ഹിറ്റ്മാനിസം ടി20യില്‍ ഇനിയില്ല, കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ
ബാര്‍ബഡോസ്: ലോകകപ്പ് ടി20 ക്രിക്കറ്റില്‍ കിരീടനേട്ടത്തിന് പിന്നാലെ പടിയിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഔദ്യോഗികമായി തന്നെ ആരാധകര്‍ എല്ലാം വേദനയോടെ മനസ്സില്‍ കണ്ടിരുന്ന വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു രോഹിത്. ടി20 ക്രിക്കറ്റില്‍ ഇനി തന്റെ സേവനം ഉണ്ടാവില്ലെന്നും രോഹിത് വ്യക്തമാക്കി. വിരാട് കോലിക്ക് പിന്നാലെയാണ് രോഹിത്തും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇതോടെ ഇന്ത്യയുടെ രണ്ട് സീനിയര്‍ താരങ്ങളാണ് കിരീടനേട്ടത്തോടെ ടി20യോട് ബൈ പറഞ്ഞിരിക്കുന്നത്. യുവതാരങ്ങളുടെ ടീമാണ് ഇനി വരാന്‍ പോകുന്നതെന്ന സൂചനയും ഇത് നല്‍കിയിരിക്കുകയാണ്. രോഹിത്തിന് കിരീടനേട്ടത്തോടെ ടി20യോട് വിടപറയാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം.

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ. ആദ്യ ടി20 ലോകകപ്പില്‍ കിരീടം നേടിയ ശേഷം 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതൊരു കിരീടം നേടുന്നത്.
അതുപോലെ 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം മറ്റൊരു ഐസിസി കിരീടവും ഇന്ത്യ നേടിയിരുന്നില്ല. ദീര്‍ഘകാലത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്. നേരത്തെ ഏകദിന ലോകകപ്പില്‍ രോഹിത് ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നുവെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു ടീം.
അതേസമയം ഇന്ത്യയിലെ ലോകകപ്പിലേറ്റ പരാജയത്തിന്റെ വേദന മറക്കാനും രോഹിത്തിന് ടി20 ലോകകപ്പിലെ നേട്ടത്തോടെ സാധിച്ചു. താന്‍ തുടര്‍ന്നും ഏകദിന-ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമെന്ന് രോഹിത് അറിയിച്ചിട്ടുണ്ട്. ഇത് എന്റെ അവസാന ടി20 മത്സരമാണ്. വിടപറയാന്‍ ഇതിലും മികച്ചൊരു സമയമില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
എന്റെ കരിയര്‍ ആരംഭിച്ചത് ഇന്ത്യക്ക് വേണ്ടി ടി20 കളിച്ചിട്ടാണ്. ഇതാണ് എനിക്ക് വേണ്ടിയിരുന്നത്. എനിക്ക് ഈ ലോകകപ്പ് നേടേണ്ടതുണ്ടായിരുന്നു. അത് വാക്കുകളില്‍ ഒതുക്കാനാവാത്ത കാര്യമാണ്. വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. ജീവിതത്തില്‍ കിരീടം നേടുകയെന്ന എന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. അത് നേടിയെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ ആയിട്ടാണ് വിരമിക്കുന്നത്. 159 മത്സരങ്ങളില്‍ നിന്ന് 4231 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് ടി20 സെഞ്ച്വറികളെന്ന നേട്ടവും രോഹിത്തിന് ടി20 ക്രിക്കറ്റിലുണ്ട്.
ടി20യില്‍ കൂടുതല്‍ സെഞ്ച്വറികള്‍ അടിച്ച നേട്ടം രോഹിത്തിനാണ് ഉള്ളത്. രണ്ട് കിരീടങ്ങളാണ് രോഹിത്തിന്റെ കരിയറിലുള്ളത്. ആദ്യത്തേത് ബാറ്റ്‌സ്മാനെന്ന നിലയിലുള്ളതാണ്. 2007ല്‍ ധോണിക്ക് കീഴിലായിരുന്നു ആ നേട്ടം. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയിലും ആ നേട്ടം രോഹിത് സ്വന്തമാക്കി.
അതേസമയം രോഹിത്തിന്റെയും കോലിയുടെയും വിരമിക്കല്‍ അപ്രതീക്ഷിതമായിരുന്നില്ല. 2022ലെ സെമി ഫൈനല്‍ പരാജയത്തിന് ശേഷം ഇരുവരും ടി20 ക്രിക്കറ്റ് കളിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ മാത്രമാണ് അവര്‍ ടി20യിലേക്ക്തിരിച്ചെത്തിയത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോററായിട്ടാണ് രോഹിത് കളി അവസാനിപ്പിച്ചത്. 257 റണ്‍സാണ് രോഹിത് ആകെ നേടിയത്. ഇത് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചുകളില്‍ നിന്നാണ് നേടിയത്. 156.70 സ്‌ട്രൈക്ക് റേറ്റുമുണ്ട്.












Click it and Unblock the Notifications