സമയം ജൂലൈ 9 ന് ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയതെന്ന് എന്‍സിഎം അറിയിച്ചു.
ഈ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. കാലാവസ്ഥ കണക്കിലെടുത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സൂചനാബോര്‍ഡുകളിലും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളിലും കാണിച്ചിരിക്കുന്ന വേരിയബിള്‍ സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു.
ഇടയ്ക്കിടെയുള്ള വേനല്‍മഴ യു എ ഇയില്‍ അസാധാരണമല്ല, അവ സാധാരണയായി സെപ്റ്റംബറില്‍ വേനല്‍ക്കാലം അവസാനം വരെ നീണ്ടുനില്‍ക്കും. 'യു എ ഇ അടുത്ത കുറച്ച് ആഴ്ചകളില്‍ മഴ പ്രതീക്ഷിക്കുന്നു, കാരണം വേനല്‍ക്കാല മാസങ്ങളില്‍ മഴ സാധാരണമാണ്, സാധാരണയായി സെപ്റ്റംബര്‍ 23 വരെ നീണ്ടുനില്‍ക്കും,' എന്‍ സി എം ഉദ്യോഗസ്ഥനായ ഡോ അഹമ്മദ് ഹബീബ് ഖലീജ് ടൈംസിനോട് പറഞ്ഞു.












Click it and Unblock the Notifications