'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം'; ലോകകപ്പ് ടീമിലെത്തിയത് ആഘോഷമാക്കി സഞ്ജു, വൈറലായി പ്രതികരണം
തിരുവനന്തപുരം: ടി20 ലോകകപ്പ് ടീമിള്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് സഞ്ജു സാംസണ്‍. മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിയ മഞ്ജുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിന്റെ വരികളാണ് ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു പങ്കുവെച്ചത്. ഈ ഗാനം നേരത്തെ വൈറലായതാണ്.
പതിനൊന്ന അംഗ ടീമും, നാല് റിസര്‍വ് താരങ്ങളെയുമാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ചോയ്‌സായിരുന്നു സഞ്ജു സാംസണ്‍. റിഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ ഫസ്റ്റ് ചോയ്‌സ്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി താരം ലോകകപ്പ് ടീമില്‍ കളിക്കുന്നത്.

സഞ്ജുവിന് പകരം കെഎല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. രാഹുലിന്റെ വമ്പന്‍ മത്സരങ്ങളിലെ പരിചയസമ്പത്തായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഇത്തവണ രാഹുലിനെ പൂര്‍ണമായും തഴയാന്‍ തീരുമാനിക്കുന്നു.
ഈ സീസണില്‍ മികച്ച സ്ഥിരതയാര്‍ന്ന പ്രകടനവും സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടുണ്ട്. ഫിനിഷിംഗ് റോളില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ തിളങ്ങുകയും ചെയ്തു. ഇതോടെ താരത്തെ കളിപ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന അവസ്ഥയിലായിരുന്നു ബിസിസിഐ. സഞ്ജുവിന് എതിരാളികളായി പരിഗണിച്ച രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരുടെ ഈ സീസണിലെ പ്രകടനങ്ങള്‍ അത്ര നല്ലതല്ല.
ലഖ്‌നൗവില്‍ രാഹുല്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് അടക്കമുള്ളവ വളരെ പിന്നിലാണ്. ടോപ് ഓര്‍ഡറില്‍ മാത്രമേ രാഹുലിനെ കളിപ്പിക്കാനാവൂ എന്നതും തിരിച്ചടി. രോഹിത് ശര്‍മ, വിരാട് കോലി, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ നാലില്‍ നേരത്തെ തന്നെ ഇടംപിടിച്ചതാണ്.
അതിലുപരി ഇവരാരും പന്തെറിയാറുമില്ല. അതുകൊണ്ട് രാഹുലിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ ടീമിന് കാര്യമായി ഗുണം ചെയ്യില്ല. രാഹുലും വിക്കറ്റ് കീപ്പറാണൈങ്കില്‍ റിഷഭ് പന്തിനോളം മികവുമില്ല. ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതും. അതുപോലെ മികച്ച ഫോമും പന്തിനെ ടീമില്‍ ഉറപ്പിച്ച് നിര്‍ത്തിയ കാര്യമാണ്.
ഇന്ത്യന്‍ ടീമിന്റെ ടോപ് ഫോര്‍ ബാറ്റ് മാത്രം ചെയ്യുന്നവരാണ്. ഇവരിലാരും ടി20യില്‍ ദീര്‍ഘകാലം ബാറ്റ് ചെയ്യാറുമില്ല. അതുകൊണ്ട് കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെയും ഇന്ത്യക്ക് സെലക്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്പിന്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായി അക്ഷര്‍ പട്ടേലാണ് ടീമിലിടം പിടിച്ചത്.
പേസ് ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും ടീമിലുണ്ട്.എന്നാല്‍ ഇരുവരും ബൗളിംഗില്‍ അത്ര മികവ് കാണിച്ചിട്ടില്ല. കുല്‍ദീപ് യാദവും, യുസവേന്ദ്ര ചാഹലുമാണ് സ്പിന്നര്‍മാര്‍. രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍റൗണ്ടറായി ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍.












Click it and Unblock the Notifications