Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറും മീറ്ററുകൾ മാത്രം അകലെ, പക്ഷേ...'; ഉത്തരാഖണ്ഡ് തുരങ്ക രക്ഷാപ്രവർത്തനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാം...

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ മറ്റൊരു തടസ്സം നേരിട്ട സാഹചര്യത്തിലാണ് കൈയ്യത്തും ദൂരത്ത് വച്ച് ഡ്രില്ലിംഗ് വീണ്ടും നിർത്തിവയ്ക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരായത്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നിന്ന് 10-12 മീറ്റർ ദൂരം മാത്രമേ ഇനി ഡ്രില്ലിംഗ് അവശേഷിക്കുന്നുള്ളൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് മീറ്ററിനുള്ളിൽ കാര്യമായ ലോഹ തടസങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റഡാർ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഡ്രില്ലിംഗ് മെഷീനിലെ തകരാർ രക്ഷാപ്രവർത്തനം നിർത്തുന്നതിലേക്ക് നയിക്കുകയായിരുന്നു.

 tunne

ഇന്ന് കൂടുതൽ സജ്ജീകരണങ്ങളോട് കൂടിയ മറ്റൊരു ഡ്രില്ലിംഗ് മെഷീൻ കൂടി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഡ്രില്ലിംഗ് മെഷീൻ മുന്നോട്ടുള്ള വഴി തെളിക്കുമ്പോൾ ആറ് മീറ്ററോളം വരുന്ന സ്‌റ്റീൽ പൈപ്പിന്റെ വെൽഡ് ചെയ്‌ത ഭാഗം ഇടുങ്ങിയ തുരങ്കപാതയിലേക്ക് നീക്കും. ഇതിന് ശേഷം പുതുതായി ഉണ്ടാക്കിയെടുത്ത ചെറിയ ടണലിലൂടെ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ ചക്രങ്ങളുള്ള സ്‌ട്രെച്ചറുകളായിരിക്കും ഉപയോഗിക്കുക.

താൽക്കാലികമായി ഡ്രില്ലിംഗ് നിർത്തുകയാണെന്ന് വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. നിരവധി പ്രതിബന്ധങ്ങളെ തകർത്താണ് രക്ഷാപ്രവർത്തനം ഇതുവരെയെത്തിയത്. എന്നാൽ ഏറ്റവും പുതിയ വാർത്ത സമീപത്ത് തന്നെ ഉറ്റവരെ കാത്തിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കളിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ്.

ഡ്രില്ലിംഗ് താൽകാലികമായി നിർത്തുന്നതിന് മുൻപ് ഏകദേശം 60 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ തകർന്ന ഭാഗത്ത് 800 മില്ലിമീറ്റർ വീതിയുള്ള സ്‌റ്റീൽ പൈപ്പിന്റെ 46.8 മീറ്ററോളം വരുന്ന ഭാഗം ഇതുവരെ തുരന്ന ഭാഗത്തേക്ക് ഇറക്കിയിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായ ആറിഞ്ച് വീതിയുള്ള ട്യൂബ് 57 മീറ്ററോളം ഉള്ളിലേക്ക് എത്തിയിരുന്നു. ഇതിലൂടെയാണ് അവർക്ക് ഭക്ഷണം ഉൾപ്പെടെ എത്തിക്കുന്നത്.

രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം തൊഴിലാളികളെ സുരക്ഷിതമായി പോലീസ് അകമ്പടിയോടെ "ഗ്രീൻ കോറിഡോർ" വഴി അതിവേഗം ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗർവാൾ റേഞ്ച് ഇൻസ്‌പെക്‌ടർ ജനറൽ കെഎസ് നഗ്നിയാൽ പിടിഐയോട് അറിയിച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിന് ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഇവിടെ ഒരു മോക്ക് ഡ്രിൽ നടത്തിയിരുന്നു. ഒരു എൻ‌ഡി‌ആർ‌എഫ് ജവാൻ പുതുതായി രക്ഷാപ്രവർത്തനത്തിന് വേണ്ടി ഉണ്ടാക്കിയ ഇടുങ്ങിയ ടണലിലൂടെ സഞ്ചരിച്ചു. ആവശ്യത്തിന് ഇടം ഇതിലുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് തടസമില്ലെന്നും ജവാൻ അറിയിച്ചു.

തൊഴിലാളികൾ മാനസികമായി കരുത്തരാണെന്ന് അധികൃതർ പറയുന്നു. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഉത്തരകാശിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന സിൽക്യാര ടണൽ കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ചാർ ധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഏറ്റവും സുപ്രധാന ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+