കില്ലര്‍ മില്ലര്‍ ഷോ, ഹൈദരാബാദിനെ പറപ്പിച്ച് ഗുജറാത്ത്; 7 വിക്കറ്റ് വിജയം
ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച വിജയം. ഏഴ് വിക്കറ്റിനാണ് ടീം സ്വന്തം തട്ടകത്തില്‍ വിജയിച്ചത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം പിടിച്ചത്.
വൃദ്ധിമാന്‍ സാഹ(25) ശുഭ്മാന്‍ ഗില്‍(36) എന്നിവര്‍ ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. 4.1 ഓവറില്‍ ഓപ്പണിംഗില്‍ 36 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്. സാഹ പതിമൂന്ന് പന്ത് മാത്രം നേരിട്ടാണ് 25 റണ്‍സടിച്ചത്. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും താരം അടിച്ചു. ഗില്ലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് ബൗണ്ടറിയും ഒരു ഉണ്ടായിരുന്നു.

സായ് സുദര്‍ശന്‍(45) ഡേവിഡ് മില്ലര്‍(44*) സഖ്യമാണ് ടീമിന് വിജയം ഉറപ്പാക്കിയത്. സുദര്‍ശന്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. മില്ലറുടെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമുണ്ടായിരുന്നു. ഹൈദരാബാദ് നിരയില്‍ ഷഹബാസ് അഹമ്മദ്, മായങ്ക് മാര്‍ക്കണ്ഡെ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ കളിയിലെ വെടിക്കെട്ട് പ്രതീക്ഷിച്ചിറങ്ങിയ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അഹമ്മദാബാദില്‍ കാണാന്‍ കഴിഞ്ഞത്. ഹൈദരാബാദ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെയെല്ലാം തളച്ചിടാനും ഗുജറാത്ത് ബൗളര്‍മാര്‍ക്ക് സാധിച്ചു. വിചാരിച്ചത് പോലെ സ്‌കോറിന് വേഗം കൂട്ടാന്‍ ടീമിന് സാധിച്ചതേയില്ല. മായങ്ക് അഗര്‍വാള്‍(16) ട്രാവിസ് ഹെഡ്(19) എന്നിവര്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. മായങ്ക് പുറത്താവുമ്പോള്‍ 4.2 ഓവറില്‍ 34 റണ്‍സായിരുന്നു ടീമിന് ഉണ്ടായിരുന്നത്.
കഴിഞ്ഞ കളിയിലെ പോലെ ട്രാവിസ് ഹെഡ്ഡും അഭിഷേക് ശര്‍മയും(29) തകര്‍ത്തടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 14 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ 19 റണ്‍സെടുത്ത ഹെഡിനെ നൂറ് അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. ഇരുപത് പന്തില്‍ 29 റണ്‍സെടുത്ത അഭിഷേക് ശര്‍മയും അധികം വൈകാതെ മടങ്ങിയതോടെ ഗുജറാത്ത് മത്സരത്തില്‍ പിടിമുറുക്കി. 2 ബൗണ്ടറിയും രണ്ട് സിക്‌സറും അഭിഷേകിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
എയ്ഡന്‍ മാക്രം(17) ഹെയ്ന്റിച്ച് ക്ലാസന്‍(24) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും അധികം മുന്നോട്ട് പോകാനായില്ല. ക്ലാസന്‍ 13 പന്തില്‍ രണ്ട് സിക്‌സറും ഒരുബൗണ്ടറിയും അടക്കമാണ് 24 റണ്‍സെടുത്തത്. 20 പന്തില്‍ 22 റണ്‍സെടുത്ത ഷഹബാസ് അഹമ്മദും ടീം ടോട്ടലിലേക്ക് സംഭാവന നല്‍കി. എന്നാല്‍ സ്‌കോര്‍ 160 റണ്‍സിലെത്തിച്ചത് അബ്ദുള്‍ സമാണ്.
14 പന്തിലായിരുന്നു സമദ് 29 റണ്‍സെടുത്തത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. ഗുജറാത്ത് നിരയില്‍ നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മൊഹിത് ശര്‍മയാണ് തിളങ്ങിയത്. നൂര്‍ അഹമ്മദ്, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, ഒമര്‍സായ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications