'ഇന്‍സള്‍ട്ട് ചെയ്യുകയല്ല, പക്ഷെ പാകിസ്ഥാന്‍ ഇന്നും തോല്‍ക്കും'; പ്രവചനവുമായി റായ്ഡു
ന്യൂയോര്‍ക്ക്: ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ കാനഡയോട് തോല്‍ക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. പാകിസ്ഥാനെ വില കുറച്ച് കാണുകയല്ല എന്നും എന്നാല്‍ നിലവിലെ പാകിസ്ഥാന്റെ ഫോം അനുസരിച്ച് അവര്‍ ഇന്നും തോല്‍ക്കാനാണ് സാധ്യത എന്നും അമ്പാട്ടി റായ്ഡു പറഞ്ഞു. നിലവിലെ പ്രകടനം നോക്കുമ്പോള്‍ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയുന്ന ടീമാണ് പാകിസ്ഥാന്‍ എന്നും റായ്ഡു കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതല്ല. എന്നിരുന്നാലും, അവര്‍ ഇപ്പോള്‍ കളിക്കുന്ന രീതിയില്‍, ഏത് ടീമും അവര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കും,' അദ്ദേഹം പ്രതികരിച്ചു. പാകിസ്ഥാന്റെ ബാറ്റിംഗ് നിര ആക്രമണാത്മകമായി കളിക്കുന്നില്ല എന്നും റായ്ഡു കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ ഏറ്റവും വലിയ ആശങ്ക ബാറ്റിംഗാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അവര്‍ക്ക് ബാറ്റിംഗില്‍ വ്യക്തത കുറവുണ്ടെന്ന് എനിക്ക് തോന്നുന്നു. അവര്‍ പരിഭ്രാന്തരാകുകയാണ്. അവര്‍ ബൗണ്ടറികള്‍ക്കും സിക്സറുകള്‍ക്കും സിംഗിള്‍സിനും വേണ്ടി അലയുകയാണ്,' റായ്ഡു പറഞ്ഞു. കനേഡിയന്‍ സീം ജോഡികളായ ജെറമി ഗോര്‍ഡനും ഡിലോണ്‍ ഹെയ്ലിഗറും പാകിസ്ഥാന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുമെന്നും റായ്ഡു പറഞ്ഞു. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ആ ബൗളിംഗ് നിരക്കെതിരെ മറുപടിയില്ല.
കാരണം അവര്‍ കട്ടും പുള്ളും കളിക്കുന്നില്ല എന്നും റായ്ഡു ചൂണ്ടിക്കാട്ടി. അതേസമയം മുന്‍ താരം പിയൂഷ് ചൗള പാകിസ്ഥാനാണ് മുന്‍തൂക്കം നല്‍കുന്നത്. ഇത്രയും കാലമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിനാലും കാനഡ പുതുമുഖങ്ങളായതിനാലും പാകിസ്ഥാനെയാണ് താന്‍ തിരഞ്ഞെടുക്കുന്നത് എന്ന് ചൗള പറഞ്ഞു. ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാന്‍ അമേരിക്കയോടും ഇന്ത്യയോടും തോറ്റിരുന്നു.
സൂപ്പര്‍ 8 യോഗ്യതാ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ പാകിസ്ഥാന് ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് ഗെയിമുകളില്‍ കാനഡയെയും അയര്‍ലന്‍ഡിനെയും പരാജയപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല മറ്റ് ടീമുകളുടെ ജയപരാജയങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പാകിസ്ഥാന്റെ ലോകകപ്പിലെ ഭാവി നിലനില്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, അമേരിക്ക, കാനഡ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍.
അതേസമയം തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിനുള്ളില്‍ അസ്വാരസ്യം രൂപപ്പെട്ടിട്ടുണ്ട്. ടീമിനുള്ളില്‍ ഒത്തിണക്കമില്ലെന്നാണ് മുന്‍താരങ്ങള്‍ ആരോപിക്കുന്നത്. ബാബര്‍ അസം ക്യാപ്റ്റന്‍സി ഒഴിയണം എന്നാവശ്യപ്പെട്ട് ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications