ഒടുവില്‍ തീരുമാനമായി; ക്രിക്കറ്റും ഒളിംപിക്‌സിലേക്ക്, എല്ലാവര്‍ക്കും പങ്കെടുക്കാനാകില്ല
ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തി. 2028 ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗം അന്തിമ അംഗീകാരം നല്‍കി. ക്രിക്കറ്റിനെ കൂടാതെ ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിവയും 2028 ഒളിംപിക്‌സിലുണ്ടാകും.
128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ക്രിക്കറ്റ് വീണ്ടും ഒളിംപിക്സില്‍ എത്തുന്നത്. ഗെയിംസിലേക്ക് ക്രിക്കറ്റിന്റെ വരവ് ആവേശകരമാണ് എന്ന് ലോസ് ആഞ്ചലസ് സംഘാടക സമിതി പ്രതികരിച്ചു. ലോസ് ആഞ്ചലസിന് ശേഷം നടക്കുന്ന 2032 ലെ ബ്രിസ്‌ബെന്‍ ഒളിംപിക്സിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തും. വര്‍ഷങ്ങളായി ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യമുയരുന്നുണ്ട്.

എന്നാല്‍ ബി സി സി ഐ ഇതിനോട് വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. ഇതില്‍ ഇത്തവണ മാറ്റം വന്നതോടെയാണ് അടുത്ത ഒൡപിക്‌സിലേക്ക് തന്നെ ക്രിക്കറ്റിന് പ്രവേശിക്കാനായത്. ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ കൂടി ചേര്‍ക്കുന്നത് ഐ ഒ സിയുടെ ഇന്ത്യയുടെ സംപ്രേക്ഷണാവകാശത്തിന്റെ മൂല്യം 100 മില്യണിലധികം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിന്റെ ടി - 20 പതിപ്പായിരിക്കും ഒളിംപിക്‌സില്‍ ഉണ്ടാകുക.
വനിത-പുരുഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ആറ് രാജ്യങ്ങള്‍ക്കായിരിക്കും ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാന്‍ യോഗ്യത ലഭിക്കുക. ഇതിന് മുന്‍പ് 1900 ലെ പാരീസ് ഒളിംപിക്സിലാണ് ക്രിക്കറ്റ് ഇനമായത്. 2022 ലെ ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി 20 ക്രിക്കറ്റ് മത്സരയിനമായിരുന്നു. അടുത്തിടെ അവസാനിച്ച ഏഷ്യന്‍ ഗെയിംസില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ടി 20 ഫോര്‍മാറ്റിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു.
ഐ ഒ സി പ്രസിഡന്റ് തോമസ് ബാച്ചിന്റെ നേതൃത്വത്തില്‍ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടന്നത്. അഞ്ച് മത്സരങ്ങള്‍ പുതുതായി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷം അറിയിച്ച് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും രംഗത്തെത്തി.
അതേസമയം ഒളിംപിക്‌സിലേക്കുള്ള ക്രിക്കറ്റ് ടീമിലേക്ക് പ്രായപരിധി നിശ്ചയിച്ചേക്കും എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടീം അംഗങ്ങളുടെ പ്രായ പരിധി 23 - 25 ആക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.












Click it and Unblock the Notifications