ഗുജറാത്തിനെ നാണംകെടുത്തി ഡല്‍ഹി; ആറ് വിക്കറ്റ് ജയം
ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 90 റണ്‍സ് വിജലക്ഷ്യം 67 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്തും (16) സുമിത് കുമാറും (9) പുറത്താകാതെ നിന്നു. ജേക്ക് ഫ്രേസര്‍ 20 റണ്‍സും ഷായ് ഹോപ്പ് 19 റണ്‍സുമെടുത്ത് പുറത്തായി. ചെറിയ ടോട്ടലിലേക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഡല്‍ഹിയുടെ വിജയത്തിന്റെ തിളക്കം കുറച്ചു.
പൃഥ്വി ഷാ (7) അഭിഷേക് പോറല്‍ (15) എന്നിവര്‍ നിരാശപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിനായി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും സ്‌പെന്‍സര്‍ ജോണ്‍സണും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് വീതമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ആറാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റന്‍സ് ഏഴാം സ്ഥാനത്തുമാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 17.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി.

ഡല്‍ഹി ക്യാപിറ്റല്‍സിനായി പന്തെറിഞ്ഞവരെല്ലാം ലൈനും ലെംഗ്തും കണ്ടെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ എട്ട് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ഇശാന്ത് ശര്‍മ്മ മടക്കി. അവിടന്നങ്ങോട്ട് ഗുജറാത്ത് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണു. വൃദ്ധിമാന്‍ സാഹ (2), സായ് സുദര്‍ശന്‍ (12), ഡേവിഡ് മില്ലര്‍ (2), അഭിനവ് മനോഹര്‍ (8), ഷാരൂഖ് ഖാന്‍ (0) എന്നിവര്‍ വന്ന പോലെ മടങ്ങി.
ഇതോടെ 48 ന് ആറ് എന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ന്നു. രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും അക്സര്‍ പട്ടേല്‍ എത്തിയതോടെ ആ പ്രതീക്ഷയും അറ്റു. തന്റെ രണ്ടാം ഓവറില്‍ തന്നെ രാഹുല്‍ തെവാട്ടിയയെ ( 10 ) അക്സര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി പറഞ്ഞയച്ചു. വാലറ്റത്ത് റാഷിദ് ഖാന്‍ (31) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഗുജറാത്തിനെ 89 ല്‍ എത്തിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സിനായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഇശാന്ത് ശര്‍മ്മയും ട്രിസ്റ്റന്‍ സ്റ്റബ്സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.












Click it and Unblock the Notifications