IPL 2024: പഞ്ചാബേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ജയിച്ച കളി കൈവിട്ടു, ലഖ്‌നൗവിന് 21 റണ്‍സ് ജയം
ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോല്‍വി. വിജയിക്കാന്‍ വലിയ സാധ്യത ഉണ്ടായിട്ടും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് അനാവശ്യ സമ്മര്‍ദത്തിലേക്ക് വീണാണ് പഞ്ചാബ് തോല്‍വി വഴങ്ങിയത്. 21 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ വിജയം.
200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ഗംഭീരമായ തുടക്കമാണ് ലഭിച്ചത്. ശിഖര്‍ ധവാന്‍(70) ജോണി ബെയര്‍സ്‌റ്റോ(42) എന്നിവര്‍ ചേര്‍ന്ന് 11.4 ഓവറില്‍ 102 റണ്‍സടിച്ചു. ഈ ഘട്ടത്തില്‍ പഞ്ചാബ് ജയം ഉറപ്പിച്ചിരുന്നു. ധവാന്‍ 50 പന്തില്‍ ഏഴ് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെ അകമ്പടിയോടെയാണ് 70 റണ്‍സടിച്ചത്.

അതേസമയം ബെയര്‍സ്‌റ്റോയുടെ ഇന്നിംഗ്‌സ് മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളും ഉണ്ടായിരുന്നു. എന്നാല്‍ ബെയര്‍സ്‌റ്റോ പുറത്തായതോടെ കളി പഞ്ചാബ് കൈവിടുകയായിരുന്നു. ഏഴ് പന്തില്‍ 19 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗ് പ്രതീക്ഷ നല്‍കിയിരുന്നു. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. എന്നാല്‍ അനാവശ്യ ഷോട്ടിന് കളിച്ച് താരം പുറത്താവുകയായിരുന്നു.
ജിതേഷ് ശര്‍മ(6) സാം കറന്‍(0) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ പഞ്ചാബ് തോല്‍വി ഉറപ്പിക്കുകയായിരുന്നു. ലിയാം ലിവിംഗ്സ്റ്റണിനോ ശശാങ്ക് സിംഗിനോ അവസാന നിമിഷം സ്‌കോര്‍ ചെയ്യാനായില്ല. ലഖ്‌നൗ നിരയില്‍ മായങ്ക് യാദവ് മൂന്ന് വിക്കറ്റെടുത്തു. മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റും ലഭിച്ചു.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു എല്‍എസ്ജിക്ക് ലഭിച്ചത്. ക്വിന്റണ്‍ ഡികോക്ക്(54) കെഎല്‍ രാഹുല്‍(15) എന്നിവര്‍ ചേര്‍ന്ന് ആദ്യ 23 പന്തില്‍ 35 റണ്‍സടിച്ചു. രാഹുല്‍ പുറത്തായതോടെ ദേവ്ദത്ത് പടിക്കല്‍(9) ആണ് എത്തിയത്.
രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും താരത്തിന് മുന്നോട്ട് പോകാനായില്ല. മാര്‍ക്കസ് സ്‌റ്റോയിനിസ്(19) ഡി കോക്ക് സഖ്യം ചേര്‍ന്ന് ചെറിയ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തുടരെ രണ്ട് സിക്‌സറടിച്ച സ്‌റ്റോയിനിസിന് മൂന്നാമതൊരു സിക്‌സറിന് ശ്രമിക്കവേ ബൗള്‍ഡായതോടെ ലഖ്‌നൗ പ്രതിസന്ധിയിലായി.
നിക്കോളാസ് പൂരാനും ഡികോക്കും ചേര്‍ന്നതോടെയാണ് മത്സരത്തില്‍ ലഖ്‌നൗ തിരിച്ചുവന്നത്. ഡികോക്ക് 38 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയാണ് അര്‍ധ സെഞ്ച്വറി നേടിയത്. അതേസമയം പൂരാന്റെ ഇന്നിംഗ്‌സ് അതിവേഗത്തിലായിരുന്നു. 21 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും താരം പറത്തി.
അതേസമയം ആയുഷ് ബദോനി(8) നിരാശപ്പെടുത്തി. എന്നാല്‍ ലഖ്‌നൗ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന് മികച്ച സ്‌കോറിലെത്തിച്ചത് ക്രുണാല്‍ പാണ്ഡ്യയാണ്. 22 പന്തില്‍ 43 റണ്‍സടിച്ച് ക്രുണാല്‍ പുറത്താവാതെ നിന്നു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. പഞ്ചാബ് നിരയില്‍ നാലോവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സാം കറന്‍ മികച്ചുനിന്നു. അര്‍ഷ്ദീപ് സിംഗ് രണ്ടും, കഗിസോ റബാദ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.












Click it and Unblock the Notifications