ബെസ്റ്റ് ബൗളര്‍ക്ക് കിട്ടുന്നത് 12 കോടി, ഇന്നലെ വന്ന സ്റ്റാര്‍ക്കിന് 25 കോടി, വിമര്‍ശിച്ച് ചോപ്ര
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസത്തെ താരലേലത്തില്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന് 24 കോടിയില്‍ അധികം രൂപയാണ് ലഭിക്കുന്നത്. അതുപോലെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് 20 കോടിയില്‍ അധികവും ലഭിക്കും.
ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സ്റ്റാര്‍ക്കിനും കമ്മിന്‍സിനും ഇത്ര തുക നല്‍കേണ്ടതുണ്ടോ എന്നാണ് ചോപ്രയുടെ ചോദ്യം. ഇരുവരുടെയും ടി20 റെക്കോര്‍ഡുകള്‍ ഇത്ര വലിയ തുക ലഭിക്കാന്‍ മാത്രം അര്‍ഹതയുള്ളതല്ലെന്ന് ചോപ്ര പറയുന്നു.

നിലവില്‍ ലോക ക്രിക്കറ്റിലെ മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും അസംബന്ധമായ തുകയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന് ആകാശ് ചോപ്ര പറയുന്നു. കമ്മിന്‍സും സ്റ്റാര്‍ക്കും ചേര്‍ന്ന് 45 കോടി നേടിയെങ്കില്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും താരലേലത്തിന് ഇറങ്ങിയാല്‍ ഐപിഎല്ലിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കപ്പെടുമെന്ന് ചോപ്ര പറയുന്നു.
മിച്ചല്‍ സ്റ്റാര്‍ക്ക് 14 മത്സരങ്ങളും കളിച്ചെന്ന് കരുതുക. നാലോവറായിരിക്കും പരമാവധി എറിയുക. ഓരോ പന്ത് എറിയുന്നതിനും 7,60000 രൂപയാണ് ഫ്രാഞ്ചൈസി ചെലവിടുകയെന്നും ചോപ്ര ചൂണ്ടിക്കാണിച്ചു. ഇത് തീര്‍ത്തും അമ്പരപ്പിക്കുന്ന തുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ആരാണ് ലോകത്തെ ബെസ്റ്റ് ബൗളര്‍. അത് ജസ്പ്രീത് ബുംറയാണ്. ഐപിഎല്ലില്‍ ഏറ്റവും മികച്ച ബൗളര്‍ ആരാണ്? അതും ബുംറ തന്നെയാണ്. പക്ഷേ ബുംറയ്ക്ക് ഐപിഎല്ലില്‍ കിട്ടുന്ന പ്രതിഫലം എത്രയാണ്.
വെറും 12 കോടി മാത്രമാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. എന്നാല്‍ സ്റ്റാര്‍ക്കിന് കിട്ടുന്നതോ 25 കോടിയും. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. ഇത്ര വലിയ തുക സ്റ്റാര്‍ക്കിനായി മുടക്കുന്നത് തനിക്ക് എതിര്‍പ്പുള്ള കാര്യമല്ല. എന്നാല്‍ എല്ലാവര്‍ക്കും വന്‍ തുക തന്നെ ലഭിക്കണം. അല്ലെങ്കില്‍ ഇത് എങ്ങനെ ന്യായമാകുമെന്നും ചോപ്ര ചോദിക്കുന്നു. ഇത്രയധികം കുറവ് ഒരാള്‍ക്ക് എങ്ങനെയാണ് വാങ്ങാനാവുകയെന്നും ചോപ്ര ചോദിച്ചു.
ഐപിഎല്ലില്‍ ഒരു ടീമിനോടുള്ള വിശ്വാസ്യത വലിയ കാര്യമാണ്. എന്നാല്‍ ഇനി ബുംറ നാളെ മുംബൈ ഇന്ത്യന്‍സിനോട് തന്നെ റിലീസ് ചെയ്ത് ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാല്‍ എന്ത് ചെയ്യും? അതുപോലെ കോലി ഇതേ കാര്യം ആര്‍സിബിയോട് പറഞ്ഞാല്‍ എന്ത് ചെയ്യും? ഇവരുടെ തുകയും കുതിച്ചുയരും.
സ്റ്റാര്‍ക്കിന് 25 കോടിയാണെങ്കില്‍ കോലിക്ക് 42 കോടിയും, ബുംറയ്ക്ക് 35 കോടിയും ലഭിക്കും. ലേലത്തില്‍ ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അതിന് എന്തോ പ്രശ്‌നമുണ്ടാകുമെന്നും ചോപ്ര പറഞ്ഞു. അതുപോലെ വിദേശ കളിക്കാര്‍ക്ക് ചെലവഴിക്കാനുള്ള തുകയില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും, അല്ലെങ്കില്‍ മറ്റ് താരങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസകുറവ് തോന്നാമെന്നും ചോപ്ര വ്യക്തമാക്കി.












Click it and Unblock the Notifications