ശ്രേയസിനെ എന്തിന് പുറത്താക്കി? രോഹിത്തിന്റെ വാക്ക് കേട്ടത് അബദ്ധമായി; ഗവാസ്‌കറുടെ പ്രതികരണം ഇങ്ങനെ
മുംബൈ: ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫി കളിക്കാത്തതിന് പിന്നാലെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് നീക്കിയതില്‍ വന്‍ വിവാദം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അടക്കം ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇഷാന്‍ കിഷനെ പോലെ കളിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, പരുക്കുണ്ടെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കെകെആര്‍ മാനേജ്‌മെന്റ് പറയുന്നു.
സെമി ഫൈനലില്‍ ശ്രേയസ് കളിക്കുന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ ഒരു താരത്തെ ടീമില്‍ നിന്ന് മാറ്റുന്നതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. രോഹിത് ശര്‍മയുടെ വാക്കുകേട്ട് ബിസിസിഐ എടുത്ത് ചാടി കാര്യങ്ങള്‍ തീരുമാനിച്ചുവെന്നാണ് പല മുന്‍ താരങ്ങളുടെയും വിലയിരുത്തല്‍.

ശ്രേയസ് അയ്യര്‍ക്കെതിരെയുള്ള ബിസിസിഐ നടപടിയെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും തള്ളി. ശ്രേയസ് അയ്യറെ അദ്ദേഹം ശക്തമായി തന്നെ പിന്തുണച്ചു. 2023 ഏകദിന ലോകകപ്പില്‍ 530 റണ്‍സടിച്ച ശ്രേയസിന്റെ പ്രകടനം അദ്ദേഹം എടുത്ത് കാണിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റ് പരമ്പരയും, ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ശ്രേയസ് കളിച്ചിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കന്‍ പരമ്പര തുടങ്ങുന്നതിന് മുമ്പ് ആന്ധ്രപ്രദേശിനെതിരായ രഞ്ജി മത്സരത്തില്‍ മുംബൈക്ക് വേണ്ടി ശ്രേയസ് കളിച്ചിരുന്നുവെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ സെമി ഫൈനലിലും ശ്രേയസ് കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇഷാന്‍ കിഷന്‍ എന്തുകൊണ്ട് ജാര്‍ഖണ്ഡിന് വേണ്ടി കളിച്ചില്ല എന്നത് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരം ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ശ്രേയസ് രഞ്ജി കളിച്ചിരുന്നു. അതുകൊണ്ട് രഞ്ജി ട്രോഫി കളിക്കാന്‍ ശ്രേയസ് വിസമ്മതിച്ചുവെന്ന ബിസിസിഐ വാദത്തില്‍ കഴമ്പില്ല.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രേയസ് കളിച്ചില്ല. പക്ഷേ പരുക്ക് കാരണം മൂന്നാം ടെസ്റ്റില്‍ തനിക്ക് കളിക്കാനാവില്ലെന്ന് ശ്രേയസ് ടീം മാനേജ്‌മെന്റിനെ അറിയിച്ച സമയമാണിത്. കുറച്ച് കാലമായി പരുക്ക് താരത്തെ അലട്ടുന്നുണ്ട്. എന്നാല്‍ എന്‍സിഎ ശ്രേയസിന് കളിക്കുന്നതിന് പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ അയ്യര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്നും ഗവാസ്‌കര്‍ പറയുന്നു.
പരുക്ക് കാരണമുള്ള വേദന വ്യക്തിപരമായ ഒന്നാണ്. അത് ഒരു പരിശീലകനും കണക്കുകൂട്ടാനാവില്ലെന്നും ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു. എന്‍സിഎയുടെ വിലയിരുത്തലും, ബിസിസിഐ നടപടിയും പൂര്‍ണമായും തെറ്റാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ പറഞ്ഞിരിക്കുകയാണ് അദ്ദേഹം. നേരത്തെ മുംബൈ ടീം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ശ്രേയസിനെ പിന്തുണച്ചിരുന്നു.
അദ്ദേഹം മികച്ച പ്രകടനവുമായി തിരിച്ചുവരുമെന്നും, പ്രത്യേക ഉപദേശങ്ങള്‍ താരത്തിന് ആവശ്യമില്ലെന്നും രഹാനെ പറഞ്ഞു. കെകെആര്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും ശ്രേയസ് തിരിച്ചുവരുമെന്ന് പറഞ്ഞു. താരത്തിന് മുമ്പ് പരുക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കാര്യങ്ങളൊന്നും അവനെ ബാധിക്കില്ല. മൂന്ന് ഫോര്‍മാറ്റിലും ഗംഭീരമായി കളിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കുമെന്നും പണ്ഡിറ്റ് പറഞ്ഞു.












Click it and Unblock the Notifications