സെമി കാണാതെ പാകിസ്ഥാന്റെ മടക്കം, ഒപ്പം നാണംകെട്ട റെക്കോഡുമായി ഹാരിസ് റൗഫും
ലോകകപ്പിന്റെ എല്ലാ പതിപ്പുകളും പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കാറുണ്ട്. ഏതൊരു താരവും ലോകകപ്പിലെ റെക്കോഡുകള്‍ തങ്ങളുടെ കരിയറിലെ പൊന്‍തൂവലായി കാത്തുസൂക്ഷിക്കാം. എന്നാല്‍ പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് മറക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പ് ആയിരിക്കും ഇത്. പാകിസ്ഥാന്‍ സെമി കാണാതെ ലോകകപ്പില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ നാണംകെട്ട ഒരു റെക്കോഡും സ്വന്തം പേരില്‍ കുറിച്ച് കൊണ്ടാണ് ഹാരിസ് മടങ്ങുന്നത്.
ലോകകപ്പിന്റെ രൊറ്റ പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന റെക്കോഡാണ് ഹാരിസ് റൗഫ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഈ ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ 533 റണ്‍സാണ് ഹാരിസ് വഴങ്ങിയത്. 2019 ലോകകപ്പില്‍ 526 റണ്‍സ് വഴങ്ങിയ ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദിന്റെ പേരിലുള്ള റെക്കോഡാണ്‌ല ഹാരിസ് റൗഫ് ഇക്കുറി തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

ഈ ലോകകപ്പില്‍ 16 വിക്കറ്റുകളാണ് ഹാരിസിന്റെ സമ്പാദ്യം. ഒരു മെയ്ഡന്‍ ഓവര്‍ മാത്രമാണ് ഒമ്പത് മത്സരങ്ങളില്‍ എറിഞ്ഞത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം 3/43 ആയിരുന്നു. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 64 റണ്‍സാണ് വിട്ടുകൊടുത്തത്. 6.40 ആണ് ഇക്കോണമി റേറ്റ്. തകര്‍പ്പന്‍ വേഗത്തിന് പേരുകേട്ട റൗഫ് ലോകകപ്പില്‍ എതിരാളികളെ ഭയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. മാത്രമല്ല ബാറ്റ്‌സ്മാന്‍മാര്‍ കൂസലില്ലാതെ അദ്ദേഹത്തെ നേരിടുകയും ചെയ്തു. അവസാന ലീഗ് മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, മൊയിന്‍ അലി എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ഹാരിസ് നേടിയത്. 18 വിക്കറ്റ് വീഴ്ത്തി ഷഹീന്‍ ഷാ അഫ്രീദി പാകിസ്ഥാന്റെ ഈ ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി.
എന്നാല്‍ 481 റണ്‍സാണ് ഷഹീന്‍ അഫ്രീദി വഴങ്ങിയത്. ഈ ലോകകപ്പില്‍ തന്നെ 9 മത്സരങ്ങളില്‍ നിന്ന് 525 റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്കയാണ് ലോകകപ്പിലെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2019 ല്‍ 10 മത്സരങ്ങളില്‍ നിന്ന് 502 റണ്‍സ് വഴങ്ങി 10 വിക്കറ്റ് എടുത്ത ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് പട്ടികയില്‍ നാലാം സ്ഥാനത്താണ്.












Click it and Unblock the Notifications