രോഹിത്തിന്റെ ആ മിടുക്ക് അപാരം, അതില്ലെങ്കില്‍ കാണാമായിരുന്നു; ഓസീസ് ഇതിഹാസം പറഞ്ഞത് ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു. ആദ്യ മത്സരം തന്നെ ടീം തോറ്റിരുന്നു. വിരാട് കോലി ടീമില്‍ കളിക്കുകയും ചെയ്തിരുന്നു. പിന്നീട് കെഎല്‍ രാഹുലും ടീമില്‍ നിന്ന് പുറത്തായി. ഇതോടെ തീര്‍ത്തും പരിചയസമ്പത്തില്ലാത്ത താരങ്ങളെ വെച്ച് കളിക്കേണ്ട അവസ്ഥയിലായിരുന്നു ഇന്ത്യന്‍ ടീം.
എന്നാല്‍ പരിചയസമ്പത്തില്ലാത്തവരെ കൊണ്ട് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു. പരമ്പരയില്‍ 3-1ന് മുന്നിലാണ് ഇന്ത്യ. യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, എന്നിവരെല്ലാം പ്രതിഭ പുറത്തെടുത്തത് കൊണ്ട് ഇന്ത്യയുടെ വിജയം മികച്ചതാവുകയായിരുന്നു.

അതേസമയം ജൂനിയര്‍ താരങ്ങളുടേത് മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവ് കൊണ്ട് കൂടിയാണ് പരമ്പര ജയിച്ചതെന്ന് നിരവധി ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍സിയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു രോഹിത്. അതേസമയം ഓസ്‌ട്രേലിയയുടെ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ ഇയാന്‍ ചാപ്പല്‍ ഇപ്പോള്‍ രോഹിത്തിനെ ക്യാപ്റ്റന്‍സി മികവില്‍ അഭിനന്ദിച്ചിരിക്കുകയാണ്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സി പക്ഷേ ആരും കണ്ടില്ലെന്ന് നടിക്കുകയാണ്. അത്രയ്ക്ക് മികച്ചതായിട്ടും ആരും അക്കാര്യം പറയുന്നില്ലെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. രോഹിത്താണ് ടീമിന് പരമ്പര സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പോലെയല്ല. തീര്‍ത്തും വ്യത്യസ്തനായ ക്യാപ്റ്റനാണ്. സ്‌റ്റോക്‌സ് വളരെ അഗ്രസീവായ പുറമേക്ക് തന്നെ വളരെയധികം ഊര്‍ജസ്വലനായ ക്യാപ്റ്റനാണ്.
എന്നാല്‍ രോഹിത്തിന്റെ ക്യാരക്ടര്‍ നേര്‍ വിപരീതമാണ്. രോഹിത്തിന്റെ നേതൃപാടവം മികവുറ്റതാണ്. ഇതിന് മുമ്പും ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഇന്ത്യ പരമ്പരയില്‍ പിടിച്ചുനിന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലെത്തിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ടെന്നും ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയുമായുള്ള സംഭാഷണത്തില്‍ ചാപ്പല്‍ പറഞ്ഞു.
മാറ്റങ്ങളില്ലാതെ പോയിരുന്ന ഇന്ത്യന്‍ ടീമില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ വന്നത്. ഇതിനിടയില്‍ മികവുറ്റ ക്യാപ്റ്റന്‍സി പുറത്തെടുത്ത രോഹിത്തിനെ ആരും പ്രത്യേകം പരാമര്‍ശിച്ചില്ലെന്നും ചാപ്പല്‍ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ വല്ലാത്തൊരു തോല്‍വി ടീം നേരിട്ടു. എന്നാല്‍ പിന്നീടുള്ള വിഷമകരമായ ഘട്ടങ്ങള്‍ ഓരോന്നും നേരിട്ടാണ് രോഹിത് ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന് ആവശ്യമുള്ളപ്പോള്‍ ഗംഭീര സെഞ്ച്വറിയുമായി രോഹിത് തിരിച്ചുവന്നു.
മൂന്നാം ടെസ്റ്റിലെ ആ സെഞ്ച്വറി രോഹിത് എത്രത്തോളം മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനുമാണെന്ന് തെളിയിക്കുന്നു. രോഹിത്തിന്റെ ക്യാപ്റ്റന്‍സി പരാജയപ്പെട്ടിരുന്നെങ്കില്‍ ടീം ഉറപ്പായും തകര്‍ന്നടിയുമായിരുന്നു. ജനപ്രീത് ബുംറയും, യശസ്വി ജെയ്‌സ്വാളും മനോഹരമായി തന്നെ കളിച്ചു. പരിചയസമ്പത്തില്ലാത്തവരും അവസരത്തിനൊത്തുയര്‍ന്നു.
എന്നാല്‍ ഇവരെയെല്ലാം നയിക്കാന്‍ നേതൃത്വം ആവശ്യമാണ്. രോഹിത്തിന്റെ ആ മികവാണ് ഈ യുവതാരങ്ങള്‍ക്കെല്ലാം ഗുണകരമായി വന്നത്. സ്പിന്നര്‍മാരെ കൃത്യമായി താരം റൊട്ടേറ്റ് ചെയ്തു. അശ്വിന് പകരം കുല്‍ദീപിനെ ഉപയോഗിച്ചത് ഗംഭീരമായിരുന്നു. അതും മികവ് കാണിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെയാണ് ഈ വിജയങ്ങള്‍ നേടിയതെന്നും ചാപ്പല്‍ പറഞ്ഞു.












Click it and Unblock the Notifications