കോലിയെ തേടി ആരാധകന്റെ സര്‍പ്രൈസ്; വജ്രങ്ങള്‍ പതിപ്പിച്ച ബാറ്റ് സമ്മാനമായി എത്തും!!
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകരുടെ കാര്യത്തില്‍ മുന്നിലുള്ള താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും, ധോണിക്കും ശേഷം, ഇത്രത്തോളം ആരാധകരെ സ്വന്തമാക്കിയ വേറെ താരവുമുണ്ടാവില്ല. ഓഗസ്റ്റ് 18നാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയത്. താരത്തിന് ലോകത്തെല്ലായിടത്ത് നിന്നും ആശംസകള്‍ ലഭിച്ചിരുന്നു. 2008 ഓഗസ്റ്റ് 18ന് ദാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം.
അതിന് ശേഷം ലോക ക്രിക്കറ്റിനെ തന്നെ ബാറ്റിംഗ് മികവ് കൊണ്ട് കോലി ഭരിക്കുന്നതാണ് കണ്ടത്. എന്നാല്‍ താരത്തിന് ഇപ്പോള്‍ ഒരു ആരാധകന്‍ നല്‍കാന്‍ പോകുന്ന സമ്മാനമാണ് ചര്‍ച്ചയാവുന്നത്. ഒരാള്‍ക്കും ലഭിക്കാന്‍ സാധ്യതയില്ലാത്ത സമ്മാനമാണ് കോലിക്ക് ലഭിക്കാന്‍ പോകുന്നത്. കോലിയോടുള്ള തന്റെ ആരാധന കാണിക്കാന്‍ വജ്രത്തില്‍ പൊതിഞ്ഞ ഒരു ബാറ്റാണ് സൂറത്തില്‍ നിന്നുള്ള ഒരു വ്യാപാരി സമ്മാനമായി നല്‍കാന്‍ പോകുന്നത്.

1.04 ക്യാരറ്റ് ഡയമണ്ട് പതിപ്പിച്ചതാണ് ഈ ബാറ്റ്. ഏകദിന ലോകകപ്പിന് മുമ്പ് ഈ സമ്മാനം കോലിക്ക് ആരാധകന്‍ സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. 15 മില്ലി മീറ്റര്‍ നീളത്തിലുള്ളതാണിത്. ഇതിന്റെ വില തന്നെ ആരെയും ഞെട്ടിക്കും. 10 ലക്ഷം രൂപയാണ് ഇതിന്റെ വില. ഒരു മാസത്തോളം എടുത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്.കോലിയുടെ കരിയര്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹത്തിന്റെ ആരാധകനാണ് ഈ വ്യാപാരി.
ഉത്പല്‍ മിസ്ത്രി എന്ന ഡയമണ്ട് ടെക്‌നോളജി വിദഗ്ധനാണ് ഈ വജ്ര ബാറ്റിന്റെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നത്. സൂറത്തിലെ ലെക്‌സസ് സോഫ്റ്റ്മാക് കമ്പനിയുടെ ഡയറക്ടറാണ് അദ്ദേഹം. മിസ്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഈ വജ്ര ബാറ്റ് നിര്‍മിച്ചത്. അതേസമയം ഈ ബാറ്റ് ഇപ്പോള്‍ സര്‍ട്ടിഫിക്കേഷനായി അയച്ചിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റര്‍മാരിലൊരാള്‍ക്ക് സമ്മാനം നല്‍കുമ്പോള്‍ അത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു സ്വാഭാവിക വജ്രവും, ലാബില്‍ ഉണ്ടാക്കിയ വജ്രവും തമ്മിലുള്ള വ്യത്യാസവും ഒരു മെഷീന്റെ സഹായമില്ലാതെ കണ്ടെത്താനാവില്ല. അതുകൊണ്ട് കൃത്യമായി എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മിസ്ത്രി പറഞ്ഞു. അതേസമയം ഈ വജ്രത്തിലേക്ക് നോക്കിയാല്‍ തന്നെ അത് സ്വാഭാവികമാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കണമെന്നും ഉത്പല്‍ മിസ്ത്രി പറഞ്ഞു.
ബാറ്റിന്റെ മുകള്‍ ഭാഗം അത്തരത്തില്‍ വജ്രത്തില്‍ പൊതിഞ്ഞതായിരിക്കും. ലാബില്‍ നിര്‍മിച്ചതായിരിക്കില്ല ഈ ബാറ്റില്‍ ഉള്ള ഒരു വജ്രവുമെന്ന് അദ്ദേഹം പറയുന്നു. ലോകകപ്പിന് മുമ്പ് വിരാട് കോോലി പക്ഷേ ഏഷ്യാ കപ്പില്‍ കളിക്കുമെന്നാണ് സൂചന. ഓഗസ്റ്റ് മുപ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണത്തെ ടൂര്‍ണമെന്റില്‍ 276 റണ്‍സുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ മികച്ച സ്‌കോറര്‍ ആവാനും കോലിക്ക് സാധിച്ചിരുന്നു. 71ാം അന്താരാഷ്ട്ര സെഞ്ച്വറിയും ഈ ടൂര്‍ണമെന്റിലാണ് കോലി നേടിയത്.












Click it and Unblock the Notifications