ഈ സാല കപ്പ് ഇപ്രാവശ്യവും മറന്നേക്കാം; ആർസിബിയുടെ കിരീട മോഹം പൂവണിയില്ലേ? കാരണം ഈ ദൗർബല്യം
ഇന്ത്യൻ പ്രീമിയർ പതിനാറാം സീസണിലേക്ക് കടക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒരു ടാഗ്‌ലൈൻ അല്ലെങ്കിൽ മുദ്രാവാക്യമാണ് ബാംഗ്ലൂരിന്റെ 'ഈ സാല കപ്പ് നമ്മദെ' എന്നത്. പ്രീമിയർ ലീഗിൽ മുഴുവൻ സീസണുകളിലും ഇടതടവില്ലാതെ കളിച്ചിട്ടും, അടവുകൾ പതിനെട്ടും പയറ്റിയിട്ടും കപ്പ് മാത്രം ആർസിബിക്ക് ഇന്നും കിട്ടാക്കനിയാണ്.
ക്രിസ് ഗെയ്ൽ മുതൽ എബി ഡിവില്ലിയേഴ്‌സ് വരെയുള്ള അതികായർ ഒരു കൈ നോക്കിയിട്ടും ആർസിബിയുടെ ആ ശാപം മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സീസണുകളിൽ മുഴുവനും ഐപിഎല്ലിൽ ആർസിബിയോടൊപ്പം വിശ്വസ്‌തതയോടെ നിന്ന് വിരാട് കോഹ്‍ലിക്ക് പോലും ഇക്കാര്യത്തിൽ പ്രത്യേകിച്ചും ചെയ്യാനുണ്ടായിരുന്നില്ല.

ആർസിബിയുടെ മുഴുവൻ സീസണുകൾ എടുത്താലും കൂടുതൽ സമയത്തും അവരെ പിന്നിലേക്ക് വലിച്ചത് ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ്. ഓപ്പണിംഗിൽ കോഹ്‌ലിയും ഗെയ്‌ലും, വൺ ഡൗണായി ഡിവില്ലിയേഴ്‌സും ഒക്കെ ഇറങ്ങിയ സമയത്തും, ശേഷം മാക്‌സ്‌വെല്ലും ഡുപ്ലെസിയും അണിനിരന്ന കെജിഎഫ് വന്നിട്ടും ഒന്നും ചെയ്യാൻ അവർക്ക് സാധിക്കാതെ പോയത് ബൗളിംഗിലെ ഈ പോരായ്‌മ തന്നെയാണ്.
2024 സീസണിലും മാറ്റമില്ലാതെ ബൗളിംഗ്
ഇത്തവണ വലിയ പ്രതീക്ഷയോടെ തന്നെയാണ് ടീം മത്സരങ്ങൾക്ക് തയ്യാറെടുത്തത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ആ സ്വപ്‌നങ്ങളെ തകിടം മറിക്കുന്ന കാഴ്‌ചകളാണ് കാണാൻ കഴിഞ്ഞത്. ചെന്നൈ ബാറ്റിങ് നിരയുടെ കരുത്തിന് മുന്നിൽ ആർസിബി ബൗളർമാർ ദിശ കിട്ടാതെ ഉഴലുന്ന സ്ഥിതി എത്രയോ വർഷങ്ങളായുള്ള സാഹചര്യങ്ങളുടെ അവർത്തനമായിരുന്നു.
നിരവധി സീസണുകളായി ആർസിബി തേടി നടന്ന ബൗളിംഗ് കരുത്തിന് ഒടുവിൽ ഉത്തരമായി എന്ന് കരുതിയാണ് റോയൽ ചലഞ്ചേഴ്‌സ് ഇത്തവണ ടൂർണമെന്റിന് വണ്ടി കയറിയത്, അതിന് കാരണമായതോ ഡിസംബറിലെ ലേലത്തിൽ സ്വന്തമാക്കിയ അൽസാരി ജോസഫും. 11.5 കോടി രൂപ കൊടുത്ത് താരത്തെ ക്യാമ്പിൽ എത്തിക്കുമ്പോൾ ടീമിന്റെ പ്രതീക്ഷ വാനോളം ഉയർന്നിരുന്നു.
എന്നാൽ ഏത് പ്രഗത്ഭ ബൗളർ ആർസിബിയിൽ എത്തിയാലും സംഭവിക്കുന്നത് തന്നെയാണ് ഇക്കുറി അൽസരി ജോസഫിനും സംഭവിച്ചത്. ആദ്യ മത്സരത്തിൽ തന്നെ കണക്കിന് തല്ലുവാങ്ങി പവലിയനിലേക്ക് താരം മടങ്ങിയപ്പോൾ എത്രയോ നാളത്തെ ആർസിബി ആരാധകരുടെ പ്രതീക്ഷകളിലാണ് കരിനിഴൽ വീണതെന്ന് എണ്ണിയാൽ ഒടുങ്ങില്ല.
മുഹമ്മദ് സിറാജ്, യാഷ് ദയാൽ തുടങ്ങിയവരും അടിവാങ്ങി കൂടിയപ്പോൾ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമായി. ഇന്ന് തങ്ങളുടെ ടൂർണമെന്റിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോൾ ബൗളിംഗ് നിരയുടെ ദൗർബല്യം പരിഹരിക്കുക തന്നെയാവും ടീമിന്റെ പ്രഥമലക്ഷ്യം. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ പുതുമയുള്ള യാതൊന്നും സംഭവിക്കാത്ത മറ്റൊരു സീസൺ കൂടി കടന്നുപോകും, വീണ്ടും അടുത്ത വർഷത്തിന് വേണ്ടി ആരാധകർ കാത്തിരിക്കേണ്ടിയും വരും.












Click it and Unblock the Notifications