ഐപിഎല്‍ 2024: മൊഹാലിയില്‍ പഞ്ചാബിന്റെ ഷോ, ലിവിംഗ്‌സ്റ്റണിന്റെ ഫിനിഷിംഗ്, 4 വിക്കറ്റ് ജയം
മൊഹാലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 4 വിക്കറ്റ് വിജയം. ഡല്‍ഹി ഉയര്‍ത്തി 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 4 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം കണ്ടത്. സാം കറനിന്റെയും ലിയാം ലിവിംഗ്സ്റ്റണിന്റെയും ബാറ്റിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ചേസിംഗില്‍ മികച്ച തുടക്കം തന്നെയാണ് പഞ്ചാബിന് ലഭിച്ചത്.
3.1 ഓവറില്‍ 34 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ശിഖര്‍ ധവാന്‍(22) ആയിരുന്നു സ്‌കോര്‍ ചെയ്തത്. 16 പന്തില്‍ നാല് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം 22 റണ്‍സെടുത്തത്. ജോണി ബെയര്‍സ്‌റ്റോ(9) പ്രഭ്‌സിമ്രന്‍ സിംഗ്(26) ജിതേഷ് ശര്‍മ(9) എന്നിവരെല്ലാം വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

12ാം ഓവറില്‍ നാലിന് 100 റണ്‍സ് എന്ന നിലയില്‍ പഞ്ചാബ് വീണപ്പോഴാണ് ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍ കൂട്ടുകെട്ട് വരുന്നത്. 47 പന്തില്‍ 6 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കറന്റെ ഇന്നിംഗ്‌സ്. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ലിവിംഗ്സ്റ്റണ്‍ 21 പന്തിലാണ് 38 റണ്‍സടിച്ചത്അവസാന ഓവറിന്റെ രണ്ടാം പന്തില്‍ സിക്‌സറടിച്ചാണ് ലിവിംഗ്സ്റ്റണ്‍ പഞ്ചാബിനെ വിജയിപ്പിച്ചത്.
നേരത്തെ തകര്‍ന്നടിഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സിനെ കരകയറ്റി അഭിഷേക് പോറല്‍. 150 റണ്‍സ് പോലും സാധ്യമാകില്ലെന്ന് കരുതി മത്സരത്തില്‍ 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിംഗ്‌സിന് മുമ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയിരിക്കുന്നത്. ഇംപാക്റ്റ് പ്ലെയറായി ക്രീസിലെത്തിയ പോറല്‍ ടീമില്‍ ശരിക്കും ഇംപാക്ട് ഉണ്ടാക്കുകയായിരുന്നു.
മുന്‍നിരയും മധ്യനിരയുമെല്ലാം തകര്‍ന്ന ടീമിനെയാണ് അവസാന ഓവറിലെ തകര്‍പ്പന്‍ അടിയില്‍ പോറല്‍ മികച്ച സ്‌കോറിലെത്തിയത്. ഇതോടെ ഡല്‍ഹിക്ക് പോരാടാനുള്ള സ്‌കോര്‍ കൂടിയാണ് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നേറിയ ഡല്‍ഹി പക്ഷേ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് തകര്‍ച്ചയിലേക്ക് വീണത്.
ടോസ് നേടിയ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ 54 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷ്(20) ഡേവിഡ് വാര്‍ണര്‍(29) എന്നിവര്‍ നല്ല തുടക്കമാണ് ടീമിന് സമ്മാനിച്ചത്. മാര്‍ഷ് 12 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറും അടിച്ചാണ് 20 റണ്‍സെടുത്തത്. വാര്‍ണര്‍ 21 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 29 റണ്‍സെടുത്തു.
സ്‌കോര്‍ 39ല്‍ നില്‍ക്കവെയാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്. ഷായ് ഹോപ്പ്(33) റിഷഭ് പന്ത്(18) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ ആര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല. റിക്കി ഭൂയി(3) ട്രിസ്റ്റന്‍ സ്റ്റബ്‌സ്(5) അക്‌സര്‍ പട്ടേല്‍(21) സുമിത് കുമാര്‍(2) എന്നിവരെല്ലാം നിരാശപ്പെടുത്തി.
10 പന്തില്‍ 32 റണ്‍സടിച്ച പോറലാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 25 റണ്‍സാണ് ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ പോറല്‍ അടിച്ചെടുത്തത്. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറികളും താരം പറത്തി. പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. റബാദ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications