'ഒരു പഴം പൊരിയിൽ തുടങ്ങിയ പ്രണയം'; പതിനെട്ടാം വയസിലെ പ്രണയകഥ വെളിപ്പെടുത്തി സഞ്ജു
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായ സഞ്ജു ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം കൂടിയാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും വിവാഹത്തിലേക്ക് നയിച്ച വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് താരം. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ഒരു പഴംപൊരിയിൽ തുടങ്ങിയ പ്രണയമാണ് സഞ്ജുവിന്റേയും ചാരുവിന്റെയും വിവാഹത്തിലേക്ക് നയിച്ചതെന്ന് ഇരുവരും പറയുന്നു. 'പതിനെട്ടാം വയസിൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ പഠിക്കാനായി ചെന്നു. അവിടെ ക്യാന്റീനിൽ പഴംപൊരി കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ അപ്പുറത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി. പിന്നെയൊരു വൈബ് കിട്ടി. അതാണ് ചാരു' സഞ്ജു പറയുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ നൽകുന്നയാൾ ചാരുവാണെന്ന് സഞ്ജു സാംസൺ പറഞ്ഞു. വിവാഹ ശേഷം ഇരുവരും ചേർന്ന് ഒരു ഉറച്ച തീരുമാനം എടുത്തെന്നും സഞ്ജു പറയുന്നു. ചാരു പഠനം പൂർത്തിയാക്കിയ സമയമായിരുന്നു അത്. ഇനി എന്ത് ചെയ്യണമെന്ന ചോദ്യം ഉയർന്നു. ചാരുവിന്റെ സുഹൃത്തുക്കൾ എല്ലാവരും പഠനം പൂർത്തിയാക്കിയ ശേഷം വിദേശത്ത് ഉൾപ്പെടെ ജോലി നേടിയിരുന്നുവെന്നും സഞ്ജു പറഞ്ഞു.
എന്റെ കരിയറിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ചാരു വീട്ടിലിരുന്നത്. നാട്ടുകാർ പലതും പറയും, ഇത്രയൊക്കെ പഠിച്ചിട്ടുണ് ജോലിക്ക് പോകുന്നില്ലേ എന്ന് ചോദ്യവുമായി പലരും വരാറുണ്ട്. എന്നാൽ ഞങ്ങളുടെ വ്യക്തി ജീവിതത്തിൽ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.
നാട്ടുകാർ എന്ത് വിചാരിക്കും എന്ന ചിന്ത ഇല്ലാതെയാണ് ചാരു തനിക്കൊപ്പം നിന്നതെന്നും, വിവാഹ ശേഷമാണ് താൻ കൂടുതൽ ജീവിതം എൻജോയ് ചെയ്യാൻ തുടങ്ങിയതെന്നും സഞ്ജു പറയുന്നു. സിംബാബ്‌വേ സീരീസിൽ പങ്കെടുക്കാനായി ചാരുവിനെയും ഒപ്പം കൂട്ടിയ ഓർമ്മയും സഞ്ജു പങ്കുവച്ചു. തനിക്ക് ആദ്യമായി കിട്ടിയ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ചാരുവിനാണ് നൽകിയതെന്നും സഞ്ജു തുറന്നു പറഞ്ഞു.
2018ലാണ് സഞ്ജു സാംസണും ചാരുലതയും തമ്മിലുള്ള വിവാഹം നടന്നത്. 2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീടാണ് ആറ് വർഷത്തിന് ശേഷം വിവാഹം നടന്നത്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടിയും സഞ്ജു സാംസൺ പാഡണിയുന്നുണ്ട്.












Click it and Unblock the Notifications