'റിസ്‌വാനോട് ഗ്രൗണ്ടില്‍ നിസ്‌കരിക്കാന്‍ ആരെങ്കിലും പറഞ്ഞോ?' ; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ മുന്‍താരം
ലോകകപ്പില്‍ അട്ടിമറികളും വന്‍വീഴ്ചകളുമായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കിടെയുണ്ടായ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം. മത്സരത്തില്‍ ഇന്ത്യ മികച്ച വിജയമാണ് നേടിയത്. ഇതോടെ പോയന്റ് ടേബിളില്‍ മൂന്ന് വിജയങ്ങളുമായി ഒന്നാമതെത്താനും ഇന്ത്യയ്ക്കായി.
എന്നാല്‍ വലിയ വിവാദങ്ങളും കളിക്കിടെയുണ്ടായി. പാകിസ്ഥാന്‍ ആരാധകര്‍ ഇന്ത്യ വിസ നിഷേധിച്ചത് കാരണം ലോകകപ്പ് നേരിട്ട് കാണാന്‍ എത്തിയിരുന്നില്ല. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ ഇന്ത്യന്‍ ആരാധകരുടെ സാന്നിധ്യത്തിലാണ് രോഹിതും സംഘവും മൈതാനത്തിറങ്ങിയത്. ഇതിനെതിരെ പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ രംഗത്തെത്തിയിരുന്നു.

ലോകകപ്പ് ഐ സി സി ഇവന്റായല്ല, ബി സി സി ഐ ഇവന്റായാണ് തോന്നുന്നത് എന്നായിരുന്നു മിക്കി ആര്‍തര്‍ പറഞ്ഞത്. മാത്രമല്ല പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ ആരാധകര്‍ കൂക്കി വിളിച്ചതും ജയ് ശ്രീറാം വിളിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഐ സി സിക്ക് പരാതി നല്‍കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ പി സി ബിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നും സ്വന്തം തെറ്റുകള്‍ നോക്കുന്നില്ലെന്നും ഡാനിഷ് കനേരിയ പറഞ്ഞു. മിക്കി ആര്‍തര്‍ ലോകകപ്പിനെ 'ബി സി സി ഐ ഇവന്റ്' എന്ന് വിളിച്ചതും പാക് താരം റിസ്വാന്‍ മൈതാനത്ത് നമസ്‌കരിക്കുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചോദ്യം ചെയ്ത് കൊണ്ടാണ് ഡാനിഷ് കനേരിയയുടെ പ്രതികരണം.
'ഇന്ത്യയ്ക്കും ഹിന്ദുക്കള്‍ക്കും എതിരെ അഭിപ്രായം പറയാന്‍ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക സൈനബ് അബ്ബാസിനോട് ആരാണ് ആവശ്യപ്പെട്ടത്? ഐ സി സി ഇവന്റിനെ ബി സി സി ഐ ഇവന്റ് എന്ന് വിളിക്കാന്‍ മിക്കി ആര്‍തറിനോട് ആവശ്യപ്പെട്ടത് ആരാണ്? കളിസ്ഥലത്ത് നമസ്‌കരിക്കാന്‍ റിസ്വാനോട് ആരാണ് ആവശ്യപ്പെട്ടത്? മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രം നോക്കിയിരിക്കരുത്' എന്നായിരുന്നു കനേരിയയുടെ ട്വീറ്റ്.
അതേസമയം പിസിബിയുടെ ക്രിക്കറ്റ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സാക്ക അഷ്റഫ് തിങ്കളാഴ്ച ലാഹോറില്‍ തിരിച്ചെത്തിയെന്നും തന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ബോര്‍ഡ് ഉദ്യോഗസ്ഥരുമായി തുടര്‍ച്ചയായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. കളിക്കാര്‍ക്കെതിരായ ഇന്ത്യയിലെ മോശം പെരുമാറ്റത്തില്‍ സാക്ക നിരാശനാണ് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications