ഒറ്റകളി പോലും കളിക്കാത്ത സഞ്ജുവിന് 125 കോടി രൂപയില്‍ ലഭിക്കുന്നത് ഇത്ര! കോലിക്കും രോഹിതിനും തുല്യം.!
ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു കഴിഞ്ഞ ആഴ്ച മുംബൈയില്‍ ഒരുക്കിയിരുന്നത്. 2013 ന് ശേഷം നേടുന്ന ഐസിസി കപ്പ്, 2011 ന് ശേഷം നേടുന്ന ലോകകപ്പ്, 2007 ന് ശേഷം നേടുന്ന ടി20 ലോകകപ്പ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഇത്തവണ ലോകകിരീടം നേടുമ്പോള്‍ ടീം ഇന്ത്യയ്ക്കുണ്ടായിരുന്നത്. അതിനാല്‍ തന്നെ മുംബൈയില്‍ എത്തിയ ക്രിക്കറ്റ് ആരാധകരുടെ ആവേശത്തിന് കാത്തിരിപ്പിന്റെ സുഖം കൂടിയുണ്ട്.
ആരാധകരുടെ അതേ ആവേശത്തിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും. അതുകൊണ്ടാണ് ലോകം കീഴടക്കിയ ടീം ഇന്ത്യയ്ക്ക് ഒട്ടും വൈകാതെ 125 കോടി രൂപ ബി സി സി ഐ പ്രതിഫലം പ്രഖ്യാപിച്ചതും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് ഇതിന്റെ ചെക്ക് ടീം ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. 15 ഫസ്റ്റ്-ടീം കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, റിസര്‍വ് അംഗങ്ങള്‍ തുടങ്ങി മൊത്തം 42 പേരാണ് ലോകകപ്പിനായി അമേരിക്കയിലേക്കും വെസ്റ്റ് ഇന്‍ഡീസിലേക്കും യാത്ര ചെയ്തിരുന്നത്.

ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയായ 125 കോടി രൂപയും ഈ 42 പേര്‍ക്ക വീതിച്ച് ലഭിക്കും. അതായത് ഈ തുക കളിക്കാര്‍ക്കിടയില്‍ മാത്രമല്ല, സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും റിസര്‍വുകള്‍ക്കും 42 അംഗ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും വിതരണം ചെയ്യും. എന്നിരുന്നാലും, സമ്മാനത്തുകയുടെ വിഹിതം ഓരോ റോളിനും അനുസരിച്ച് വ്യത്യാസപ്പെടുന്നു. 15 അംഗ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക.
അതായത് ഒറ്റ കളി പോലും കളിക്കാത്ത സഞ്ജു സാംസണിനും യുസ്‌വേന്ദ്ര ചാഹലിനും യശ്വസി ജയ്‌സ്വാളിനും പോലും അഞ്ച് കോടി രൂപ ലഭിക്കും. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ ലഭിക്കും എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരുള്‍പ്പെടെ ദ്രാവിഡിന്റെ കോച്ചിംഗ് സ്റ്റാഫിന് 2.5 കോടി വീതം ലഭിക്കും.
ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനൊപ്പം നാല് റിസര്‍വ് കളിക്കാരെയും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തു. റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരായിരുന്നു അവര്‍. ഇവര്‍ക്ക് ഒരു കോടി രൂപ വീതം പ്രതിഫലം നല്‍കും. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം വിതരണം ചെയ്യും.
സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്ള മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്ക് 2 കോടി രൂപ വീതം ലഭിക്കും. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുകയെക്കുറിച്ച് അറിയിച്ചിട്ടുണ്ട് എന്നും എല്ലാവരോടും ഒരു ഇന്‍വോയ്‌സ് സമര്‍പ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ലോകകപ്പ് ജേതാക്കള്‍ക്കായി പ്രഖ്യാപിച്ച 125 കോടി രൂപയുടെ സമ്മാനം കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, പരിശീലകര്‍, സെലക്ടര്‍മാര്‍ എന്നിവരെയും ഉള്‍ക്കൊള്ളുന്നു എന്ന് നേരത്തെ തന്നെ ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. അതേസമയം ടീം ഇന്ത്യയുടെ തിരിച്ചുവരവിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications