ആ പ്രതീക്ഷയും പൊലിഞ്ഞു; വിനേഷ് ഫോഗട്ടിന് വെള്ളിമെഡലില്ല, അപ്പീൽ കായിക കോടതി തള്ളിയെന്ന് റിപ്പോർട്ട്
പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യത കൽപിക്കപ്പെട്ട വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ലോക കായിക കോടതി തള്ളിയെന്ന് റിപ്പോർട്ട്. ഇതോടെ വിനേഷിന് ഒളിമ്പിക്‌സ് മെഡൽ ഇല്ലായെന്ന് ഉറപ്പായി. ഫൈനലിന് മുന്നോടിയായി അയോഗ്യയാക്കിയതിന് എതിരെ നൽകിയ അപ്പീലാണ് തള്ളിയതെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്‌ച വിധി വരുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് വിനേഷിന്റെ അപ്പീൽ തള്ളിയതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ വെള്ളിമെഡൽ പ്രതീക്ഷയും ഇല്ലാതായി. വെള്ളിമെഡൽ പങ്കിടണമെന്ന ആവശ്യവുമായാണ് വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം അവർ തള്ളുകയായിരുന്നു.

ആഗസ്‌റ്റ് ഏഴിന് വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീൽ തള്ളുകയാണ് എന്നാണ് കായിക കോടതി ഇന്നറിയിച്ചത്. പാരീസിൽ നടന്ന വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്‌തിയിൽ ഫൈനലിന് തൊട്ടു മുൻപാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയായി പ്രഖ്യാപിച്ചത്. അധികഭാരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫൈനലിൽ മത്സരിച്ചിരുന്നെങ്കിൽ വെള്ളിയെങ്കിലും ഉറപ്പാക്കാമായിരുന്നു വിനേഷിന്. എന്നാൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് താരത്തിന് മെഡൽ നഷ്‌ടമായത്. എന്നാൽ ഇതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും മുതിർന്ന അഭിഭാഷകൻ ഹരിഷ് സാൽവെയെ അപ്പീലിൽ വാദിക്കാനായി നിയോഗിക്കുകയും ചെയ്‌തിരുന്നു.
നിലവിലെ ചാമ്പ്യൻ ജപ്പാന്റെ യുവി സുസാക്കിയെ ആദ്യ മത്സരത്തിൽ തോൽപിച്ച ജയം ഉൾപ്പെടുന്ന തന്റെ പോരാട്ടത്തിന്റെ അടിസ്ഥാനത്തിലാണ് വിനേഷ് സംയുക്ത വെള്ളി അഭ്യർത്ഥിച്ചത്. സെമി വരെയുള്ള ജയങ്ങൾ കണക്ക് കൂട്ടി മെഡൽ നൽകണം എന്നായിരുന്നു ആവശ്യം. എന്നാൽ തുടക്കം മുതൽ തന്നെ ഇതിനോട് അനുകൂലമായല്ല സംഘാടകർ ഉൾപ്പെടെ പ്രതികരിച്ചത്. ഒടുവിൽ കോടതിയും വിനേഷിനെ കൈവിട്ടു.
ഈ വർഷം ജനുവരിയിലാണ് 15 മാസത്തെ ഇടവേളയ്ക്ക് ശേഷം വിനേഷ് ഫോഗ്ട്ട് മത്സര രംഗത്തേക്ക് തിരിച്ചു വന്നത്. മുമ്പ് വിനേഷ് വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് സ്ഥിരമായി മത്സരിച്ചിരുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഉൾപ്പെടെ 53 കിലോ വിഭാഗത്തിലായിരുന്നു വിനേഷിന്റെ പോരാട്ടം. എന്നാൽ ഇത്തവണ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനായിരുന്നു അവരുടെ തീരുമാനം.
ഇതോടെയാണ് ഭാരം നിലനിർത്തുന്നതിൽ താരത്തിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ടിൽ ഉൾപ്പെടെ വിനേഷ് ഫോഗട്ട് സമാനമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ഒടുവിൽ അവസാന നിമിഷം കടന്നുകൂടുകയായിരുന്നു. എന്നാൽ ഈ പരിചയമൊന്നും ഒളിമ്പിക്‌സ് ഫൈനലിൽ താരത്തിന് ഗുണമായില്ല.












Click it and Unblock the Notifications