ക്വിന്റൺ ഡി കോക്കിനെ ക്യാമ്പിലെത്തിച്ച് കെകെആർ; റിങ്കു സിംഗിന് ഒരു കൂട്ടിന് വേണ്ടിയല്ല, കാരണങ്ങൾ പലത്
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന്റെ ഒന്നാം ദിനത്തിൽ വലിയ താരങ്ങളിൽ പലരുടെയും ഐപിഎൽ ഭാവി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യൻ താരമെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ വമ്പൻ തുകയാണ് പലർക്കും വേണ്ടി ടീമുകൾ മുടക്കുന്നത്. എന്നാൽ ഡേവിഡ് വാർണറിനെ പോലെ മുതിർന്ന താരങ്ങളെ ഒരു ടീമും സ്വന്തമാക്കാൻ താൽപര്യം കാട്ടാത്തതും ആദ്യദിവസത്തെ ഞെട്ടിക്കുന്ന കാഴ്‌ചകളിൽ ഒന്നായിരുന്നു.
എന്നാൽ വിദേശ താരങ്ങളെ വാങ്ങുന്നതിൽ പല ടീമുകളും ഇക്കുറി പണം ചിലവാക്കാൻ മടിച്ചുവെന്നതാണ് പൊതുവെയുള്ള ട്രെൻഡ്. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ചില ടീമുകൾ വാരിക്കോരി പണം ചിലവഴിക്കുന്നതും കാണാമായിരുന്നു. അത്തരത്തിൽ ഇന്ന് ഏറ്റവും വലിയ ലോട്ടറി അടിച്ചത് കെകെആറിൽ എത്തിച്ച ഒരു താരത്തിനാണ്. അത് വെങ്കിടേഷ് അയ്യറുടെ വരവായിരുന്നു.

എന്നാൽ അതിലേറെ കെകെആർ ആരാധകരും ടീമും ആഗ്രഹിച്ച വരവായിരുന്നു ടീമിലേക്ക് ക്വിന്റൺ ഡി കോക്ക് എത്തിയത്. ശരിക്കും പറഞ്ഞാൽ ഇതൊരു മുൻകൂട്ടി തീരുമാനിക്കപ്പെട്ട കാര്യം തന്നെയായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഡി കോക്കിന് വേണ്ടി കെകെആർ മാനേജ്‌മെന്റ് തുടക്കത്തിലേ രംഗത്തുണ്ടായിരുന്നു. അത് പെട്ടന്നുണ്ടായ തോന്നലിന്റെ പുറത്തുള്ള ഒരു തീരുമാനം ആയിരുന്നില്ലെന്ന് വ്യക്തമായിരുന്നു.
ഇത്തവണ ഡി കോക്കിനെ ടീമിൽ എത്തിച്ചത് പല കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് എന്നത് വ്യക്തമാണ്. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള താരമായ ഡി കോക്ക് അന്തരാഷ്ട്ര ക്രിക്കറ്റിൽ മത്സര പരിചയമുള്ള മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്. മാത്രമല്ല താരത്തെ കൊണ്ട് വരുന്നതിലൂടെ ടീമിന്റെ മുന്നേറ്റ നിര കൂടുതൽ ശക്തമാക്കാൻ കഴിയും എന്നാണ് അവർ കരുതുന്നത്.
ഇത്തവണ കെകെആർ നിലനിർത്തിയത് കിരീടം നേടിയ ടീമിലെ സാന്നിധ്യങ്ങളായിരുന്ന റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി എന്നിവർ ഉൾപ്പെടയുള്ള താരങ്ങളെയാണ്. ഈ ടീമിലേക്ക് മികച്ചൊരു കൂട്ടിച്ചേർക്കൽ ആവും ഡി കോക്ക് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് താരത്തിന്റെ ഇന്ത്യൻ കണ്ടീഷനുകളിലെ മത്സര പരിചയവും സഹായകരമാവും എന്നാണ് അവർ വിലയിരുത്തുന്നത്.
പ്രധാനമായും താരത്തെ ടീമിൽ എടുത്തത് ഒരു മികച്ച ഓപ്പണർ വേണം എന്നതിനാലാണ്. കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിലവിൽ ഗൗതം ഗംഭീർ നടപ്പിലാക്കിയ പരീക്ഷണം തന്നെയാണ് പുതിയ സീസണിലും കെകെആർ തുടരുക എന്നത് ഉറപ്പാണ്. അങ്ങനെയെങ്കിൽ സുനിൽ നരെയ്നൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുകയാവും ഡി കോക്കിന്റെ ചുമതല.
കൂടാതെ ഒരു ക്യാപ്റ്റനായി കൂടി പരിഗണിക്കാൻ ശേഷിയുള്ള താരമാണ് ഡി കോക്ക് എന്ന കാര്യം കെകെആർ മാനേജ്‌മെന്റിന്റെ മനസിലുണ്ട്. ശ്രേയസ് അയ്യർ ടീം വിട്ടതോടെ ഇത്തവണ പുതിയ നായകനെ കണ്ടെത്തേണ്ടതുണ്ട് അവർക്ക്. ഇത് കൂടി കണക്കിലെടുത്താണ് താരത്തെ ടീമിൽ എത്തിച്ചതെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications