ദ്രാവിഡിന് ഇനി പുതുക്കി നല്‍കില്ല.. വേണമെങ്കില്‍ അപേക്ഷിക്കാം; പുതിയ കോച്ചിനെ തേടി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ പരിശീലകനെ തേടുന്നു. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ടീം ഇന്ത്യ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആളെ തിരയുന്നത്. പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. 2021 നവംബര്‍ മുതല്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.
2023 ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാര്‍. എന്നാല്‍ ആറ് മാസങ്ങള്‍ക്കിപ്പുറം ടി 20 ലോകകപ്പ് വരുന്നതിനാല്‍ ദ്രാവിഡ് കരാര്‍ നീട്ടി നല്‍കുകയായിരുന്നു. ഇനിയും ദ്രാവിഡ് കരാര്‍ നീട്ടില്ല എന്നുറപ്പാണ്. ഇനി ദ്രാവിഡിന് വേണമെങ്കില്‍ റോളിനായി അപേക്ഷിക്കാമെന്നും എന്നാല്‍ മുമ്പത്തെപ്പോലെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ഉണ്ടാകില്ലെന്നും ജയ് ഷാ സ്ഥിരീകരിച്ചു.

'രാഹുലിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,' ബിസിസിഐ സെക്രട്ടറി പറഞ്ഞു. ഒരു വിദേശ പരിശീലകനെ നിയമിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളെപ്പോലെ വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കായി വ്യത്യസ്ത പരിശീലകരെ നിയമിക്കാനുള്ള സാധ്യത ജയ് ഷാ തള്ളിക്കളഞ്ഞു.
വിരാട് കോലി, രോഹിത് ശര്‍മ്മ, റിഷഭ് പന്ത് തുടങ്ങി ഒട്ടനവധി ഓള്‍ ഫോര്‍മാറ്റ് കളിക്കാരുണ്ട് എന്നും മാത്രമല്ല, ഇന്ത്യയില്‍ ഇത്തരമൊരു സാഹചര്യത്തിന് ഒരു മാതൃകയുമില്ല എന്നും അദ്ദേഹം പറഞ്ഞു. ഇംപാക്റ്റ് പ്ലെയര്‍ നിയമം തുടരേണ്ടതുണ്ടോയെന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷാ പറഞ്ഞു. മുഖ്യ പരിശീലകനെ നിയമിക്കാനുള്ള നടപടികള്‍ അടുത്ത ആഴ്ച ആരംഭിക്കും.
2027ലെ ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ മുഖ്യ പരിശീലകനുള്ള കരാര്‍. ഞങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ഒരു ദീര്‍ഘകാല പരിശീലകനെ തേടുകയാണ്. സെലക്ടര്‍ തസ്തികയിലേക്കുള്ള ഏതാനും അഭിമുഖങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. പേര് അന്തിമമാക്കാന്‍ സിഎസി ഒരാഴ്ചയ്ക്കുള്ളില്‍ യോഗം ചേരും എന്നും അദ്ദേഹം പറഞ്ഞു. സെലക്ഷന്‍ പാനലില്‍ ഒരു വര്‍ഷത്തിലേറെയായി വടക്കന്‍ മേഖലയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളില്ല.
അതേസമയം പടിഞ്ഞാറന്‍ മേഖലയ്ക്ക് കഴിഞ്ഞ ജൂലൈ മുതല്‍ രണ്ട് അംഗങ്ങളുണ്ട്. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ പാനലില്‍ ചേരാനുള്ള പ്രധാന മത്സരം ആഭ്യന്തര താരമായ മിഥുന്‍ മന്‍ഹാസും മുന്‍ ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ നിഖില്‍ ചോപ്രയും തമ്മിലാണ് എന്നാണ് വിവരം. അതേസമയം ഐസിസി ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരക്കാരനായി ജയ് ഷാ വന്നേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ അത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാകട്ടെ എന്നും താന്‍ ഇവിടെ (ബിസിസിഐയില്‍) ഒരു നല്ല ജോലി ചെയ്യുന്നില്ലേ എന്നുമാണ് ജയ് ഷാ ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.












Click it and Unblock the Notifications