സഞ്ജുവും പന്തും വേണ്ട, വിക്കറ്റ് കീപ്പറാവാന്‍ ധോണിയെ വിളിക്ക്; സെവാഗ് പറയുന്നതിലും കാര്യമുണ്ട്
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി അധിക സമയമില്ല. എന്നാല്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഐപിഎല്‍ ആരംഭിച്ചതോടെ ഇത് രൂക്ഷമായിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിഷഭ് പന്ത് മികച്ച പ്രകടനമാണ് ഈ സീസണില്‍ നടത്തുന്നത്.
അതുപോലെ സഞ്ജു സാംസണും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇഷാന്‍ കിഷനും, ദിനേഷ് കാര്‍ത്തിക്കും അതുപോലെ മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ബിസിസിഐക്ക് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പന്തിനും സഞ്ജുവിനുമാണ് കൂടുതല്‍ മുന്‍തൂക്കമുള്ളത്.

അതേസമയം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇവരൊന്നും അല്ല വേണ്ടതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ വീരേന്ദര്‍ സെവാഗ്. അമ്പരപ്പിക്കുന്ന നിര്‍ദേശമാണ് സെവാഗ് നല്‍കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും അതുപോലെ ഫിനിഷറായും പരിഗണിക്കണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്.
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഞെട്ടിക്കുന്ന പ്രകടനമാണ് ധോണി കാഴ്ച്ചവെക്കുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നായി 87 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഏഴാമനായി മാത്രം ക്രീസിലെത്തുന്ന ധോണി ചുരുങ്ങിയ പന്തുകള്‍ മാത്രം കളിച്ചാണ് ഇത്രയും റണ്‍സെടുത്തത്.
255 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. ലഖ്‌നൗവിനെതിരെ ധോണിയുടെ ഫിനിഷിംഗ് അതുപോലെ ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ഗംഭീരമായ സ്‌കോറിംഗാണ് ധോണി നടത്തുന്നത്. നിരവധി പേരാണ് വിന്റേജ് ധോണി എന്ന് ഇതിനെ വിശേഷിപ്പിച്ചത്. ഇതുവരെ വെറും 34 പന്തുകളാണ് ധോണി ഈ സീസണില്‍ കളിച്ചിരിക്കുന്നത്.
അത്രയും പന്തുകളിലാണ് 87 റണ്‍സ് ധോണി അടിച്ചെടുത്തത്. ധോണിക്ക് ഈ സീസണില്‍ ഒരു ശരാശരി ഇല്ല. പ്രധാന കാരണം ഈ സീസണില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ടീമില്‍ ധോണിയുണ്ടാവുന്നത് നല്ലതാണ്. എത്ര നല്ല ടീമുകള്‍ ടി20 ലോകകപ്പിലുണ്ടാവുമെന്ന് പറയാനാവില്ല. ആദ്യ റൗണ്ടില്‍ ബാറ്റ് ചെയ്യാന്‍ ചിലപ്പോള്‍ ധോണിക്ക് അവസരം കിട്ടിയെന്ന് വരില്ലെന്നും സെവാഗ് പറഞ്ഞു.
ആദ്യ റൗണ്ടില്‍ കീപ്പിംഗ് മാത്രമായിരിക്കും ടീമില്‍ ധോണിക്ക് ചെയ്യാനുണ്ടാവുക. അത് ഇപ്പോള്‍ തന്നെ സിഎസ്‌കെയ്ക്ക് വേണ്ടി ധോണി ചെയ്യുന്നുണ്ട്. പക്ഷേ ധോണിയുടെ ബാറ്റിംഗ് മൂന്ന് ടീമുകള്‍ക്കെതിരെ ആവശ്യമായി വരും. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് അതില്‍ പ്രധാനപ്പെട്ടത്. പാകിസ്താനെ വേണമെങ്കില്‍ പരിഗണിക്കാവുന്നതാണ്.
നാല് ടീമുകള്‍ക്കെതിരെ ധോണി ബാറ്റ് ചെയ്യേണ്ടി വരും. അതും അവസാന മൂന്നോവറിലായിരിക്കും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ബാറ്റ് ചെയ്യേണ്ടി വരിക. അങ്ങനെയുള്ള അവസരത്തില്‍ ധോണിയേക്കാള്‍ മികച്ചവന്‍ ആരാണ് ഉള്ളതെന്നും സെവാഗ് ചോദിച്ചു. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ ധോണി തന്നെയാണ് മിടുക്കനെന്നും സെവാഗ് പറഞ്ഞു.












Click it and Unblock the Notifications