അയ്യർ ശ്വാസം വിട്ടില്ല, അപ്പോഴേക്കും റെക്കോഡ് തകർത്ത് പന്ത്; 27 കോടി സ്വന്തം, പിന്നിൽ കളിച്ചത് ഈ വ്യക്തി?
ജിദ്ദ: ഐപിഎൽ താരലേലം പുരോഗമിക്കവേ ട്വിസ്‌റ്റുകളും ഒട്ടും കുറവല്ല. ആദ്യം ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ഏറ്റവും വിലയേറിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയെങ്കിലും അടുത്ത പത്ത് മിനിറ്റിനകം തന്നെ അത് തകർത്ത് മറ്റൊരാൾ ആ സിംഹാസനത്തിൽ കയറി ഇരിക്കുന്ന കാഴ്‌ചയാണ് നാം കണ്ടത്. റിഷഭ് പന്തായിരുന്നു ശ്രേയസ് അയ്യറുടെ റെക്കോർഡ് തകർത്ത് മുന്നേറിയത്.
താരത്തെ സ്വന്തമാക്കിയത് ലക്‌നൗ സൂപ്പർ ജയൻറ്സ് ആയിരുന്നു. നേരത്തെ പന്ത് പഞ്ചാബിൽ എത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പ്രത്യേകിച്ച് കോച്ചായ റിക്കി പോണ്ടിങ് പരോക്ഷമായി അത് സൂചിപ്പിച്ച പശ്ചാത്തലത്തിൽ. എന്നാൽ 27 കോടി എന്ന വൻ വിലയ്ക്ക് റിഷഭിനെ എൽഎസ്‌ജി എടുത്തതോടെ വഴിമാറിയത് മറ്റൊരു റെക്കോർഡിന് കൂടിയായിരുന്നു.

എന്നാൽ ലേലം കണ്ടവർ ഒന്നാകെ ചോദിക്കുന്ന ഒരു കാര്യമുണ്ട്. റിഷഭ് പന്തിന്റെ ആയാലും, ശ്രേയസ് അയ്യരുടെ ആയാലും വില ഉയർത്താൻ കാരണമായ ലേലത്തിലെ ഒരാളുടെ സാന്നിധ്യമാണ്. ഡൽഹി ക്യാപിറ്റൽ ഡെലിഗേറ്റുകളുടെ ഇടയിൽ ഇരുന്നിരുന്ന അദ്ദേഹമാണ് പന്തിന്റെയും ശ്രേയസിന്റെയും റെക്കോർഡ് വിലയ്ക്ക് ഒരുപരിധി വരെ കാരണമായത്.
ആരാണ് കിരൺ ഗാന്ധി?
പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റയുടെ ഹൃദയം തകർത്തുകൊണ്ടാണ് ഡൽഹി ക്യാപിറ്റൽസ് നിരയിൽ നിന്ന് ശ്രേയസ് അയ്യർക്ക് വേണ്ടി കിരൺ ഗാന്ധി ലേലം വിളിച്ചത്. അവസാന നിമിഷം വരെ പഞ്ചാബുമായി പിടിവലി നടത്തിയാണ് അദ്ദേഹം ശ്രേയസിന് വേണ്ടിയുള്ള ശ്രമം അവസാനിപ്പിച്ചത്. അതിന്റെ ഫലമോ വില കുത്തനെ കുതിച്ചുയരുകയായിരുന്നു.
ശ്രേയസിനെ 20 കോടി രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാം എന്നാണ് പ്രീതിയും കൂട്ടരും കരുതിയത്. എന്നാൽ അതിന് സമ്മതിക്കാതെ കിരണും സംഘവും തടസമായി നിന്നു. റിഷഭ് പന്തിന്റെ വില കുത്തനെ ഉയരാനും കാരണമായത് കിരൺ ഗാന്ധിയുടെ ഇടപെടലാണ്. താരത്തിന് വേണ്ടിയുള്ള ലേലത്തിലും വിട്ടുകൊടുക്കാൻ തയ്യാറാവാതെ കിരൺ ഉണ്ടായിരുന്നു.
ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ സഹ ഉടമയും ചെയർമാനുമാണ് കിരൺ ഗാന്ധി. കൊമേഴ്‌സ് ബിരുദധാരിയും ജിഎം റാവുവിൻ്റെ ഇളയ മകനുമായ അദ്ദേഹം കഴിഞ്ഞ 25 വർഷങ്ങളായി ജിഎംആർ ഗ്രൂപ്പിനൊപ്പം തന്നെയുണ്ട്. കമ്പനിയുടെ കായിക മേഖലയിലെ നിക്ഷേപങ്ങൾ ഉൾപ്പെടെ നോക്കി നടത്തുന്നത് അദ്ദേഹമാണ്.
അതേസമയം, ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് അദ്ദേഹം ഇക്കുറി വമ്പൻ താരങ്ങളെ തന്നെ നോട്ടമിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അതിൽ പന്തും ശ്രേയസും ഒഴിവായ സ്ഥിതിക്ക് ഇനി ആരെയൊക്കെ അദ്ദേഹം നേടിയെടുക്കും എന്നാണ് കണ്ടറിയേണ്ടത്. ഓസീസ് പേസർ മിച്ചൽ സ്‌റ്റാർക്കിനെ ഡൽഹി ടീമിൽ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications