രോഹിത് നീതികേട് കാണിച്ചോ? ലോകകപ്പ് ഫൈനലിലെ അവഗണനയില്‍ അശ്വിന്റെ പ്രതികരണം ഇങ്ങനെ
ചെന്നൈ: ലോകകപ്പ് ഫൈനലില്‍ മൂന്നാം സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓസ്‌ട്രേലിയയെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നെങ്കില്‍ പരാജയപ്പെടുത്താനാവുമായിരുന്നുവെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അശ്വിന്‍.
തന്നെ ഫൈനലില്‍ കളിപ്പിക്കാതിരുന്നതിന് രോഹിത് ശര്‍മയോട് യാതൊരു ദേഷ്യവുമില്ലെന്ന് അശ്വിന്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ താരം ബദ്രിനാഥിന്റെ യുട്യൂബ് ചാനലിനോടായിരുന്നു അശ്വിന്റെ പ്രതികരണം. രോഹിത്തിന്റെ മനോനില എന്താണെന്ന് എ നിക്ക് മനസിലാവും. പ്ലേയിംഗ് ഇലവനെ കുറിച്ച് രോഹിത് നൂറ് തവണയെങ്കിലും ആലോചിട്ടുണ്ടാവുമെന്നും അശ്വിന്‍ പറയുന്നു.

വിജയിച്ച് കൊണ്ടിരിക്കുന്ന ഒരു ഇലവനെ മാറ്റേണ്ട കാര്യമേയില്ല. ഈ ടൂര്‍ണമെന്റില്‍ അത്രയും മികവുറ്റ രീതിയില്‍ കളിച്ച പതിനൊന്ന് പേരെയാണ് രോഹിത് കളത്തില്‍ ഇറക്കിയത്. ഫൈനലില്‍ എന്നെ കളിപ്പിക്കുക, ടീം കോമ്പിനേഷന്‍ തുടങ്ങിയ കാര്യങ്ങളൊക്കെ രണ്ടാമതാണ്. മറ്റൊരാളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ മാത്രമേ നമുക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാവൂ.
രോഹിത്തിന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ ചിന്തിക്കുകയാണെങ്കില്‍, ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുന്നത് നൂറ് തവണയെങ്കിലും ചിന്തിക്കുമായിരുന്നു. കാരണം ടീമിന് ഏറ്റവും മികച്ച കോമ്പിനേഷന്‍ അതാണ്. ഒരു പേസ് ബൗളര്‍ക്ക് വിശ്രമം അനുവദിച്ച്, എന്തിന് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നും അശ്വിന്‍ ചോദിച്ചു.ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് അശ്വിന്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു.
അതേസമയം അശ്വിനെ ഫൈനലില്‍ കളിപ്പിക്കണമെന്ന് ടീമില്‍ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ വന്‍ വിജയങ്ങള്‍ നേടിയ ടീം ലൈനപ്പില്‍ മാറ്റം വരുത്തേണ്ടെന്നായിരുന്നു രോഹിത്തിന്റെ തീരുമാനം. രോഹിത്തിന്റെ തീരുമാനം എന്തായിരിക്കുമെന്ന് എനിക്ക് അറിയാം. ഫൈനലില്‍ കളിക്കുകയെന്നത് വലിയ അവസരമാണ്. മൂന്ന് ദിവസമായി ഞാനതിന് തയ്യാറെടുത്തിരുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കും മറുപടിയും ഞാന്‍ കൊടുത്തിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ചില്ലെങ്കില്‍ ടീമിന് വേണ്ടി കൈയ്യടിക്കാനും തയ്യാറായിട്ടാണ് ഞാന്‍ ഇരുന്നതെന്നും അശ്വിന്‍ പറഞ്ഞു.
അതേസമയം പിച്ച് വിവാദത്തെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ഇന്ത്യയുടെ താല്‍പര്യപ്രകാരമുള്ള പിച്ചുകള്‍ അല്ല ലഭിച്ചത്. ഇരുടീമുകള്‍ക്കും ഏതെല്ലാം തരത്തിലായിരിക്കണം പിച്ച് എന്ന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഐസിസിയും ഗ്രൗണ്ട് സ്റ്റാഫുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം ഒരു ടീമിന്റെയും ഇഷ്ടത്തിനായിരുന്നില്ല പിച്ചുകള്‍ ലഭിച്ചത്. പാകിസ്താനെതിരെ കളിക്കുമ്പോള്‍ ബുദ്ധിമുട്ടേറിയതായിരുന്നില്ല പിച്ച്. എന്നാല്‍ കാലാവസ്ഥയിലെ മാറ്റം കാരണം ചില മാറ്റങ്ങളുണ്ടാവാം. കാണുന്നത് പോലെയായിരുന്നില്ല ആ പിച്ചില്‍ കളിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.












Click it and Unblock the Notifications