ലഖ്‌നൗവിനെ പറപ്പിച്ചു, സഞ്ജുവിന്റെ തോളിലേറി റോയല്‍ കുതിപ്പ്; രാജസ്ഥാന് 20 റണ്‍സ് വിജയം
ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സി 20 റണ്‍സ് വിജയം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ചേസിംഗില്‍ തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗവിന്റെ തുടക്കം.
ക്വിന്റണ്‍ ഡികോക്(4) പെട്ടെന്ന് മടങ്ങി. ദേവ്ദത്ത് പടിക്കല്‍(0) കൂടി മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. ട്രെന്‍ഡ് ബൂള്‍ട്ടിനായിരുന്നു രണ്ട് വിക്കറ്റും. ആയുഷ് ബദോനി(1) കൂടി നിരാശപ്പെടുത്തിയതോടെ മൂന്നിന് 11 എന്ന നിലയിലായിരുന്നു ലഖ്‌നൗ. പിന്നീട് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍(58) ദീപക് ഹൂഡ(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ നയിച്ചത്.

അതേസമയം ഹൂഡ 13 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറുമടിച്ച് മികച്ച രീതിയില്‍ കളിച്ച് വരുമ്പോഴാണ് പുറത്തായത്. നിക്കോളസ് പൂരാന്‍ കൂട്ടിനെത്തിയതോടെയാണ് രാഹുല്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയത്. 44 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.
എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇതൊന്നും മതിയായിരുന്നില്ല. പൂരാന്‍ 41 പന്തില്‍ 4 വീതം സിക്‌സറിന്റെയും ബൗണ്ടറിയുടെയും അകമ്പടിയോടെ 64 റണ്‍സുമായി പുറത്താവാതെ നിന്നു. മാര്‍ക്കസ് സ്റ്റോയിനിസ് (3) വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. രാജസ്ഥാന്‍ നിരയില്‍ ട്രെന്‍ഡ് ബൂള്‍ട്ട് രണ്ട് വിക്കറ്റെടുത്തു. ബര്‍ഗര്‍, അശ്വിന്‍, ചാഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്റെ തുടക്കം പക്ഷേ വിചാരിച്ച മികച്ചതായിരുന്നില്ല. ജോസ് ബട്‌ലര്‍(11) വലിയ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തുടരെ രണ്ട് ബൗണ്ടറിയടിച്ച ബട്‌ലര്‍ അടുത്ത പന്തില്‍ പുറത്താവുകയായിരുന്നു.
മികച്ച ഫോമില്‍ നില്‍ക്കുകയായിരുന്ന യശസ്വി ജെയ്‌സ്വാള്‍(24) പ്രതീക്ഷ തന്ന ശേഷമാണ് പുറത്തായത്. 12 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. രണ്ടിന് 49 എന്ന നിലയില്‍ ടീമിനെ സഞ്ജു സാംസണാണ് മുന്നോട്ട് നയിച്ചത്.
സഞ്ജു സാംസണ്‍(82*) ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടത്. റിയാന്‍ പരാഗ്(43) ഒപ്പമെത്തിയതോടെ ഇരുവരും ടീം സ്‌കോര്‍ വേഗത്തില്‍ തന്നെ മുന്നോട്ട് പോകാന്‍ തുടങ്ങി. തുടക്കത്തില്‍ അനാവശ്യ ഷോട്ടുകളൊന്നും കളിക്കാതെ വളരെ സൂക്ഷിച്ചായിരുന്നു ഇവരുടെ ബാറ്റിംഗ്. എന്നാല്‍ പതിയെ സ്‌കോര്‍ ഉയര്‍ന്ന് തുടങ്ങിയതോടെ ഇവര്‍ കളിയുടെ ഗിയര്‍ മാറ്റാന്‍ തുടങ്ങി.
രവി ബിഷ്‌ണോയിയെയും മോഹ്‌സീന്‍ ഖാനെയും, യഷ് താക്കൂറിനെയും തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. നവീന്‍ ഉള്‍ ഹക്കിനും അടി കിട്ടി. സഞ്ജു 52 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറി അടക്കമാണ് 82 റണ്‍സെടുത്തത്. പരാഗിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. ധ്രുവ് ജുറല്‍(12 പന്തില്‍ 20) മികച്ച പ്രകടനം നടത്തി. ലഖ്‌നൗ ബൗളര്‍മാരില്‍ നവീന്‍ രണ്ട് വിക്കറ്റെടുത്തു. മൊഹസീന്‍ ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications