ലോകകപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; വിരാട് കോഹ്‍ലിയെ ഒഴിവാക്കി, കാരണം
മുംബൈ: നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ഒരുവിൽ ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം കിട്ടിയതിന്റെ ആഹ്ളാദാരവങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ലോകകപ്പ് നേടിയ ശേഷം ഇന്ത്യൻ ടീം ഇതുവരെ സ്വന്തം രാജ്യത്ത് മടങ്ങി എത്തിയിട്ടുമില്ല. ഇപ്പോഴിതാ ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. എന്നാൽ വലിയ സർപ്രൈസ് തന്നെയാണ് ഈ ടീമിലുള്ളത്.
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഒരു സൂപ്പർതാരത്തിന് ഇടമില്ലാത്ത പട്ടികയാണ് ആകാശ് ചോപ്ര പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫൈനലിൽ ഒഴികെ മറ്റൊരു മത്സരത്തിലും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാതിരുന്ന വിരാട് കോഹ്ലിയെ ഉൾപ്പെടുത്താത്ത ഇലവനാണ് ആകാശ് ചോപ്ര പ്രഖ്യാപിച്ചത്. സ്കോറിംഗിൽ മികവ് പുലർത്താതിരുന്നതാണ് താരത്തെ ഒഴിവാക്കാൻ കാരണം. കോഹ്ലിക്ക് പുറമേ മറ്റ് ചില മുൻനിര താരങ്ങളെയും ചോപ്ര ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.

കോഹ്‌ലിക്കും പന്തിനും പുറമേ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത അക്‌സർ പട്ടേലിനും ഇടമില്ലാത്ത ടീമാണ് ചോപ്രയുടേത്. ഫൈനലിൽ മാത്രമല്ല പല നിർണായക ഘട്ടങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി താങ്ങായ പ്രകടനം കാഴ്‌ചവച്ച താരമായിരുന്നു അക്‌സർ പട്ടേൽ. ഇന്ത്യൻ ടീമിലെ മുൻനിരക്കാർക്ക് പുറമെ മറ്റ് പല പ്രമുഖരും പട്ടികയിൽ ഇല്ല.
നിലവിൽ ലോകത്തിലെ നമ്പർ വൺ ടി20 ബാറ്ററായ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനും ചോപ്രയുടെ ടീമിൽ ഇടമുണ്ടായിരുന്നില്ല. പാറ്റ് കമ്മിൻസും പുറത്തായിരുന്നു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുതൽ സൂപ്പർ എട്ട്, സെമിഫൈനൽ, ഫൈനൽ എന്നിവ വരെ മികച്ച പ്രകടനം കാഴ്‌ചവച്ച താരങ്ങളെയാണ് ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പേരെടുത്ത് പറഞ്ഞത്.
റഹ്മാനുള്ള ഗുർബാസും രോഹിത് ശർമ്മയും ചേർന്ന ഓപ്പണിംഗ് ജോഡിയാണ് ചോപ്ര തിരഞ്ഞെടുത്തത്. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 281 റൺസ് നേടിയ ഗുർബാസ് 2024 ടി20 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു. രണ്ട് ബാറ്റർമാരും ടൂർണമെന്റിലെ ഏറ്റവും ഉയർന്ന എണ്ണം അർധസെഞ്ചുറികളും നേടി, മൂന്ന്. രോഹിത് തന്നെയായിരിക്കുമെന്നും നായകനെന്നും ചോപ്ര വ്യക്തമാക്കി.
മൂന്നാം നമ്പറിൽ നിക്കോളാസ് പൂരനെയും നാലാം സ്ഥാനത്ത് സൂര്യകുമാർ യാദവിനെയും അഞ്ചാം സ്ഥാനത്ത് ഹെൻറിച്ച് ക്ലാസനെയുമാണ് താരം തിരഞ്ഞെടുത്തത്. ബാറ്റിങ് ഓൾറൗണ്ടർ എന്ന നിലയിൽ ഹർദിക് പാണ്ഡ്യയെയാണ് ചോപ്ര തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. പാണ്ഡ്യയേക്കാൾ മികച്ച പ്രകടനം നടത്തിയ സ്‌റ്റോയിനിസിനെ താരം ഒഴിവാക്കി.
റാഷിദ് ഖാന് പുറമെ രണ്ടാം സ്‌പിന്നറായി അദ്ദേഹം തിരഞ്ഞെടുത്തത് ടി20 ലോകകപ്പിൽ 14 വിക്കറ്റ് നേടിയ ബംഗ്ലാദേശിന്റെ റിഷാദ് ഹൊസൈനെ ആയിരുന്നു. ഇന്ത്യൻ സ്‌പിന്നർമാരായ കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവരെ ചോപ്ര ഒഴിവാക്കി. ഫസൽഹഖ് ഫാറൂഖി, ഇന്ത്യയുടെ അർഷദീപ് സിംഗ് എന്നിവർക്ക് പുറമെ ടൂർണമെന്റിലെ താരം ജസ്പ്രീത് ബുമ്രയും ഈ ഇലവനിൽ ഇടം നേടി.












Click it and Unblock the Notifications