ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍; ചരിത്രം രചിച്ച് വീണ്ടും മനു ഭാകര്‍
പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം. ഒളിംപിക്‌സിന്റെ നാലാം ദിനം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് മിക്സഡ് വിഭാഗത്തില്‍ മനു ഭാകറും സരബ്‌ജോത് സിംഗും വെങ്കലം നേടി. ഈ ഒളിംപിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗ് ഫൈനലില്‍ മനു ഭാകര്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയിരുന്നു.
ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിംപിക്സ് പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ അത്ലറ്റായി മനു ഭാകര്‍ മാറി. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളായ വോന്‍ഹോ ലീ-ജിന്‍ യെ ഓഹിന്‍ സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. മൂന്നാം സീരിസിന് ശേഷം 4-2ന് മുന്നിലെത്തിയ ഇന്ത്യ അഞ്ചാം സീരിസില്‍ ലീഡ് 8-2ലേക്ക് ഉയര്‍ത്തി.

എട്ടാം സീരിസിന് ശേഷം ദക്ഷിണ കൊറിയ 10-6 ആക്കി അകലം കുറച്ചെങ്കിലും ഇന്ത്യന്‍ സഖ്യം അനായാസ ജയം ഉറപ്പിക്കുകയായിരുന്നു. സരബ്‌ജോതിന്റെ ആദ്യ ഒളിംപിക് മെഡലാണിത്. ഒരു ഒളിംപിക്സ് കാമ്പെയ്നില്‍ രണ്ട് മെഡലുകള്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ അത്ലറ്റ് ഇതിന് മുന്‍പ് നോര്‍മന്‍ പ്രിച്ചാര്‍ഡ് ആയിരുന്നു. 1900 ത്തില്‍ ആയിരുന്നു ഇത്. അന്ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിലായിരുന്നു.
പ്രിച്ചാര്‍ഡിന് ശേഷം ഒരു ഇന്ത്യന്‍ അത്ലറ്റിനും ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഒളിംപിക് ഗെയിംസില്‍ തങ്ങളുടെ കരിയറില്‍ മൊത്തത്തില്‍ രണ്ട് മെഡലുകള്‍ നേടിയ രണ്ട് ഇന്ത്യന്‍ കായികതാരങ്ങളുണ്ട്. സുശീല്‍ കുമാര്‍ (ഗുസ്തി), പി വി സിന്ധു ( ബാഡ്മിന്റണ്‍ ) എന്നിവരാണ് അവര്‍. 2012 ലെ ലണ്ടനില്‍ വെള്ളി മെഡല്‍ നേടുന്നതിന് മുമ്പ് 2008 ലെ ബീജിംഗ് ഗെയിംസില്‍ സുശീല്‍ വെങ്കല മെഡല്‍ നേടിയിരുന്നു.
റിയോ ഒളിംപിക്സ് ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനെ പരാജയപ്പെടുത്തിയാണ് ബാഡ്മിന്റണില്‍ സിന്ധു വെള്ളി നേടിയത്. പിന്നീട് 2020 ടോക്കിയോയില്‍ സിന്ധു വെങ്കലം നേടി. അതേസമയം ഇന്ന് പുരുഷന്മാരുടെ ട്രാപ്പിലും വനിതകളുടെ ട്രാപ്പ് യോഗ്യതയിലും ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ കളിക്കുന്നുണ്ട്. അമിത് പംഗല്‍, ജെയ്സ്മിന്‍ ലംബോറിയ, പ്രീതി പവാര്‍ എന്നീ ബോക്‌സര്‍മാരും ഇന്ന് കളത്തിലിറങ്ങും.












Click it and Unblock the Notifications