കൂടുതല്‍ ടെസ്റ്റ് കളിക്കുന്നവര്‍ക്ക് ഇന്‍സെന്റീവ്; രോഹിതിനും കോലിക്കും മാത്രം ലഭിക്കുക എത്രയെന്നറിയാമോ?
ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ 'ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം' അവതരിപ്പിച്ചുകൊണ്ട് ബി സി സി ഐ ടെസ്റ്റ് ക്രിക്കറ്റിന് മുന്‍ഗണന നല്‍കുന്നതിനുള്ള ഒരു സുപ്രധാന നടപടി സ്വീകരിച്ചിരിക്കുകയാണ്. ഒരു വര്‍ഷം കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഭാഗമാകുന്ന താരങ്ങള്‍ക്കായി ഗണ്യമായ സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്യുന്നതാണ് ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം.
ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ മുന്‍നിര താരങ്ങള്‍ക്ക് പ്രതിഫലമായി വലിയൊരു തുക തന്നെ കൈയിലെത്തും. ഈ സ്‌കീമിന് കീഴില്‍ ഒരു സീസണിലെ ഷെഡ്യൂള്‍ ചെയ്ത ടെസ്റ്റുകളുടെ 75% എങ്കിലും കളിക്കുന്ന കളിക്കാര്‍ക്ക് നിലവിലുള്ള 15 ലക്ഷം രൂപ മാച്ച് ഫീക്ക് പുറമെ ഒരു മത്സരത്തിന് 45 ലക്ഷം രൂപ കൂടി ഇന്‍സെന്റീവ് ആയി ലഭിക്കും. ഒരു സീസണിലെ 10 ടെസ്റ്റുകളിലും പങ്കെടുക്കുന്ന ഒരു കളിക്കാരന് 4.5 കോടി രൂപയാണ് അക്കൗണ്ടിലെത്തുക.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ഉദാഹരണമായി എടുക്കാം. 2023-24 സീസണില്‍ 10 ടെസ്റ്റുകളും കളിച്ചതിനാല്‍, മാച്ച് ഫീ ഇനത്തില്‍ 1.5 കോടി രൂപ (15 ലക്ഷം*10 ) താരത്തിന് നേടാനാകും. 4.5 കോടിയുടെ ടെസ്റ്റ് ഇന്‍സെന്റീവ് കൂടി ചേര്‍ത്താല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ആകെ വരുമാനം 6 കോടി രൂപയിലെത്തുന്നു. ഇതില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക റീട്ടെയ്നര്‍ ഫീയായ 7 കോടി രൂപ കൂടി കൂട്ടുന്നതോടെ അദ്ദേഹത്തിന്റെ മൊത്തം വരുമാനം 13 കോടി രൂപയാകും.
സീസണിലെ ടെസ്റ്റുകളുടെ 50%-ത്തില്‍ താഴെ കളിക്കുന്നവര്‍ക്ക് (ഒമ്പത്-ടെസ്റ്റ് സീസണില്‍ 4 അല്ലെങ്കില്‍ 5 മത്സരങ്ങളില്‍ കുറവ്) സാധാരണ മാച്ച് ഫീ മാത്രമേ ലഭിക്കൂ. എന്നിരുന്നാലും ടെസ്റ്റുകളുടെ 50% മുതല്‍ 75% വരെ (5 മുതല്‍ 6 വരെ മത്സരങ്ങള്‍) കളിക്കുന്നവര്‍ക്ക് ഒരു മത്സരത്തിന് 30 ലക്ഷം രൂപ അധികമായി ലഭിക്കും. ഉദാഹരണത്തിന്, ആറ് ടെസ്റ്റുകള്‍ കളിക്കുന്ന ഒരു കളിക്കാരന് മാച്ച് ഫീ ഇനത്തില്‍ 90 ലക്ഷം രൂപ ലഭിക്കും.
കൂടാതെ ഇന്‍സെന്റീവായി 1.8 കോടി രൂപയും മൊത്തം 2.70 കോടി രൂപയും ലഭിക്കും. മുന്‍കാല പ്രാബല്യത്തിലാണ് ബി സി സി ഐ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അതായത് 2022-23 സീസണില്‍ പങ്കെടുത്ത കളിക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2022-23, 2023-24 സീസണുകളിലായി ഏകദേശം 45 കോടി രൂപയാണ് ബിസിസിഐ ഇതിനായി കണക്കാക്കുന്നത്. സാമ്പത്തിക പ്രതിഫലങ്ങള്‍ക്കപ്പുറം ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ബിസിസിഐയുടെ പ്രതിബദ്ധതയും ഈ പദ്ധതി വെളിവാക്കുന്നു.












Click it and Unblock the Notifications