കേരള ക്രിക്കറ്റിനോട് സഞ്ജുവിന് അപാര സ്‌നേഹം; അഭിനന്ദിച്ചപ്പോള്‍ പറഞ്ഞത് ഇതാണെന്ന് മുന്‍ കോച്ച്
തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് താരത്തെ നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. സഞ്ജു ആദ്യ ടീമില്‍ ഇടംപിടിക്കുമോ എന്ന സസ്‌പെന്‍സാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിട്ടും സഞ്ജുവിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഇല്ലെന്ന് പറയുകയാണ് താരത്തിന്റെ മുന്‍ പരിശീലകന്‍ കൂടിയായ ബിജു ജോര്‍ജ്.
ചെറുപ്പത്തില്‍ സഞ്ജുവിന്റെ ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം. ലോകകപ്പ് ടീമില്‍ ഇടംപിടിച്ചാല്‍ പലരും ആവേശത്തിലായിരിക്കും. എന്നാല്‍ സഞ്ജു തന്നെ വൈകാരികത ബാധിക്കാതെ ശ്രദ്ധിക്കുന്നുണ്ടെന്നും ബിജു പറഞ്ഞു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഫീല്‍ഡിംഗ് കോച്ചായിരുന്നു ബിജു ജോര്‍ജ്. കേരളത്തിലെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശവും സ്‌നേഹവും വളരെ കൂടുതലാണെന്ന് ബിജു ജോര്‍ജ് വെളിപ്പെടുത്തി. ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതില്‍ അഭിനന്ദിക്കാനായി സഞ്ജുവിനെ ഞാന്‍ വിളിച്ചിരുന്നു. കുറച്ച് നേരമാണ് സംസാരിച്ചത്.
എന്നാല്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിനെ കുറിച്ചല്ല സഞ്ജു സംസാരിച്ചത്. കേരള ക്രിക്കറ്റിനെ കുറിച്ചായിരുന്നു സഞ്ജുവിന്റെ സംസാരം മുഴുവന്‍. കേരളം ആഭ്യന്തര സീസണില്‍ ഒരു കിരീടമെങ്കിലും നേടുന്നതിനുള്ള ആഗ്രഹമാണ് സഞ്ജു പറഞ്ഞത്. വരുന്ന സീസണില്‍ അത് നേടേണ്ടതിന്റെ ആവശ്യകതയും സഞ്ജു തന്നോട് സംസാരിച്ചുവെന്ന് ബിജു ജോര്‍ജ് വെളിപ്പെടുത്തി.
കേരളം ഒരു തവണയെങ്കിലും കിരീടം നേടിയാല്‍ അത് സംസ്ഥാനത്തെ കുട്ടികളെ ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും. കൂടുതല്‍ പേര്‍ ക്രിക്കറ്റിലേക്ക് വരും. എന്നാല്‍ ദേശീയ തലത്തില്‍ ടീം ആദ്യം വിജയിക്കണമെന്നും, അത് പലരെയും പ്രചോദിപ്പിക്കുമെന്നും സഞ്ജു പറഞ്ഞുവെന്ന് ബിജു ജോര്‍ജ് പിടിഐയോട് പറഞ്ഞത്.
കേരള ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് സഞ്ജു പ്രകടിപ്പിച്ചത്. സഞ്ജുവിന്റെ ഉള്ളില്‍ ക്രിക്കറ്റിനോടുള്ള ആവേശം വളരെ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അത്രയേറെ ആത്മാര്‍ത്ഥത താന്‍ സഞ്ജുവില്‍ കണ്ടിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. മഴയായാലും വെയിലാലയാലും സഞ്ജുവും സഹോദരന്‍ സാലിയും നെറ്റ്‌സില്‍ പരിശീലനത്തിന് എത്തുമെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു സഞ്ജുവും സഹോദരനും പരിശീലിക്കാന്‍ എത്തിയിരുന്നത്. ഒരു ദിവസം അതിശക്തമായ മഴ പെയ്തിരുന്നു. സഞ്ജു അന്ന് വിഴിഞ്ഞത്തെ വീട്ടില്‍ നിന്ന് പരിശീലനം നടത്താന്‍ ഗ്രൗണ്ടിലേക്ക് വരില്ലെന്നായിരുന്നു കരുതിയത്. കാരണം 25 കിലോമീറ്റര്‍ സഞ്ചരിച്ച് വേണമായിരുന്നു ഗ്രൗണ്ടിലെത്തിയാന്‍. എന്നാല്‍ സഞ്ജു കൃത്യസമയത്ത് തന്നെ അവിടെയെത്തി. ക്രിക്കറ്റ് കിറ്റും കൈയ്യിലുണ്ടായിരുന്നു.
അതില്‍ സ്‌കൂള്‍ യൂണിഫോമും കരുതിയിരുന്നു. പരിശീലനം കരഴിഞ്ഞ് നേരെ സ്‌കൂളില്‍ പോകാനായിരുന്നു പ്ലാന്‍. ആ പ്രായത്തില്‍ പോലും വല്ലാത്ത നിശ്ചദാര്‍ഢ്യം സഞ്ജുവിനുണ്ടായിരുന്നു. പിതാവ് വിശ്വനാഥനില്‍ നിന്നാവും ആ അച്ചടക്കം ലഭിച്ചത്. സഞ്ജുവിന്റെ കളി കാണാന്‍ അദ്ദേഹം എപ്പോഴും വരാറുണ്ടായിരുന്നു. ഡല്‍ഹി പോലീസിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു അദ്ദേഹമെന്നും ബിജു ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications